തിരുവനന്തപുരം: ഡിഎൻഎ ഫലം പോസിറ്റീവ് ആയതോടെ കുഞ്ഞിനെ കാണാൻ അനുപമയ്ക്ക് അനുമതി ലഭിച്ചു. സിഡബ്ല്യുസിൽ നിന്ന് കുഞ്ഞിനെ കാണാനുള്ള അനുമതി അനുപമയ്ക്ക് നൽകിയത്. സമരപ്പന്തലിൽ നിന്ന് കുഞ്ഞിനെ സംരക്ഷിക്കുന്ന ശിശുഭവനിലേക്ക് പോയാണ് കുഞ്ഞിനെ അനുപമ കാണുക.

പ്രസവിച്ച് മൂന്നു ദിവസത്തിനു ശേഷം തന്നിൽനിന്ന് അകറ്റപ്പെട്ട കുഞ്ഞിനെയാണ് ഒരു വർഷത്തിനു ശേഷം അനുപമയ്ക്ക് കാണാൻ അവസരം ലഭിച്ചിരിക്കുന്നത്. കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് ഉറപ്പിക്കുന്നതിന് നടത്തിയ ഡിഎൻഎ പരിശോധനാഫലം പോസിറ്റീവ് ആയതോടെയാണ് അനുപമയ്ക്ക് കുഞ്ഞിനെ കാണാൻ അനുമതി ലഭിച്ചത്.

'ഒരു വർഷത്തിന് ശേഷമാണ് ഇപ്പോൾ കുഞ്ഞിനെ കാണാൻ പോകുന്നത്. എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല. കുഞ്ഞിനെ കാണുന്നതിനേക്കുറിച്ച് വളരെ ആകാംഷയുണ്ട്. കാണാൻ അനുമതി ലഭിക്കുമെന്ന് കരുതിയില്ല. പറയാൻ പറ്റാത്തത്ര സന്തോഷമുണ്ട്', അനുപമ പ്രതികരിച്ചു.

ദത്ത് നൽകപ്പെട്ട കുഞ്ഞിനെ കോടതി നിർദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് ആന്ധ്രയിൽനിന്ന് കേരളത്തിലെത്തിച്ചത്. തുടർന്ന് കുഞ്ഞിന്റെ ജനിതക സാംപിളുകൾ പരിശോധനയ്ക്കായി ഇന്നലെയാണ് ശേഖരിച്ചത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽനിന്നുള്ള വിദഗ്ധരാണ് കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിർമല ശിശുഭവനിലെത്തി സാംപിളെടുത്തത്. ഉച്ചയ്ക്കുശേഷം അനുപമയും അജിത്തും സാംപിളുകൾ നൽകി. ഇന്ന് ഉച്ചയോടെയാണ് പരിശോധനാ ഫലം വന്നത്.

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസിൽ ഡിഎൻഎ പരിശോധന ഫലം ഔദ്യോഗിമായി ലഭിച്ചിട്ടില്ലെങ്കിലും ഫലം അനുകൂലമായതിൽ ആശ്വാസവും സന്തോഷവുമെന്ന് അനുപമ എസ്. ചന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുവരെ വലിയ പ്രതിസന്ധികളാണ് നേരിട്ടത്. കുഞ്ഞിനെ വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അനുപമ, കേസിൽ ആരോപണ വിധേയരായവർക്കെതിരേ നടപടി എടുക്കുംവരെ സമരം തുടരുമെന്നും പറഞ്ഞു.

'ഫലം ഔദ്യോഗികമായി ലഭിക്കാനായി സിഡബ്യുസിയുമായി ബന്ധപ്പെടും. ഫലം അനുകൂലമായതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. ഒരു വർഷത്തിലധികമായി ഈ വേദന അനുഭവിക്കുകയാണ്. ഫലം വന്നതോടെ വല്ലാത്ത ആശ്വാസമാണ്. കുഞ്ഞിനെ കൈയിലേക്ക് ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. എത്രയും വേഗം കുഞ്ഞിനെ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു' അനുപമ പറഞ്ഞു.

ഡിഎൻഎ പരിശോധനയുടെ ഔദ്യോഗിക ഫലത്തിനായി കാത്തിരിക്കുകയാണ്. കുഞ്ഞിനെ ലഭിക്കാനും ഇതുപോലെ തന്നെ കാത്തിരിക്കുകയാണ്. വലിയ പ്രതിസന്ധികൾ നേരിട്ടാണ് ഇതുവരെ എത്തിയത്. പരിശോധന ഫലത്തിൽ അട്ടിമറി നടന്നേക്കുമെന്ന് ഭയമുണ്ടായിരുന്നു. അതിന് കാരണം ഇവരിൽനിന്നൊക്കെ ഉണ്ടായ അനുഭവങ്ങളാണ്. സാധാരണ ഒരുമിച്ച് എടുക്കുന്ന സാമ്പിൾ വ്യത്യസ്തമായി എടുത്തപ്പോൾ ഭയം കൂടി. എന്നാൽ ഫലം അനുകൂലമായതിൽ സമാധാനമുണ്ട്, സന്തോഷമുണ്ട്.

ഫലം വന്നെങ്കിലും സമരം തുടരുമെന്നും അവർ പറഞ്ഞു. ഒരാവശ്യമാണ് കുഞ്ഞ്, മറ്റ് ആവശ്യങ്ങൾ നിലനിൽക്കുകയാണ്. ആരോപണവിധേയരായവരെ പുറത്താക്കി, നിയമനടപടി എടുക്കണമെന്നു തന്നെയാണ് ആവശ്യം. അതുവരെ സമരം തുടരും. കുഞ്ഞിനെ കൈയിൽ കിട്ടുന്നത് വരെ സമര മുറ ഇങ്ങനെ തന്നെ തുടരും. പിന്നീട് സമര മുറ മാറ്റുമെങ്കിലും സമരത്തിൽ നിന്ന് പിന്മാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.