തിരുവനന്തപുരം: രാജ്യത്ത് നിർമ്മിക്കുന്ന പരമ്പരാഗത മരുന്നുകളിൽ ഭൂരിഭാഗവും വ്യാജന്മാരാണെന്നും മിക്കവയിലും യഥാർത്ഥത്തിൽ ചേർക്കേണ്ട ചെടികൾ കിട്ടാതാകുമ്പോൾ അവയ്ക്കു പകരം മറ്റെന്തെങ്കിലും ചെടി ഉപയോഗിച്ച് മരുന്നുണ്ടാക്കി വ്യാപകമായി വിൽക്കുകയാണെന്നും പഠന റിപ്പോർട്ട്. അശോകം ഉപയോഗിച്ച് നിർമ്മിക്കേണ്ട മരുന്നുകൾ കേന്ദ്രീകരിച്ച് ബാംഗഌർ കാർഷിക സർവകലാശാലയുടേയും ബാംഗഌരിലെ അശോക ട്രസ്റ്റിന്റേയും നേതൃത്വത്തിൽ വിദേശ സർവകലാശാലകളുടെ സഹകരണത്തോടെ നടത്തിയ ഗവേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്.

വെള്ളപോക്കിനും മൂത്രസംബന്ധിയായ രോഗങ്ങൾക്കും ആയുർവേദ വിധിപ്രകാരവും പാരമ്പര്യ വൈദ്യന്മാരും നൽകുന്ന മരുന്നുകളിലെ പ്രധാന ചേരുവയാണ് അശോകം. ഇതിനുപുറമെ വേദനസംഹാരിയെന്ന നിലയിലും ബാക്ടീരിയാ രോഗങ്ങൾക്കെതിരെയും തയ്യാറാക്കുന്ന മരുന്നുകളിലും അശോകം ഉപയോഗിക്കാറുണ്ട്. അശോകത്തിന്റെ തൊലിയാണ് മരുന്നുണ്ടാക്കാൻ ഉപയോഗിക്കുന്നത്.

പക്ഷേ, ഇത്തരം മരുന്നുകളുടെ നിരവധി സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ച ഗവേഷക സംഘത്തെതന്നെ ഞെട്ടിക്കുന്ന ഫലമാണ് പുറത്തുവന്നത്. അശോകം ഉപയോഗിച്ച് നിർമ്മിക്കുന്നതായി പറയുന്ന മരുന്നുകളിൽ എൺപതുശതമാനത്തിലും അശോകം തീരെ ഉപയോഗിച്ചിട്ടില്ലെന്നാണ് ഇന്ത്യയിലേയും കാനഡയിലേയും ഗവേഷകർ ഉൾപ്പെട്ട സംഘം കണ്ടെത്തിയത്. കർണാടകം, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിവിധ മരുന്നുകടകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് ഗവേഷണത്തിന്റെ ഭാഗമായി പരിശോധിച്ചത്.

ആദ്യമായാണ് ഇന്ത്യയിൽ ഇത്തരത്തിൽ ഇന്ത്യൻ പരമ്പരാഗത മരുന്നുകളുടെ കാര്യത്തിൽ ശക്തമായൊരു ഗവേഷണം നടക്കുന്നത്. അശോകത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. അശോകത്തിന്റെ തൊലിയിൽനിന്നുള്ള സത്ത് ബന്ധപ്പെട്ട മരുന്നുകളിൽ എത്രത്തോളം ഉപയോഗിച്ചിട്ടുണ്ടെന്ന പരിശോധനകളാണ് നടന്നതെന്ന് ഗവേഷണത്തിൽ പങ്കാളിയായ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് ദ എൻവയോൺമെന്റിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ജി രവികാന്ത് വ്യക്തമാക്കി.

