കാൻബറ: കിടിലൻ പ്രസംഗ പരമ്പരകളുമായി അഡ്വ: ജയശങ്കറിന്റെ ഓസ്‌ട്രേലിയൻ പര്യടനം ഇന്ന് തുടങ്ങും. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രസംഗ പരമ്പരയ്ക്ക് ഇന്ന് സാലിസ്‌ബറിയിൽ തുടക്കമാവുകയാണ്. ചാനലുകളിൽ എത്തി ഏത് ഉന്നതനെതിരാണെങ്കിലും വെട്ടിത്തുറന്ന് സത്യം പറയുന്ന ചാനൽ വക്കീലിന് ഗംഭീര സ്വീകരണമാണ് ഓസ്‌ട്രേലിയൻ മലയാളികൾ നൽകിയിരിക്കുന്നത്. പ്രസംഗകലയിൽ അഗ്രഗണ്യനായ വക്കീലിന്റെ പ്രസംഗങ്ങളുടെ വീഡിയോ മറുനാടൻ സംപ്രേഷണം ചെയ്യും. ഏപ്രിൽ 28 മുതൽ മെയ് 19 വരെയാണ് ഓസ്‌ട്രേലിയയിലെ പ്രധാന നഗരങ്ങളിൽ ജയശങ്കറിന്റെ പ്രഭാഷണ പരമ്പരയും സംവാദങ്ങളും നടക്കുക.

ജനാധിപത്യ ഇന്ത്യ കടുത്ത വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ഓസ്‌ട്രേലിയൻ പ്രവാസി സമൂഹം അഡ്വ: ജയശങ്കറിനെ ശ്രവിക്കാനും സംവദിക്കാനുമുള്ള തയ്യാറെടുപ്പിലാണ്. ഏപ്രിൽ 29ന് സാലിസ്‌ബെറിയിൽ പുലരി ബ്രിസ്‌ബെയിൻ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ പ്രസംഗിച്ചു കൊണ്ടാണ് അഡ്വ. ജയശങ്കറിന്റെ പ്രസംഗ പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഞായറാഴ്‌ച്ച 5.30 ന് 73 ഗോൾഡാ അവന്യുവിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രസ്തുത യോഗത്തിൽ അഡ്വ: ജയശങ്കർ കേരളം-ഇന്നലെ ഇന്ന് നാളെ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കും.

മെയ് നാലിന് വെള്ളിയാഴ്‌ച്ച സിഡ്‌നി മലയാളികൾക്ക് മുന്നിലായിരിക്കും ജയശങ്കറിന്റെ പ്രഭാഷണ പരമ്പര. വൈകിട്ട് ആറിന് സിഡ്‌നിയിലെ തൂങ്കാബിക്ക് പബ്ലിക്ക് സ്‌കൂളിൽ സിഡ്‌നി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന പൊതു പരിപാടിയിലായിരിക്കും സിഡ്‌നി മലയാളികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുക. മാധ്യമം ജുഡീഷറി ജനാധിപത്യം എന്ന വിഷയത്തെ ആസ്പദമാക്കിയാവും പ്രഭാഷണവും സംവാദവും നടക്കുക. ( കോർഡിനേറ്റർ: തോമസ് കുരുവിള-0421 519 883, വിൽസൺ അരിമറ്റം 0435 166 577 സിഡ്‌നി)

മെയ് അഞ്ചിന് ശനിയാഴ്ച വൈകിട്ട് ആറിന് സംസ്‌കൃതി കാൻബറ സംഘടിപ്പിക്കുന്ന ചടങ്ങിൽ 'നവകേരള രാഷ്ട്രീയത്തിൽ ദൃശ്യ സോഷ്യൽ മീഡിയകളുടെ സ്വാധീനം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും പൊതു ചർച്ചയും നടക്കും. മെയ് 11 വെള്ളിയാഴ്‌ച്ച അഡ്‌ലെയ്ഡ് കേളി ഹബ്ബിൽ സംഘടിപ്പിക്കുന്ന പൊതു പരിപാടി വൈകീട്ട് ആറിനാണ്. വിഷയം 'മാധ്യമങ്ങളും സമകാലീന കേരളവും.' മെയ് 18ന് പെർത്ത് മലയാളി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ 'സമകലീന രാഷ്ട്രിയവും ധാർമീകതയും' എന്ന വിഷയത്തെ അധികരിച്ചാവും ജയശങ്കറിന്റെ പ്രഭാഷണം എന്ന് ഭാരവാഹികൾ അറിയിച്ചു.

സത്യം ധാർമികത ജനാധിപത്യം തുടങ്ങിയ മൂല്യങ്ങൾ നിലനിന്നു കാണുവാൻ ആഗ്രഹിക്കുന്ന ഓസ്‌ട്രേലിയയിലെ പ്രവാസ സമൂഹത്തിൽ നിന്ന് ജയശങ്കറുടെ പര്യടനത്തിന് ആവേശകരമായ പ്രതികരണമാണ് ഇതിനകം സംഘടകർക്ക് ലഭിച്ചിട്ടുള്ളത്.

അഡ്വ: ജയശങ്കറിനെ നേരിൽ കാണാനും ശ്രവിക്കാനും സംവദിക്കാനും പ്രധാന നഗരങ്ങളിലെ പരിപാടികളിൽ പങ്കാളിത്തമുറപ്പാക്കി പരിശ്രമിക്കണമെന്ന് പര്യടന പരിപാടിയുടെ മുഖ്യ സംഘാടകരായ പുലരി ബ്രിസ്‌ബെയ്ൻ വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0431221018 , പ്രതാപ് 0401 866 578, എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.