കാര്യമായ മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയ നോട്ടുനിരോധനവും ജി.എസ്.ടിയും രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാക്കിയെന്ന് ബിജെപി നേതാവ് യശ്വന്ത് സിൻഹ പറയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ.ജയശങ്കർ. ഒന്നും കാണാതെ സിൻഹ പുഴയിൽ ചാടില്ലെന്നും കോൺഗ്രസിലേക്കാവും അടുത്ത ചാട്ടമെന്നുമാണ് അദ്ദേഹം പറയുന്നത്.

ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.അൽഫോൻസ് കണ്ണന്താനത്തെ പോലെ ഐ.എ.എസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ വന്നയാളാണ് യശ്വന്ത്ജി. ആദ്യം ജനതാപാർട്ടിയിൽ ചേർന്നു. പിന്നെ ജനതാദൾ, ചന്ദ്രശേഖറിന്റെ എസ്.ജെ.പി, ഒടുവിൽ ബിജെപി. ചന്ദ്രശേഖറിന്റെയും വാജ്പേയിയുടെയും മന്ത്രിസഭകളിൽ ധനകാര്യ വകുപ്പ് കയ്യാളി. 75വയസ്സു കഴിഞ്ഞതിനാൽ ഇത്തവണ അദ്വാനിക്കും ജോഷിക്കുമൊപ്പം തഴയപ്പെട്ടെന്നും ജയശങ്കർ പറയുന്നു.

യശ്വന്തിന്റെ പ്രതികരണം കോൺഗ്രസുകാരെ സ്വാഭാവികമായും സന്തോഷിപ്പിച്ചു. ചിദംബരമാണ് ഏറ്റവും ആവേശത്തോടെ സിൻഹയെ പിന്തുണച്ചത്. എന്നാൽ ഹസാരിബാഗിൽ നിന്നുള്ള ബിജെപി എംപിയും കേന്ദ്ര വ്യോമയാന സഹമന്ത്രിയും യശ്വന്തിന്റെ മകനുമായ ജയന്ത് സിൻഹ അച്ഛനെ തള്ളിപ്പറഞ്ഞെന്നും സമ്പദ് വ്യവസ്ഥ സുഭദ്രം എന്ന് സർട്ടിഫിക്കറ്റ് കൊടുത്തെന്നും ജയശങ്കർ പറയുന്നു.

വിമർശനം പൊറുക്കാൻ മാത്രം വിശാലഹൃദയനല്ല, നരേന്ദ്ര മോദി, യശ്വന്തിനും മകനും ഇനി അധികകാലം കാവിപ്പാർട്ടിയിൽ തുടരാൻ കഴിയില്ലെന്നും ജയശങ്കർ നിരീക്ഷിക്കുന്നു. എന്നാൽ ഇതെന്നും കാണാതെ സിൻഹ പുഴയിൽ ചാടില്ലെന്നും കോൺഗ്രസിലേക്കാവും അടുത്ത ചാട്ടമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.