തിരുവനന്തപുരം: കൊട്ടിയൂരിൽ +1 വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട് പ്രസവിച്ച സംഭവത്തിൽ ഫാ. റോബിൻ വടക്കുഞ്ചേരി അറസ്റ്റിലായ സംഭവത്തിൽ പരിഹാസ കുറിപ്പുമായി അഡ്വ. ജയശങ്കർ. ഫാ. റോബിൻ ദീപിക ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറായിരിക്കേ ഫാരിസ് അബൂബക്കർ പത്രം സ്വന്തമാക്കിയതടക്കമുള്ള ചരിത്രം ജയശങ്കർ തന്റെ ഫേസ്‌ബുക് പോസ്റ്റിൽ വിവരിക്കുന്നു. പിണറായി വിജയന്റെ പഴയ കുലംകുത്തി പ്രയോഗവും അദ്ദേഹം സന്ദർഭരൂപേണ ഓർമിപ്പിക്കുന്നു.

പിണറായി വിജയൻ നാടുവാഴുന്ന കാലത്ത് ഫാ.റോബിനെ പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റുചെയ്തിനു പിന്നിലും അദ്ദേഹത്തിനെതിരായ ദുരാരോപണങ്ങൾക്കു പിന്നിലും കുലംകുത്തികളും മാദ്ധ്യമ സിൻഡിക്കേറ്റുമാണെന്ന് ജയശങ്കർ പരിഹസിക്കുന്നു. നിഷ്‌കളങ്കനായ വൈദികനെ നിയമത്തിന്റെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാൻ എല്ലാ വിശ്വാസികളും ഉപവസിച്ചു പ്രാർത്ഥിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് പരിഹാസക്കുറിപ്പ് അവസാനിപ്പിക്കുന്നത്.

അഡ്വ. ജയശങ്കറിന്റെ കുറിപ്പ്:

ഇപ്പോഴുള്ള മലയാള പത്രങ്ങളിൽ ഏറ്റവും പഴയത് കത്തോലിക്കാ സഭയുടെ ദീപികയാണ്.
1887 ഏപ്രിൽ 15ന് മാന്നാനത്തു നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച നസ്രാണി ദീപിക പിന്നീട് കോട്ടയത്തു കുടിയേറി ജാതിവാലും മുറിച്ചു എന്നാണ് ചരിത്രം.

നിധീരിക്കൽ മാണിക്കത്തനാരുടെ കാലം മുതൽ തവിട്ടുകുപ്പായക്കാരുടെ (ഇങക) കോട്ടയായിരുന്നു ദീപിക. കൊളംബിയർ അച്ചനും നരിവേലി അച്ചനും പൈകട അച്ചനുമൊക്കെ ദീപികയെ കേരള കോൺഗ്രസ് ജിഹ്വയാക്കി മാററി.
1989 ആയപ്പോഴേക്കും പത്രം നഷ്ടമായി.രാഷ്ട്ര ദീപിക കമ്പനിയുണ്ടാക്കി ഇങകക്കാർ തടിയൂരി. പികെ ഏബ്രഹാം മുതൽ ജോസ് തോമസ് പട്ടാറ വരെ പലരും ശ്രമിച്ചു നോക്കി- ദീപികയെ കരകയറ്റാൻ കഴിഞ്ഞില്ല.

ഒടുവിൽ, മാർ മാത്യു അറക്കലിനു സകാത്തുകൊടുത്തു സഖാവ് ഫാരീസ് അബൂബക്കർ ദീപിക കയ്യടക്കി. 2006-09 കാലത്ത് നസ്രാണി ദീപിക പിണറായി ദീപികയായി മാറി- ദിവസേന വിഎസിനെ ദുഷിച്ചും വിജയനെ സ്തുതിച്ചും വാർത്തകൾ, വിശകലനങ്ങൾ, കാർട്ടൂണുകൾ, ഒന്നാം പേജിൽ മുഖപ്രസംഗങ്ങൾ..

ഒടുവിൽ, കത്തോലിക്കാ സഭ വലിയൊരു സംഖ്യ മോചനദ്രവ്യം നല്കി പത്രം വീണ്ടെടുത്തു. താക്കോൽ സ്ഥാനത്ത് വൈദികർ തിരിച്ചെത്തി.

ഫാരീസിന്റെ ഭരണകാലത്ത് മാനേജിങ് ഡയറക്ടറും പത്രാധിപനുമായി പ്രവർത്തിച്ചത് റോബിൻ വടക്കുംചേരി എന്നൊരു യുവവൈദികനായിരുന്നു. സഭ പത്രം വീണ്ടെടുത്തപ്പോൾ റോബിനെ ഏതോ പള്ളിയിൽ വികാരിയാക്കി മലബാറിലേക്കു നാടുകടത്തി.

ഈ പിണറായി നാടുവാഴും കാലത്ത് ഫാ.റോബിനെ പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റുചെയ്തു പേരാവൂർ സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ കുമാറാണ് ഈ അതിക്രമം ചെയ്തത്. മാനന്തവാടി മെത്രാൻ റോബിനെ വൈദിക ചുമതലയിൽ നിന്ന് ഒഴിവാക്കി.

കൊട്ടിയൂർ നീണ്ടുനോക്കി പള്ളി വികാരിയായിരിക്കവെ ഒരു 15കാരിയെ വികാര ശമനത്തിന് ഉപയോഗിച്ചു എന്നാണ് ആരോപണം. കൃത്രിമ ഗർഭനിരോധനം സഭ വിലക്കിയിട്ടുള്ളതിനാൽ അച്ചൻ മുൻകരുതലൊന്നും എടുത്തില്ല. പെൺകുട്ടി യഥാകാലം പ്രസവിച്ചപ്പോൾ പൊലീസ് കേസായി.

ഈ ദുരാരോപണത്തിനു പിന്നിൽ പിന്നിൽ കുലംകുത്തികളും മാദ്ധ്യമ സിൻഡിക്കേറ്റുമാണ് എന്നു വ്യക്തം. ഫാരീസ് മുതലാളി മുഖ്യമന്ത്രിയോടു പറഞ്ഞ് പാവം റോബിനെ രക്ഷിക്കണം, ധിക്കാരിയായ പേരാവൂർ സിഐയെ സസ്പെൻഡ് ചെയ്യിക്കണം.

കത്തോലിക്കാ സഭയുടെ ഉത്തരവാദിത്തവും ചെറുതല്ല. നിഷ്‌കളങ്കനായ വൈദികനെ നിയമത്തിന്റെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാൻ എല്ലാ വിശ്വാസികളും ഉപവസിക്കണം, പ്രാർത്ഥിക്കണം. കുറ്റവിമുക്തനാകുന്ന മുറയ്ക്ക് റോബിനെ സഭ സഹനദാസനായി പ്രഖ്യാപിക്കും. അതിന്റെ ചുമതല ഫാ.മാണി പുതിയേടത്തെ ഏല്പിച്ചുകഴിