ബരിമലയിൽ ദർശനത്തിനായി തമിഴ്‌നാട്ടിൽ നിന്നെത്തിയ മനിതി സംഘടനയ്ക്ക് ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് പിന്തിരിയേണ്ടി വന്നു. മലകയറാനെത്തിയ മനിതികൾ ജീവനും കൊണ്ടോടുന്ന കാഴ്ച കാണുമ്പോൾ മുൻ കേരള മുഖ്യമന്ത്രി അന്തരിച്ച കെ.കരുണാകരനെയാണ് ഓർമ്മവരുന്നതെന്ന് അഡ്വ.ജയശങ്കർ ഫേസ്‌ബുക്കിൽ കുറിക്കുന്നു.

1983 ൽ കരുണാകരൻ കേരള മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത്് ശബരിമല നിലയ്ക്കലിൽ തോമാ ശ്ലീഹായുടെ കുരിശു കണ്ടെത്തിയതും തുടർന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ പള്ളി പണിയാൻ ശ്രമം തുടങ്ങിയതും. ഈ സംഭവത്തെ തുടർന്ന് കേരളക്കരയിൽ പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിൽ ശക്തമായ പ്രതിഷേധമുണ്ടായി, ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനെത്തിയ കെ.കരുണാകരനെ അപമാനിക്കാൻ വരെ ശ്രമമുണ്ടായി. എന്നാൽ ഈ വിഷയത്തെ രമ്യമായി പരിഹരിക്കുന്നതിനായി അന്നത്തെ മുഖ്യമന്ത്രി നടത്തിയ നടപടികളിലൂടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. എന്നാൽ ഇപ്പോൾ മലകയറാനെത്തിയ മനിതികൾ ജീവനും കൊണ്ടോടുന്ന കാഴ്ച ടെലിവിഷനിൽ കാണുമ്പോൾ കരുണാകരന്റെ മഹത്വം ഒരിക്കൽ കൂടി തിരിച്ചറിയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഡിസംബർ 23
കെ കരുണാകരന്റെ ചരമവാർഷികം.

1983ൽ കരുണാകരൻ കേരള മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് നിലക്കലിൽ തോമാ ശ്ലീഹായുടെ കുരിശു കണ്ടെത്തിയതും കാഞ്ഞിരപ്പള്ളി മെത്രാൻ പള്ളി പണിയാൻ ഒരുങ്ങിയതും. RSSകാർ അതിഭയങ്കരമായി പ്രതരോധിച്ചു; മധ്യ തിരുവിതാംകൂർ സംഘർഷ പൂരിതമായി. ഗുരുവായൂരിൽ തൊഴാനെത്തിയ മുഖ്യന്റെ ഉടുമുണ്ടുരിഞ്ഞ് അപമാനിക്കാൻ വരെ ശ്രമം നടന്നു.

കരുണാകരൻ പത്രാധിപന്മാരുടെ യോഗം വിളിച്ചു പ്രകോപനപരമായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് അഭ്യർത്ഥിച്ചു. മതസൗഹാർദ്ദം തകർക്കരുതെന്ന് ഹിന്ദു സംഘടനകളെയും ക്രൈസ്തവ മത മേലധ്യക്ഷരെയും ഗുണദോഷിച്ചു. ആങ്ങാമൂഴിയിൽ പള്ളിപണിയാൻ അഞ്ചേക്കർ പതിച്ചു കൊടുത്തു പ്രശ്‌നം തീർത്തു.

പൊലീസ് സംരക്ഷണത്തോടെ മലകയറാനെത്തിയ മനിതികൾ ജീവനും കൊണ്ടോടുന്ന കാഴ്ച ടെലിവിഷനിൽ കാണുമ്പോൾ കരുണാകരന്റെ മഹത്വം ഒരിക്കൽ കൂടി തിരിച്ചറിയുന്നു.

ലീഡർക്ക് ആദരാഞ്ജലികൾ