അശോകം ഉപയോഗിക്കുന്ന മരുന്നുകളിൽ 80 ശതമാനവും വ്യാജമാണെന്നാണ് കണ്ടെത്തിയത്. മറ്റു ഔഷധ സസ്യങ്ങളുടെ കാര്യത്തിൽ 20 ശതമാനം മുതൽ നൂറുശതമാനംവരെ വ്യാജന്മാരുണ്ടെന്നും അദ്ദേഹം ഗവേഷണഫലം പ്രസിദ്ധീകരിച്ച ഇന്ത്യൻ സയൻസ് ജേണലിൽ വെളിപ്പെടുത്തി.

അശോകം പല മരുന്നുകളിലും ചേരുവയായതിനാൽ അതിന് വൻ ഡിമാൻഡുണ്ട്. എന്നാൽ ആവശ്യത്തിനനുസരിച്ച് കിട്ടാനുമില്ല. അന്യംനിന്നുപോകുന്ന അവസ്ഥയിലേക്ക് ഇത് എത്തുകയാണെന്ന് അടുത്തിടെ മറ്റൊരു പഠനത്തിലും വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ഇത്തരത്തിൽ വ്യാജമരുന്നുകളിറങ്ങാൻ കാരണമാകുന്നത് ഇക്കാര്യത്തിൽ ഇവിടെ പരിശോധനകളോ പഠനങ്ങളോ ഇല്ലെന്നതാണ്. പരമ്പരാഗത മരുന്നുകളുടെ ഗുണനിലവാരം ഒരിക്കലും പരിശോധിക്കപ്പെടുന്നില്ല - രവികാന്ത് പറയുന്നു. അതേസമയം ഇന്ത്യയിൽ നിന്നെത്തി ഇത്തരം മരുന്നുകളിൽ പലതും വ്യാജമാണെന്ന് വിദേശങ്ങളിലെ പഠനങ്ങളിൽ കണ്ടെത്തിയിട്ടുമുണ്ട്.

വേദനസംഹാരിയായും മറ്റും ഉപയോഗിക്കുന്ന ഒരു മരുന്ന് കഴിച്ചതിലൂടെ നൂറിലേറെ സ്ത്രീകൾക്ക് വൃക്ക തകരാറിലായ സംഭവം അമേരിക്കയിൽ റിപ്പോർട്ടു ചെയ്തിരുന്നു. യഥാർത്ഥ കൂട്ടിനുള്ള ചെടിയുടെ വേര് കിട്ടാതായപ്പോൾ മറ്റൊരു വിഷച്ചെടിയുടെ വേര് പകരം ഉപയോഗിച്ചതാണ് പ്രശ്‌നമായത്. അതുപോലെ കറുവാപ്പട്ടയ്ക്കു പകരം വ്യാജന്മാർ മരുന്നുകളിൽ എത്തിയതിലൂടെ കരൾപ്രശ്‌നങ്ങളും പലയിടത്തും റിപ്പോർട്ടുചെയ്യപ്പെട്ടു. ഇതെല്ലാം തടയാൻ ശക്തമായ ഡിഎൻഎ ബാർകോഡിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും മരുന്നുകളുടെ ഗുണനിലവാര പരിശോധനയും കർശനമാക്കണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ പരമ്പരാഗത ഔഷധങ്ങൾക്ക് ലോകമെങ്ങും ഡിമാൻഡ് വർധിച്ചുവരുന്ന കാലത്താണ് ഇവയിൽ വലിയൊരു ശതമാനം വ്യാജന്മാരാണെന്ന റിപ്പോർട്ട് വരുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് പ്രതിവർഷം 5000 മെട്രിക് ടൺ ഹെർബൽ ഉൽപ്പന്നങ്ങൾ ഔഷധമായും അല്ലാതെയും ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് വർഷം പത്തുമുതൽ 15 ശതമാനം കണ്ട് വർദ്ധിക്കുന്നുമുണ്ട്. ഈ മാർക്കറ്റ് നഷ്ടപ്പെടാതിരിക്കണമെങ്കിൽ പരമ്പരാഗത ഔഷധ മേഖലയിൽ കൃത്യമായ പരിശോധനയും ഗുണമേന്മാ നിയന്ത്രണവും കൊണ്ടുവരണമെന്ന നിർദേശമാണ് ഉയരുന്നത്.