കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി സുനിൽകുമാറിന് ശിക്ഷ ലഭിക്കാൻ പാകത്തിലുള്ള ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലന്ന് അഡ്വ. ആളൂർ. ആളൂരുമായി ടെലിഫോണിൽ നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം ചുവടെ.

? പൾസർ സുനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്നും വ്യക്തമായ കാര്യം.
* പ്രാഥമികമായ വിവരശേഖരണം മാത്രമാണ് കൂടിക്കാഴ്ചയിൽ നടന്നത്. ഗൂഢാലോചനയെക്കുറിച്ച് സുനി ചില സൂചനകൾ നൽകി. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇക്കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. വക്കാലത്ത് ഏൽപ്പിക്കാൻ സുനിൽകുമാർ സമ്മതമറിയിച്ചിട്ടുണ്ട്. ഇതിനു ശേഷം കേസിനെക്കുറിച്ച് കൂടുതൽ പഠിക്കും.

? കേസിൽ പ്രതിക്ക് അനുകൂലമാവുന്ന ഘടകങ്ങൾ...
* എനിക്ക് ലഭിച്ച അറിവ് പ്രകാരം പൊലീസിന്റെ ഭാഗത്തുനിന്ന് ഇതുവരെ നടത്തിയ നീക്കങ്ങൾ കേസ് കോടതിയിൽ വാദത്തിന് എത്തിക്കുന്നതിനു പോലും പര്യാപ്തമല്ല. പ്രഥമദൃഷ്ട്യാ തന്നെ കേസിൽ വീഴ്ചകൾ നിരവധിയാണ്. ഇരയെ ബാധിക്കുന്ന വിഷയംകൂടി ഉൾപ്പെട്ടതിനാൽ ഈ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല.

? കേസിൽ പൊലീസിന്റെ പ്രധാന വീഴ്ചകൾ
* ഒരുപാട് ഉണ്ട്. ശക്തമായ അടിത്തറ ഇല്ലാത്ത കേസ് എന്ന നിലയിലാണ് ഞാൻ ഇതിനെ കാണുന്നത്. വാദത്തിനെത്തിയാൽ തന്നെ പ്രൊസിക്യൂഷൻ വിഭാഗത്തിന് കുറ്റകൃത്യത്തിൽ പ്രതിയുടെ പങ്ക് വ്യക്തമാക്കുന്ന കാര്യമായ തെളിവുകൾ ഹാജരാക്കാൻ ഇല്ലെന്നാണ് മനസ്സിലാക്കുന്നത്

? നടിക്ക് നീതി ലഭിക്കുന്നതിന് പൊലീസ് നീക്കം പര്യപ്തമാണോ?
* ലഭിച്ച അറിവ് വച്ച് ഈ കേസിൽ ഇരക്ക് നീതികിട്ടുന്ന തരത്തിലേക്ക് കേസ് പുരോഗമിച്ചിട്ടില്ല.

? നടന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച്
* തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷ അനുഭവിക്കണം. ഇതിനുവേണ്ടി നിയമവഴിയിൽ എല്ലാ പരിശ്രമവും നടത്തും.

? നടി കേസിലെ ഭാവി ഇടപെടലുകൾ
* ആദ്യപടി വക്കാലത്ത് നേടുക എന്നുള്ളതാണ്. സുനിൽകുമാറിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സാങ്കേതികമായ ചില പ്രശ്‌നങ്ങളുണ്ട്. ഇതുകൂടി പൂർത്തിയായാൽ കേസുമായി മുന്നോട്ടുപോകും. പൊലീസിന്റെ വീഴ്ച കേസിൽ ഗുണകരമാവുമെന്ന് തന്നെയാണ് പ്രതീക്ഷ.

വിവാദമായ കേസിലെ ഇടപെടലിനെക്കുറിച്ച് പ്രതികരണമാരായാൻ രാവിലെ വിളിക്കുമ്പോൾ മുംബൈ യാത്രക്കുള്ള തയ്യാറെടുപ്പുമായി ആദ്ദേഹം നെടുമ്പാശേരി എയർപോർട്ടിലായിരുന്നു. പിന്നീട് സംസാരിക്കാമെന്ന് ്അറിയിച്ച് സംഭാഷണം ചുരുക്കി. പിന്നീട് 11 മണിയോടെ വിളിക്കുമ്പോൾ ആളൂർ മുംബൈയിൽ എത്തിയിരുന്നു.കോടതിയിലേക്കുള്ള കാർ യാത്രക്കിടെയാണ് ആളൂർ മറുനാടന്റെ ചോദ്യങ്ങളോട് പ്രതികരിച്ചത്.

കേസിൽ തന്റെ ഭാഗം വിജയിക്കുമെന്ന ശുഭപ്രതീക്ഷയാണ് ആളൂരിനുള്ളത്. കേസിൽ പൊലീസ് വല്ലാത്ത പ്രതിസന്ധിഘട്ടത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും ഇതിന്റെ ആനൂകൂല്യം ലഭിക്കുന്നത് കുറ്റക്കാർക്കാണെന്നും ആളൂർ വ്യക്തമാക്കി.