കൊച്ചി: ബിജെപി സമരപന്തലിന് മുന്നിൽ ഇന്നലെ ആത്മഹത്യക്ക് ശ്രമിക്കുകയും വൈകുന്നേരത്തോടെ മരണമടയുകയും ചെയ്ത വേണുഗോപാലൻനായരുടെ മരണമൊഴി പുറത്ത് വന്നിരിക്കുകയാണ്. തനിക്ക് സമൂഹത്തോട് വെറുപ്പാണെന്നും തുടർന്ന് ജീവിക്കാൻ താൽപര്യമില്ലാത്തതിനാൽ അവസാനിപ്പിക്കുന്നുവെന്നുമാണ് മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ മരണ മൊഴി. ആത്മഹത്യ ചെയ്യാൻ തന്നെ ആരും പ്രേരിപ്പിച്ചിട്ടില്ലെന്നും വേണുഗോപാലൻ നായർ പറഞ്ഞു. ഇയാളുടെ മരണത്തിനെ തുടർന്ന് വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ബിജെപി ഉന്നയിച്ചത്. ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താലും നടത്തി. ജീവിത നൈരാശ്യം മൂലമാണ് വേണുഗോപാലൻ നായർ മരിച്ചതെന്ന് പൊലസ് വ്യക്തിമാക്കിയിരിക്കെ, ബിജെപി നടത്തിയ ഹർത്താലിനെ പരിഹസിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സെക്രട്ടേറിയറ്റ് നടയിൽ സമരപ്പന്തലിനരികിൽ ആത്മാഹൂതി ചെയ്തയാളോടുള്ള ആദര സൂചകമായി ഇന്ന് ബിജെപി സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കുന്നു.

മരിച്ചയാൾക്കു രാഷ്ട്രീയമില്ലെന്നും മനോരോഗിയാണെന്നും ജീവിത നൈരാശ്യം നിമിത്തമാണ് ജീവനൊടുക്കിയതെന്നും പൊലീസ് പറയുന്നു. ബന്ധുക്കൾ അത് ആവർത്തിക്കുന്നു. സുപ്രീംകോടതി വിധിയോടും സർക്കാർ നിലപാടിനോടുമുള്ള പ്രതിഷേധ സൂചകമാണ് ആത്മാഹൂതി എന്ന് ബിജെപി ആരോപിക്കുന്നു. ഇനി അഥവാ ജീവിതനൈരാശ്യം ഉണ്ടായെങ്കിൽ തന്നെ അത് ശബരിമലയുമായി ബന്ധപ്പെട്ടതാകും.

ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്ന ആറാമത്തെ ഹർത്താലാണിത്. മൂന്നെണ്ണം ജില്ലാതല ഹർത്താൽ; ഇതടക്കം മൂന്നെണ്ണം സംസ്ഥാന ഹർത്താൽ. ശബരിമല ക്ഷേത്രത്തിന്റെ പ്രശസ്തിയും ബിജെപിയുടെ സമര പാരമ്പര്യവും പരിഗണിക്കുമ്പോൾ വരുന്ന മകരവിളക്കിനു മുമ്പ് എട്ടോ ഒമ്പതോ ഹർത്താലിനു കൂടി സ്‌കോപ്പുണ്ട്.

കേരളത്തിന്റെ ദേശീയാഘോഷം ഹർത്താലാണ്. എങ്കിലും മോഹൻലാലിന്റെ 'ഒടിയൻ' സിനിമ റിലീസാകുന്ന ദിവസം ഹർത്താൽ പ്രഖ്യാപിച്ചത് ശരിയല്ല. പ്രത്യേകിച്ചും ലാലേട്ടൻ തിരുവനന്തപുരത്തു മത്സരിക്കും എന്ന് ശ്രുതിയുള്ള സാഹചര്യത്തിൽ. ശ്രീധരൻ പിള്ളയദ്ദേഹത്തോട് ലാലേട്ടൻ ക്ഷമിച്ചാലും അയ്യപ്പ സ്വാമി പൊറുക്കില്ല.