കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രാസാദ ഊട്ടിൽ അഹിന്ദുക്കളെ കൂടി സഹകരിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയതിനെ വിമർശിച്ച് അഡ്വ.എ.ജയശങ്കർ. ഒരടി മുന്നോട്ട്, മൂന്നടി പിന്നോട്ട് എന്നാണ് സർക്കാർ നിലപാട്. പ്രസാദ ഊട്ടു സംബന്ധിച്ച് അഷ്ടമംഗല്യ പ്രശ്‌നം നടത്താനാണ് ഉദ്ദേശിക്കുന്നത്. ദേവഹിതം അറിയുന്നതു വരെ അഹിന്ദു സഖാക്കൾ ക്ഷമിക്കുമല്ലോയെന്നും ജയശങ്കർ തന്റെ ഫേസ്‌ബുക്ക കുറിപ്പിൽ പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സോറി, എച്ചൂസ് മീ! ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദു സഖാക്കൾക്കു പ്രസാദ ഊട്ടു നടത്താനുള്ള വിപ്ലവകരമായ തീരുമാനം ഞങ്ങൾ 'തൽക്കാലം' പിൻവലിക്കുകയാണ്.

സംസ്ഥാന ദേവസ്വം-സഹകരണ മന്ത്രിയും ഗുരുവായൂരപ്പ ഭക്തനുമായ സഖാവ് കടകംപള്ളി സുരേന്ദ്രന്റെ നിർദേശ പ്രകാരമാണ് പ്രസാദ ഊട്ടിൽ അഹിന്ദുക്കളെക്കൂടി സഹകരിപ്പിക്കാൻ ഭരണസമിതി തീരുമാനിച്ചത്. പാന്റ്‌സും ഷർട്ടും ഷൂസും ധരിച്ചു പ്രസാദമുണ്ണാനും വ്യവസ്ഥയുണ്ടാക്കി.

അപ്പോഴേക്കും തന്ത്രി ഉടക്കി, ബിജെപിക്കാർ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ചു.പ്രശ്‌നം വഷളായി.ഗുരുവായൂർ തന്ത്രിയെ കിന്ത്രി എന്നു വിളിച്ചിട്ടുണ്ട്, മുൻപ് ദേവസ്വം വകുപ്പ് ഭരിച്ച സഖാവ് ജി സുധാകരൻ. എന്നാൽ കടകംപള്ളി അത്ര സാഹസികനല്ല. പുതിയ പരിഷ്‌കാരങ്ങൾ തൽക്കാലം നടപ്പാക്കേണ്ട എന്നു നിർദ്ദേശിച്ചു.

ഒരടി മുന്നോട്ട്, മൂന്നടി പിന്നോട്ട് എന്നാണ് സർക്കാർ നിലപാട്. പ്രസാദ ഊട്ടു സംബന്ധിച്ച് അഷ്ടമംഗല്യ പ്രശ്‌നം നടത്താനാണ് ഉദ്ദേശിക്കുന്നത്. ദേവഹിതം അറിയുന്നതു വരെ അഹിന്ദു സഖാക്കൾ ക്ഷമിക്കുമല്ലോ.