കൊച്ചി: ആട് എന്ന സിനിമയുടെ രണ്ടാം ഭാഗം സൂപ്പർ ഹിറ്റാണ്. ചിത്രത്തിലെ നായകകഥാപാത്രമായ ഷാജി പാപ്പനോളം ആരാധകരുള്ള കഥാപാത്രമാണ് വിനായകൻ അവതരിപ്പിക്കുന്ന ഡ്യൂഡ്. ആട് 2ന്റെ ചിത്രീകരണത്തിനിടെ വിനായകന് ഒരു അപകടം സംഭവിച്ചിരുന്നു.

നിർമ്മാതാവ് വിജയ് ബാബു ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ വിനായകനുണ്ടായ ഒരു അപകടം ഒരിക്കലും മറക്കാനാകാത്തതാണെന്ന് വിജയ് ബാബു പറഞ്ഞു. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സൂപ്പർ ഹിറ്റ്.

വിനായകൻ പിന്നിലേക്ക് ജീപ്പിൽ നിന്ന് ബോംബ് എറിയുന്ന രംഗമായിരുന്നു അത്. അത് ചിത്രീകരിക്കുന്നതിനിടെ അപകടമുണ്ടായി. സ്‌ഫോടനത്തിന്റെ ആഘാതം പ്രതീക്ഷിച്ചതിനേക്കാൾ വലുതായിരുന്നു. വളരെ ദൂരെ നിന്നവർക്ക് പോലും ആഘാതം ഏറ്റു. വിനായകന്റെ തലയെല്ലാം ചൂട് ഏറ്റു. പെട്ടന്ന് സെറ്റിലെ എല്ലാവരും ചേർന്ന് വെള്ളമെടുത്ത് അദ്ദേഹത്തിന്റെ തലയിലൊഴിച്ചു.

ആട് ഒന്നാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ ജീപ്പിൽ നിന്ന് വീണ് ഒരാൾക്ക് പരുക്കേറ്റിരുന്നു. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് വിനായകന് അപകടമുണ്ടായത്.