- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആ ഇല്ലീഗൽ ചൈൽഡിനെ സംരക്ഷിക്കേണ്ട ബാധ്യത ഞങ്ങൾക്കില്ലെന്ന് വീമ്പു പറഞ്ഞ 'അപ്പൂപ്പൻ'; ദുരഭിമാനം പതഞ്ഞു പൊങ്ങിയ 'മാർക്ക് തട്ടിപ്പിലെ' വില്ലൻ; എന്തു വന്നാലും ഞാൻ ജയിലിൽ പോകില്ലെന്ന 'കുറുപ്പ്' ഡയലോഗ് ഓർമ്മിപ്പിക്കും വിധം കരുതലുമായി സർക്കാരും; ജയചന്ദ്രൻ വിലസുമ്പോൾ
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ നേരിട്ട് പങ്കെടുത്ത് ഈ ഇല്ലീഗൽ കുട്ടിയെ ഞങ്ങൾ എന്തിന് സംരക്ഷിക്കണമെന്ന് ചോദിച്ച കമ്യൂണിസ്റ്റ് വിപ്ലവ നേതാവാണ് പേരൂർക്കടയിലെ ജയചന്ദ്രൻ. ജ്യുഡീഷ്യൽ സംവിധാനത്തിലൂടെ കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്ന് ചാനൽ ചർച്ചയിൽ വീരവാദം പറഞ്ഞ ക്രിമിനൽ. സ്വന്തം അമ്മ കൂടി പങ്കെടുത്ത ചർച്ചയിൽ സ്വന്തം മകളുടെ മകനെ ഇല്ലീഗൽ എന്ന് വിളിച്ച ജയചന്ദ്രനെ പൊലീസ് വെറുതെ വിടുകയാണ്. പക്ഷേ ഈ വീരവാദം പറഞ്ഞ പേരൂർക്കടയിലെ ആ അപ്പൂപ്പൻ തോറ്റു. അതും അമ്മുയടെ പോരാട്ടത്തിന് മുന്നിൽ. ഒരു വർഷത്തിന് ശേഷം പ്രസവിച്ച കുട്ടിയെ അനുപമാ എസ് ചന്ദ്രൻ കാണുമ്പോൾ തകർന്നത് രാഷ്ട്രീയ ഹുങ്കിന്റെ പുറത്ത് എന്തുമാകാമെന്ന് കരുതിയ ജയചന്ദ്രനാണ്. എന്തുവന്നാലും ഞാൻ ജയിലിൽ പോകില്ലെന്ന 'കുറുപ്പ്' സിനിമയിലെ ഡയലോഗിനെ സ്മരിക്കും വിധം പൊലീസും സർക്കാരും ജയചന്ദ്രനെ ചെറിയ വകുപ്പുകൾ ഇട്ട് കേസ് ചാർജ് ചെയ്ത് ജയിൽ വാസത്തിൽ നിന്ന് രക്ഷപ്പെടുത്തി.
പഠനകാലത്തെ മാർക്ക് തട്ടിപ്പ വിവാദത്തിലും പേരൂർക്കട സദാശിവൻ എന്ന അച്ഛന്റെ കരുത്തിൽ ജയചന്ദ്രൻ അഴിക്കുള്ളിൽ കിടന്നിരുന്നില്ല. ഈ ധൈര്യത്തിൽ കളിച്ച കളികളെയാണ് അമ്മയുടെ പോരാട്ടം തകർത്തത്. 'ജനിച്ചപ്പോൾ അവനെ കണ്ടൊരു ഓർമ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഇനിയൊന്നു കാണാനെങ്കിലും കഴിയുമോ എന്ന ഭയമായിരുന്നു ഇതുവരെ. ഒരു വർഷത്തിനു ശേഷം അവനെ കണ്ടപ്പോൾ സങ്കടം അടക്കാനായില്ല. ഞാൻ കുഞ്ഞായിരുന്നപ്പോഴുള്ള ഒരു ഫോട്ടോയുണ്ട്. അന്നത്തെ എന്റെ രൂപത്തിന്റെ പകർപ്പു തന്നെയാണു മോൻ. എല്ലാവരും അതു തന്നെ പറഞ്ഞു' ദത്തുവിവാദത്തിനൊടുവിൽ സ്വന്തം കുഞ്ഞിനെ കണ്ട അനുഭവം പറയുമ്പോൾ അനുപമയുടെ കണ്ണ് നിറഞ്ഞു. സ്വന്തം അച്ഛന്റെ ചതിയിൽ നഷ്ടപ്പെട്ട സ്വന്തം കുട്ടിയെ തിരിച്ചു പിടിക്കുകയാണ് അവർ.
