- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഉമ്മൻ ചാണ്ടിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഉയർന്നതിലും വഷളായ ആരോപണങ്ങൾ പിണറായി വിജയന്റെ ഓഫീസിനും കുടുംബത്തിനുമെതിരെ; കൊടുത്താൽ പുതുപ്പള്ളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടും'; പരിഹസിച്ച് അഡ്വ. ജയശങ്കർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, കുടുംബാംഗങ്ങൾ, ഉദ്യോഗസ്ഥരായ എം ശിവശങ്കർ, നളിനി നെറ്റോ എന്നിവർക്കെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് അഡ്വ. ജയശങ്കറിന്റെ പ്രതികരണം.
മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഉയർന്നതിലും വഷളായ ആരോപണങ്ങളാണ് പിണറായി വിജയന്റെ ഓഫീസിനും കുടുംബത്തിനുമെതിരെ ഉയർന്നിരിക്കുന്നതെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ അഡ്വ. ജയശങ്കർ ചൂണ്ടിക്കാട്ടുന്നു. കൊടുത്താൽ പുതുപ്പള്ളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടുമെന്ന പരിഹാസത്തോടെയാണ് ഫേസ്‌ബുക്ക് പോസ്റ്റ് പൂർത്തിയാകുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സ്വർണ്ണ ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ...
ഉമ്മൻ ചാണ്ടിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഉയർന്നതിലും വഷളായ ആരോപണങ്ങൾ പിണറായി വിജയന്റെ ഓഫീസിനും കുടുംബത്തിനുമെതിരെ.
കൊടുത്താൽ പുതുപ്പള്ളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടും
മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയതായും ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുമാണ് സ്വപ്മയുടെ വെളിപ്പെടുത്തൽ. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
'എനിക്കെതിരെയുള്ള കേസിൽ ഉൾപ്പെട്ടിട്ടുള്ള എം.ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, സി.എം.രവീന്ദ്രൻ, കെ.ടി.ജലീൽ, നളിനി നെറ്റോ എന്നിവരുടെ കേസിലെ പങ്കാളിത്തം എന്താണെന്ന് മൊഴിയിൽ വിശദമായി പറഞ്ഞിട്ടുണ്ട്. 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി ഗൾഫിൽ പോയപ്പോഴാണ് ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്.
മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ പരിശോധിക്കുന്നതിനും വിമാനത്താവളത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് വിളിച്ചത്. പിന്നീട് മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കർ അറിയിച്ചു. ആ ബാഗ് കോൺസുലേറ്റിന്റെ ഉദ്യോഗസ്ഥർ കൊണ്ടുവന്നപ്പോൾ അതിൽ കറൻസി ആണെന്ന് മനസ്സിലായി. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്.
അതിനൊപ്പം ജവഹർ നഗറിൽനിന്ന് കോൺസുലേറ്റ് ജനറലിന്റെ ഓഫിസിൽനിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി പാത്രങ്ങൾ ശിവശങ്കറിന്റെ നിർദേശ പ്രകാരം എത്തിച്ചിട്ടുണ്ട്. ഇതിൽ ബിരിയാണി മാത്രമല്ല, ഭാരമുള്ള നിരവധി വസ്തുക്കളും ഉണ്ടായിരുന്നു. ഇങ്ങനെ പല കാര്യങ്ങളിലും രഹസ്യമൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം വെളിപ്പെടുത്താനാകില്ല. സമയമാകുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തും.' കോടതിയിൽ മൊഴി നൽകിയതിനു ശേഷം മാധ്യമങ്ങളെ കണ്ട സ്വപ്ന സുരേഷ് വെളിപ്പെടുത്തി.
സ്വർണക്കടത്തു കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നും സ്വപ്ന പറഞ്ഞു. അറസ്റ്റിലായ ശേഷം കേന്ദ്ര അന്വേഷണ ഏജൻസികളായ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവർ സ്വപ്നയുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയിരുന്നു.




