കൊച്ചി: ബാഹുബലി പഴയ പാതാളഭൈരവി എന്ന സിനിമ തന്നെയാണെന്നും ഇതുപോലുള്ള സിനിമകൾ ഉണ്ടാക്കിയാൽ സാംസ്‌കാരികമായി അത് സിനിമയുടെ നാശമാണെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മനോരമ ന്യൂസിന്റെ കോൺക്ലേവ് പരിപാടിക്കിടെയായിരുന്നു ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിച്ച ബാഹുബലിയെപ്പറ്റി അടൂരിന്റെ പ്രതികരണം.

ബാഹുബലി ഇന്ത്യൻ സിനിമക്ക് ഒരു സംഭാവനയും നൽകിയിട്ടില്ലെന്ന് തുറന്നടിച്ച അടൂർ എന്റെ പത്തുരൂപ പോലും ബാഹുബലി പോലെയുള്ള സിനിമ കാണാൻ ഞാൻ ചെലവാക്കില്ലെന്നും വ്യക്തമാക്കി. സ്വന്തം സിനിമയെപ്പറ്റിയും അടൂർ വാചാലനായി.
വലിയ ബജറ്റിലും ചെറിയ ബജറ്റിലുമുള്ളതല്ല എന്റെ സിനിമ. എന്റെ ബജറ്റിനുവേണ്ടിയുള്ള സിനിമയാണ് എന്റേത്. എന്റെ സിനിമയുടെ ബജറ്റ് ഞാൻ നേരത്തെ തയാറാക്കും. അതിനാൽ ഞാൻ റൈറ്റ് ബജറ്റ് സിനിമയാണു ചെയ്യുന്നത്. പണത്തിന്റെ പകിട്ടു കാണിക്കുന്നതിനുള്ള മാർഗമാണു ബജറ്റ് ഉയർത്തിക്കാണിക്കൽ. 10 കോടി ഉണ്ടെങ്കിൽ 10 സിനിമ ചെയ്യാം. നൂറു കോടി ഉണ്ടെങ്കിൽ നൂറു സിനിമ ചെയ്യാം. കഴിവുള്ള സംവിധായകർക്കു ബജറ്റ് കിട്ടാത്ത സാഹചര്യമാണ്. 10 - 15 ലക്ഷം കൊണ്ടു നല്ല സിനിമ നിർമ്മിക്കുന്നവർക്കു തിയറ്റർ കിട്ടുന്നില്ല.- അടൂർ പറഞ്ഞു.

200 തിയറ്ററുണ്ടെങ്കിൽ 199ലും ഒരേ പടമായിരിക്കും. ജനങ്ങൾക്കു കാണാതെ നിർവാഹമില്ല. ഇത്തരം സിനിമകൾ ശേഷിപ്പിക്കുന്ന സംസ്‌കാരം ഇതാണ്. ഇതിന്റെ ഇരകളാകുന്ന സമൂഹത്തെക്കുറിച്ചു എനിക്ക് ആകാംക്ഷയുണ്ട്. എന്റെ പത്തു രൂപ പോലും ഞാൻ ബാഹുബലി പോലുള്ള സിനിമ കാണാൻ ചെലവാക്കില്ല. പഴയ പാതാളഭൈരവി എന്ന സിനിമ തന്നെയാണു ബാഹുബലി. അതിൽ കൂടുതൽ ഒന്നുമില്ല. ബാഹുബലി പോലുള്ള സിനിമകൾ എടുത്താൽ സാംസ്‌കാരികമായി നശിക്കും.- ചർച്ചയ്ക്കിടെ അടൂർ നിലപാട് വ്യക്തമാക്കി.

മലയാളസിനിമയിലെ കോടികളുടെ ബജറ്റ്, കോടികളുടെ കളക്ഷൻ തുടങ്ങിയവയിൽ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് സന്തോഷമില്ല എന്നായിരുന്നു അടൂരിന്റെ മറുപടി. തന്റെ ബജറ്റിന് വേണ്ടിയുള്ള സിനിമയാണ് തന്റേത്. ബജറ്റ് നേരത്തെ തയ്യാറാക്കി റൈറ്റ് ബജറ്റ് സിനിമയാണ് ചെയ്യുന്നതെന്നായിരുന്നു അടൂരിന്റെ പ്രതികരണം. എൻടി രാമറാവു നായകനായി 1951ൽ പുറത്തിറങ്ങിയ തെലുങ്ക് ഫാന്റസി ചിത്രമാണ് 'പാതാളഭൈരവി'. അടൂർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടതിനെതിരെ രൂക്ഷ വിമർശനവും സോഷ്യൽ മീഡിയയിൽ ഉയർന്നുതുടങ്ങി.