അടൂർ: കോട്ടയത്തെ കെവിനെ തട്ടിക്കൊണ്ട് പോയി കൊലപെടുത്തിയതിന് പിന്നാലെ അടൂരിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിലെ മുഴുവൻ പ്രതികളും പിടിയിലായി. ആദിക്കാട്ടുകുളങ്ങര സ്വദേശികളായ, ഹാഷിം, ആഷിഖ്, പറക്കോട് കണ്ണംകോട് സ്വദേശി ഷമീർ എന്നിവരാണ് അടൂർ പൊലീസിന്റെ പിടിയിലായത്. ആഷിക്ക് എസ്.ഡി.പി.ഐയുടെ ഡിവിഷണൽ ഭാരവാഹിയും മറ്റുള്ളവർ സജീവ പ്രവർത്തകരുമാണ്. കഞ്ചാവ് കടത്തലിന് റിമാൻഡിലായിരുന്ന ആഷിഖ് ദിവസങ്ങൾക്ക് മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.

ഹാഷിമിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർത്തിയാണ് യുവാവിനെ ഇവർ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് അവശനാക്കിയതെന്നായിരുന്നു ആദ്യം പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ വിശദമായ പൊലീസ് അന്വേഷണത്തിൽ ഇത് കളവാണെന്നും വിവാഹ മോചനത്തിന്റെ കേസ് പത്തനംതിട്ട കുടുംബകോടതിയിൽ നടന്ന് വരുന്നതിനാൽ, നഷ്ടപരിഹാരം ഒഴിവാക്കാനായി യുവാവുമായി ബന്ധമുണ്ടെന്ന ആരോപണം സാധൂകരിക്കാനായി കൃത്രിമ തെളിവ് സൃഷ്ടിക്കൽ ആയിരുന്നു സംഘത്തിന്റെ ഉദ്ദേശം എന്നും വ്യക്തമായി.

ഇന്നലെ രാത്രി യുവാവിനെ തട്ടിക്കൊണ്ട് പോയ ശേഷം,ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മർദ്ദിച്ച് അവശനാക്കുകയും,ഭീഷണപെടുത്തി ഹാഹിമിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന തരത്തിൽ വീഡിയോ പകർത്തിയതായും പൊലീസ് പറയുന്നു .തുടർന്ന് യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

പൊലീസ് അന്വേഷണത്തിൽ ഹാഷിമിന്റെ ഭാര്യയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമായി.കുടുംബപ്രശ്‌നങ്ങളും ഇയാളുടെ ദുർന്നടപ്പും കാരണം ഭാര്യ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരുന്നു.അടുത്ത മാസം ഈ കേസിൽ വാദം തുടങ്ങാനിരിക്കെ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ച് ജീവനാംശം നൽകുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു പ്രതികൾ കൃത്യം നടത്തിയതെന്ന് അടൂർ പൊലീസ് പറയുന്നു.യുവതി ഇത് വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പുകൾ അടക്കമുള്ള തെളിവുകളും പൊലീസിനെ ഏൽപ്പിച്ചിട്ടുണ്ട്.

പ്രദേശത്ത് നിരന്തരം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സംഘത്തിലെ അംഗങ്ങളും അടൂർ മേഖലയിലെ കഞ്ചാവ് വിൽപ്പനയുടെ മൊത്തവിതരണക്കാരുമാണ് പ്രതികൾ പലരും.അടുത്തിടെ ഒരു വീടും വാഹനങ്ങളും കത്തിച്ച കേസ്സിലും ഇവർ പ്രതികളാണ്.ഹാഷിമിന്റെ ഭാര്യ നൽകിയ മൊഴി പ്രകാരം ഇവർ മുൻപ് നടത്തിയിരുന്ന പല പ്രവർത്തനങ്ങളെ കുറിച്ചുമുള്ള വിശദവിവരങ്ങൾ പൊലീസിന് ലഭ്യമായിട്ടുണ്ട്.മുൻപ് മുബീൻ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനെ ഹാഷിമിന്റെ നേതൃത്ത്വത്തിലുള്ള സംഘം വീട്ടിൽ കയറി വെട്ടിയിരുന്നു.

തുടർന്ന് കൗണ്ടർ കേസ് നൽകാനായി ഹാഷിം ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മുബീന്റെ നേതൃത്ത്വത്തിലുള്ള സംഘം വീട്ടിൽ കയറി ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു എന്ന് വരുത്തി തീർത്തു.കള്ളക്കേസ് നൽകാനായി,നിസ്സാര മുറിവേ ഉണ്ടാകൂ എന്ന് ഭാര്യയെ ധരിപ്പിച്ച ശേഷം വാളുപയോഗിച്ച് വെട്ടിയതിനെ തുടർന്ന് ഭാര്യയുടെ കൈയിൽ ഉണ്ടായ മുറിവിൽ18 തുന്നലുകൾ വേണ്ടി വന്നിരുന്നു.ഈ കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം നിരവധി ചെറുപ്പക്കാർ പ്രതിയാവുകയും ചെയ്തു.

ഈ സംഭവത്തിന്റെ നിജസ്ഥിതി ഹാഷിമിന്റെ ഭാര്യ ഇന്ന് അടൂർ പൊലീസിനെ അറിയിക്കുകയും പൊലീസ് മൊഴി എടുക്കുകയും ചെയ്തിട്ടുണ്ട്.പ്രദേശത്തെ സാമൂഹികവിരുദ്ധ സംഘത്തിലെ കണ്ണികളും കഞ്ചാവ് മാഫിയാ അംഗങ്ങളും എസ്.ഡി.പി.ഐ പ്രവർത്തകരുമാണ് പ്രതികൾ എല്ലാവരും.ഹാഷിം,ആഷിക്ക് എന്നിവർക്ക് മേൽ കാപ്പ ചുമത്തിയിട്ടുമുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.