കൊച്ചി: തന്റെ പേരിൽ ചാർജ്ജ് ചെയ്യപ്പെട്ടിട്ടുള്ള ബലാത്സംഗ കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ഇന്നലെ സമർപ്പിച്ച ഹർജി ഈ മാസം 26 ന് വിചാരണ കോടതി വീണ്ടും പരിഗണിക്കും. കേസില മുഖ്യതെളിവായ മെമ്മറി കാർഡിലെ ദൃശ്യം ലഭിക്കണമെന്നാവാശ്യപ്പെട്ട് ഇതോടൊപ്പം സമർപ്പിച്ച പ്രത്യേക അപേക്ഷയിൽ ആക്ഷേപം കേൾക്കുന്നതും 26 ലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിലെ ഗൂഢാലോചനക്കേസിൽ പ്രതിയായ നടൻ ദിലീപിന് ശേഷം ഇതേ ആവശ്യം ഉന്നയിച്ച് പ്രതി പൾസർ സുനിയും കോടതിയെ സമീപിച്ചിരിക്കുകയാണ്.

നടിയെ ആക്രമിച്ചു എന്നകാര്യത്തിൽ തർക്കമില്ലന്നും എന്നാൽ നടി ബലാൽസംഗത്തിന് ഇരയായിട്ടില്ലന്നും ഈ കുറ്റം പൊലീസ് തന്റെ കക്ഷിയുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു എന്നുമായിരുന്നു പൾറിന് വേണ്ടി ഹാജരായ അഡ്വ.ആളൂരിന്റെ വാദം. ഇക്കാര്യത്തിൽ പ്രൊസിക്യൂഷൻ സമർപ്പിച്ചിട്ടുള്ള തെളിവുകൾ ദുർബ്ബലമാണെന്നും അതിനാൽ തന്റെ കക്ഷിയുടെ പേരിൽ ചുമത്തിയിട്ടുള്ള 376 വകുപ്പ് റദ്ദാക്കി കേസ് നടപടികൾ തുടരണമെന്നും ആണ് പൾസറിന് വേണ്ടി ആളൂർ സമർപ്പിച്ച വിടുതൽ ഹർജിയിലെ പ്രധാന ആവശ്യം.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ലഭിക്കണമെന്നും ഇല്ലാത്ത പക്ഷം തനിക്കും അഭിഭാഷകനും ഇത് കാണുന്നതിനുള്ള അവസരം നൽകണമെന്നുമാണ് പ്രത്യേക അപേക്ഷയിലെ ആവശ്യം. കേസിലെ പ്രതിയായ ദിലീപ് ദൃശ്യങ്ങൾ ആവശ്യപ്പെട്ട് അപേക്ഷ ഫയൽ ചെയ്തിരുന്നെങ്കിലും കോടതി അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഇക്കാര്യത്തിൽ പൾസറിന്റെ അപേക്ഷയിലും കോടതി സമാന നിലപാടായിരിക്കും സ്വീകരിക്കുക എന്നാണ് നിയമവിദഗ്ദ്ധർ നൽകുന്ന സൂചന.

ഈ സാഹചര്യം മുന്നിൽക്കണ്ടാണ് ദൃശ്യങ്ങൾ കാണാൻ അനുവദിക്കണമെന്ന ഭാഗംകൂടി പ്രത്യേക അപേക്ഷയിൽ ഉൾക്കൊള്ളിക്കാൻ പ്രതിഭാഗം തയ്യാറാതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ബലാൽസംഗകുറ്റം ചുമത്തപ്പെട്ടതുകൊണ്ട് മാത്രമാണ് പൾസറിന് ജാമ്യം ലഭിക്കാത്തതെന്നും പൊലീസിന്റെ ഈ നീക്കം അതിരുവിട്ടതാണെന്നും ആണ് ആളൂരിന്റെ പക്ഷം. പൾസറിനെ പുറത്തിറക്കാനായാൽ കേസിന്റെ നാൾ വഴിയിൽ അത് നിർണ്ണായക നേട്ടമാവുമെന്ന കണക്കുകൂട്ടലിലാണ് ആളൂർ നീങ്ങുന്നത്. പൾസർ പുറത്തിറങ്ങിയാൽ കേസിൽ ഇനിയും വെളിപ്പെടാത്ത പലകാര്യങ്ങളും പുറത്തുവരുന്നതിന് സാദ്ധ്യതയുണ്ടെന്നും ആളൂർ സൂചിപ്പിച്ചക്കുന്നു. കേസിൽ ഏറെ പരാമർശിക്കപ്പെട്ട 'മാഡം' ഇപ്പോഴും കാണാമറയത്താണ്.

ദൃശ്യത്തിൽ മേഡം പറഞ്ഞിട്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പൾസർ സുനി പറയുന്നതായുള്ള ഭാഗം പൊലീസ് കണ്ടെടുത്ത ദൃശ്യത്തിൽ ഉണ്ടെന്ന് പരക്കെ പ്രചരിച്ചിരുന്നു. ഇത് ഭാവനാ സൃഷ്ടി മാത്രമാണെന്നാണ് അന്വേഷണ ഘട്ടത്തിൽ പൊലീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്. ഈ ആരോപണം ദിലീപിന്റെ ഭാര്യ നടി കാവ്യമാധവനെ ഏറെ നാൾ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയിരുന്നു. ദൃശ്യങ്ങൾ കണ്ടെടുക്കാൻ കാക്കനാട്ടെ കാവ്യയുടെ ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ അന്വേഷക സംഘം പരിശോധനയും നടത്തി. പിന്നീട് ഇതേ വിഷയത്തിൽ ഇക്കൂട്ടർ ചോദ്യം ചെയ്തെങ്കിലും കൃത്യത്തിൽ പങ്കില്ലന്ന് വിലയിരുത്തി നടിയെ വിട്ടയക്കുകയായിരുന്നു.