തിരുവനന്തപുരം: സ്വകാര്യ ആശുപത്രിക്ക് മെഡിക്കൽ കൗൺസിലിന്റെ അനുമതി ലഭിക്കാൻ ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന വിഷയം ദേശീയ തലത്തിൽ തന്നെ ചർച്ചയായിരിക്കെ ബിജെപിക്കെതിരെ രൂക്ഷ പരിഹാസങ്ങളുമായി അഡ്വ. പണമാണ് ഈശ്വരൻ എന്ന് വിശ്വസിക്കുന്നവരുടെ പാർട്ടിയാണ് ബിജെപിയെന്നും ഈ പാർട്ടിയെ നയിക്കുന്നവർ ഒരിക്കലും ദരിദ്രരാവില്ലെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ചുകൊണ്ടാണ് ജയശങ്കറിന്റെ പ്രതികരണം.

സ്വകാര്യ 'മേടിക്കൽ' കോളേജിന് അംഗീകാരം മേടിച്ചു കൊടുക്കാൻ വെറും അഞ്ചു കോടി അറുപതു ലക്ഷം വാങ്ങി പാർട്ടിയുടെ പേരിനു കളങ്കം ചാർത്തിയ സഹകരണ സെൽ കൺവീനർ വിനോദിനെ ബിജെപിയിൽ നിന്ന് പടിയടച്ചു പിണ്ഡംവെച്ചു. കാശുമേടിച്ചതിനല്ല, കാര്യം നടത്തിക്കൊടുക്കാതെ ചീത്തപ്പേരുണ്ടാക്കിയതിനാണ് ഈ ശിക്ഷ എന്നാണ് ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചത്.

കഴിഞ്ഞ യുപിഎ സർക്കാരിനെതിരെ അഴിമതികൾ എണ്ണിപ്പറഞ്ഞ രാജ്യസ്‌നേഹികൾ ഇപ്പോൾ പണമാണ് ഈശ്വരൻ എന്ന് വിശ്വസിക്കുന്നവരുടെ പാർട്ടിയായി മാറിയെന്നും ജയശങ്കർ ചൂണ്ടിക്കാട്ടുന്നു.

ജയശങ്കറിന്റെ പോസ്റ്റ് ഇങ്ങനെ:

സ്വകാര്യ മേടിക്കൽ കോളേജിന് അംഗീകാരം മേടിച്ചു കൊടുക്കാൻ വെറും അഞ്ചു കോടി അറുപതു ലക്ഷം മേടിച്ച് പാർട്ടിയുടെ ദുഷ്‌പേരിനു കളങ്കം ചാർത്തിയ സഹകരണ സെൽ കൺവീനർ ആർഎസ് വിനോദിനെ ബിജെപിയിൽ നിന്ന് പടിയടച്ചു പിണ്ഡംവെച്ചു.
കാശുമേടിച്ചതിനല്ല, കാര്യം നടത്തിക്കൊടുക്കാതെ ചീത്തപ്പേരുണ്ടാക്കിയതിനാണ് ഈ ശിക്ഷ.

ടൂജീ സ്‌പെക്ട്രം, കൽക്കരിപ്പാടം, കോമൺവെൽത്ത് ഗെയിംസ്.. കോൺഗ്രസിന്റെ അഴിമതികൾ എണ്ണിപ്പറഞ്ഞവരാണ്, രാജ്യസ്‌നേഹികൾ. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താക്കൾ.

പണമാണ് ഈശ്വരൻ എന്നു വിശ്വസിക്കുന്നവരുടെ പാർട്ടിയാണ് ബിജെപി. ഈ പാർട്ടിയെ നയിക്കുന്നവർ ഒരിക്കലും ദരിദ്രരാവില്ല.

കൂരിരുൾ നീങ്ങും, സൂര്യനുദിക്കും, താമര വിരിയും, പോക്കറ്റു നിറയും.