'നിർമല ശിശുഭവനിലെ മുറിയിലേക്കു ഞങ്ങൾ ചെന്നപ്പോൾ ആയയാണ് അവനെ എടുത്തുകൊണ്ടു വന്നത്. ഉറക്കം വന്നിരിക്കുകയായിരുന്നു. മുഖം കഴുകിയാണു കൊണ്ടുവന്നത്. ക്ഷീണമൊന്നുമില്ല, നന്നായിരിക്കുന്നു. പക്ഷേ ഉറക്കം വരുന്നതിന്റെ കരച്ചിലിലായിരുന്നു. അല്ലാത്തപ്പോൾ നല്ല സന്തോഷത്തിലാണെന്നും നിർബന്ധമൊന്നുമില്ലെന്നും എല്ലാവരോടും വേഗം ഇണങ്ങിയെന്നും സിസ്റ്റർമാരും ആയമാരും പറഞ്ഞു. ഞാനും അജിത്തേട്ടനും എടുത്തപ്പോഴും കരച്ചിൽ തന്നെയായിരുന്നു. അമ്മയാണെന്നൊക്കെ പറഞ്ഞപ്പോൾ മുഖത്തു നോക്കി. അജിത്തേട്ടൻ മോനെ ആദ്യമായി കാണുകയായിരുന്നു. ഒരാൾ എടുക്കുമ്പോൾ കരഞ്ഞുകൊണ്ട് അടുത്ത ആളുടെ നേർക്കു കൈ നീട്ടും. അവിടൊരു മുയലിന്റെ പാവയുണ്ട്. അതെടുത്ത് തലയിൽ മുട്ടിച്ചു കളിക്കുന്നത് അവനിഷ്ടമാണെന്നു സിസ്റ്റർ പറഞ്ഞു. ഞാൻ അതുപോലെ ചെയ്തപ്പോൾ കരച്ചിൽ നിർത്തി അൽപനേരം നോക്കിയിരുന്നു. പിന്നെ വീണ്ടും കരച്ചിലായി. പിന്നീടു പെട്ടെന്ന് ഉറക്കത്തിലാവുകയും ചെയ്തു. അപ്പോഴാണു തിരികെ പോന്നത്. വിട്ടുപോരാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല. വേറെ നിവൃത്തിയില്ലല്ലോ. കണ്ണീരോടെയേ അവിടെ നിന്നിറങ്ങാനായുള്ളൂ. എത്രയും വേഗം അവനെ ഞങ്ങൾക്കു കിട്ടുമെന്നാണു പ്രതീക്ഷ' അനുപമയുടെ ഈ മറുപടി കുട്ടിയെ ഇല്ലീഗൽ എന്നു വിളിച്ച ജയചന്ദ്രനുള്ള മറുപടിയാണ്.
തൈക്കാട് ശിശുക്ഷേമ സമിതിക്കു മുന്നിലെ സത്യഗ്രഹ പന്തലിൽ അനുപമയും ഒപ്പമുള്ളവരും ഇന്നലെ രാവിലെ മുതൽ ഡിഎൻഎ പരിശോധനാ ഫലത്തിന്റെ ആകാംക്ഷയിലായിരുന്നു. ഒന്നരയോടെയാണു പരിശോധന ഫലം പോസിറ്റീവാണെന്ന സൂചന ലഭിക്കുന്നത്. മൂന്നോടെ പരിശോധന റിപ്പോർട്ട് സിഡബ്ല്യുസിക്കു കൈമാറിയ വാർത്ത പുറത്തു വന്നു. അടുത്ത കടയിൽനിന്നു വാങ്ങിയ മിഠായി നിറചിരിയോടെ അനുപമ അജിത്തിനും ഒപ്പമുള്ളവർക്കും വിതരണം ചെയ്തു. നിയമസഭയിൽ അനുപമയ്ക്കു നീതി കിട്ടണമെന്നു വാദിച്ച കെ.കെ.രമ എംഎൽഎയും സന്തോഷം പങ്കിടാനെത്തി. ഈ സമയം ജയചന്ദ്രന്റെ വീട്ടിൽ പൊട്ടിക്കരച്ചിലായിരുന്നു. ഇല്ലീഗൽ ചൈൽഡിന് അമ്മയെ കിട്ടിയ വേദന. ബാലനീതി വകുപ്പ് പ്രകാരം ജയചന്ദ്രനും കുടുംബത്തിനും എതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.
