- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർജറി കഴിഞ്ഞ് കലയെ കാണിച്ചത് ഭർത്താവിനെ മാത്രം; ആദ്യം അറിയിച്ചത് ആരോഗ്യനില കുഴപ്പമില്ലെന്ന്; പിന്നാലെ ഹൃദയസ്തംഭനമെന്ന് അറിയിപ്പ്; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ; വില്ലേജ് ഓഫീസറുടെ മരണത്തിൽ കേസെടുത്ത് പൊലീസ്; വിയോഗം വിശ്വസിക്കാനാകാതെ നാട്ടുകാർ
അടൂർ: അടൂരിലെ സ്വകാര്യ ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫീസർ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. അടൂർ വില്ലേജ് ഓഫീസർ കലയപുരം വാഴോട്ടുവീട്ടിൽ എസ്. കല(49)യാണ് മരിച്ചത്. ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച് അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് കേസെടുത്തത്.
വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ കല ശസ്ത്രക്രിയക്ക് വിധേയയായത്. തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി. ഇതിനു ശേഷം വൈകിട്ട് കലയുടെ ഭർത്താവ് ജയകുമാറിനെ ഒരു തവണ മാത്രം കാണിച്ചു. അപ്പോൾ കലയ്ക്ക് ബോധമുണ്ടായിരുന്നില്ല. പിന്നീട് കലയെ ബന്ധുക്കളെ ആരേയും കാണിച്ചിരുന്നില്ല.
വെള്ളിയാഴ്ച രാത്രിയിൽ കലയ്ക്ക് അസ്വസ്ഥതകൾ ഉണ്ടായതായി ആശുപത്രി അധികൃതർ ശനിയാഴ്ച പുലർച്ചെ ജയകുമാറിനോട് പറഞ്ഞു. ഡോക്ടർ പരിശോധന നടത്തിയെന്നും ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നും അറിയിച്ചു.
എന്നാൽ 5.30-ന് കലയ്ക്ക് ഹൃദയസ്തംഭനമുണ്ടായെന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വിവരം അറിയിച്ചുവെന്നും അവിടെ നിന്നും മെഡിക്കൽ സംഘം ഉൾപ്പെടുന്ന ഐ.സി.യു ആംംബുലൻസ് വരുമെന്നും അവിടേക്ക് മാറ്റണമെന്നും അറിയിച്ചു. രണ്ടു മണിക്കൂറിനു ശേഷവും വാഹനം എത്താതായതോടെ ബന്ധുക്കൾ ആശുപത്രി അധികൃതരുമായി വീണ്ടും ബന്ധപ്പെട്ടു.
തുടർന്ന് സമീപത്തുള്ള സാധാരണ ആംബുലൻസാണ് എത്തിയത്. ബന്ധുക്കളുടെ നിർബന്ധപ്രകാരം അശുപത്രിയിൽ നിന്നും ഒരു ഡോക്ടറും നഴ്സും കൂടി കൊല്ലത്തെ ആശുപത്രിയിലേക്ക് കലയ്ക്കൊപ്പം പോയി. ശനിയാഴ്ച രാവിലെ 10.30-ന് വില്ലേജ് ഓഫീസർ മരണപ്പെട്ടതായി കൊല്ലത്തെ സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞതായി ബന്ധു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ വൈകിയതടക്കം അധികൃതരുടെ അലംഭാവം ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ രംഗത്തെത്തിയത്. ചികിത്സയുടെ വിവരങ്ങൾ ബന്ധുക്കളെ കൃത്യമായി അറിയിക്കാതെ മറച്ചുവച്ചെന്നും ആക്ഷപമുണ്ട്.
എന്നാൽ ശസ്ത്രക്രിയയിലെ പിഴവല്ല മരണകാരണമെന്നാണ് അടൂരിലെ സ്വകാര്യ ആശുപത്രി അധികൃതർ പറയുന്നത്. ഇടയ്ക്കുവെച്ചുണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിന് ഇടയാക്കിയതെന്നും വില്ലേജ് ഓഫീസറെ വിദഗ്ദ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള സഹായം ചെയ്തെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ജനിച്ചതും വളർന്നതും അടൂർ ചേന്നംപള്ളി മലമേക്കരയിലായതിനാൽ ധാരാളം സുഹൃത്തുക്കൾ കലയ്ക്ക് അടൂരിലുണ്ടായിരുന്നു. അടൂരിന്റെ 'വില്ലേജമ്മ' എന്നാണ് സുഹൃത്തുക്കൾ കലയെ വിളിച്ചിരുന്നത്.ചെന്നീർക്കര വില്ലേജ് ഓഫീസർ ആയിരിക്കുമ്പോൾ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയിരുന്നു.
വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസിലെത്തുന്ന നാട്ടുകാരെ സഹായിക്കാൻ ഒരു മടിയും കാട്ടാത്ത വ്യക്തിയായിരുന്നു. അടുപ്പമുള്ളവർ 'വില്ലേജമ്മ' എന്ന് വിളിച്ചിരുന്ന കലയുടെ വിയോഗം വിശ്വസിക്കാൻ നാട്ടുകാർക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
പ്രളയ സമയത്ത് രാവും പകലും ആളുകൾക്ക് ഭക്ഷണം, വസ്ത്രം, താമസ സൗകര്യം എന്നിവ ഒരുക്കുന്നതിന് മുൻപന്തിയിൽ നിന്നു. വില്ലേജിൽ എത്തുന്നവരെ സഹായിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത പ്രകൃതമായിരുന്നുവെന്നും സഹപ്രവർത്തകർ പറയുന്നു. ഡെപ്യൂട്ടി തഹസിൽദാർ പദവിയിലേക്ക് സ്ഥാന കയറ്റം ലഭിക്കാനിരിക്കെയാണ് കലയുടെ വിയോഗം. ഭർത്താവിനും മക്കൾക്കുമൊപ്പം കലയപുരത്തായിരുന്നു താമസം. കലയുടെ മക്കൾ: ഐശ്വര്യ(മീനു), അക്ഷയ്(കണ്ണൻ).
മറുനാടന് മലയാളി ബ്യൂറോ