അമ്മ അറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ തിരികെ ലഭിക്കാനായി അനുപമ നടത്തിയ പോരാട്ടം ഫലപ്രാപ്തിയിലേക്ക് എത്തിയത് ഇന്നലെയാണ്. കുഞ്ഞിന്റെ ഡി എൻ എ ഫലം പുറത്തുവന്നതോടെ യഥാർത്ഥ അമ്മക്കും അച്ഛനും കുഞ്ഞിനെ തിരികെ കിട്ടുമെന്ന് ഉറപ്പായി. ഇനി അറിയാനുള്ളത് കാത്തിരിപ്പ് എത്ര നീളുമെന്നാണ്. ഒരു പക്ഷേ ഇന്ന് തന്നെ കാത്തിരിപ്പ് അവസാനിച്ചേക്കുമെന്നാണ് സൂചന. വിവാദ ദത്തുകേസിൽ കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞത് സിഡബ്ള്യുസി ഇന്ന് കോടതിയെ അറിയിക്കും. കോടതി നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ് കുട്ടി അമ്മയുടെ സ്വന്തമാകുക എപ്പോഴാകും എന്നതുമാത്രമാകും പിന്നെ അറിയാനുണ്ടാകുക. അന്താരാഷ്ട്രാ തലത്തിൽ വരെ ചർച്ചയായ അനുപമയുടെ കുഞ്ഞിന് വേണ്ടിയുള്ള സമരം കോടതി നടപടികൾക്ക് ശേഷമാകും ഫലപ്രാപ്തിയിലെത്തുക.
തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി ഇന്ന് ഡി എൻ എ പരിശോധന ഫലമടക്കമുള്ള റിപ്പോർട്ട് സമർപ്പിക്കുക. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിതിന്റേതുമാണെന്നുമുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്. ഫലം വന്നതിന് പിന്നാലെ അനുപമയും അജിത്ത് നിർമ്മലാ ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടു. ഉടൻ കുഞ്ഞിനെ തിരികെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു അനുപമയുടെ ആദ്യ പ്രതികരണം. ഒരു വർഷത്തെയും ഒരുമാസത്തെയും ഒരു ദിവസത്തെയും വേർപിരിയലിനൊടുവിലായിരുന്നു അമ്മയും അച്ഛനും കുഞ്ഞിനെ കണ്ടത്. അപ്പോഴും കുട്ടിയെ അമ്മയിൽ നിന്ന് വേർപിരിയിച്ച ക്രിമിനൽ ജയചന്ദ്രൻ പുറത്ത് വിലസുകയാണ്. കുഞ്ഞിന്റെ യഥാർത്ഥ അച്ഛനെയും അമ്മയെയും തിരിച്ചറിഞ്ഞതോടെ ഇനി വെറും സാങ്കേതിക നടപടിക ക്രമങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സിഡബ്ള്യൂസി കോടതിയിൽ നൽകിയ ഫ്രീ ഫോർ അഡോപ്ക്ഷൻ ഡിക്ളറേഷൻ സർട്ടിഫിക്കറ്റ് ഇനി റദ്ദാക്കും.
സി ഡബ്ള്യൂസിക്ക് തന്നെ കുഞ്ഞിനെ അനുപമക്ക് വേണമെങ്കിൽ കൈമാറാം. പക്ഷെ വലിയ നിയമക്കരുക്കായ കേസായതിനാൽ കോടതിയുടെ അനുമതിയോടെയാകും നടപടികൾ. ഡിഎൻ ഫലം വരുന്നതിന് മുമ്പ് തന്നെ അനുപമ കുഞ്ഞിന് ഇടാനുള്ള പേര് കണ്ട് വെച്ചിരുന്നു. എയ്ഡൻ അനു അജിത് എന്ന പേരാണ് കരുതിവച്ചിരിക്കുന്നതെന്ന് അച്ഛനും അമ്മയും വ്യക്തമാക്കി. ആന്ധ്രാ ദമ്പതികൾക്ക് കുഞ്ഞിനെ ദത്തുകൊടുക്കാനായി നൽകിയ ഫ്രീ ഫോർ അഡോപ്ഷൻ ഡിക്ലറേഷൻ പിൻവലിക്കുമെന്ന് സി ഡബ്ല്യുസി വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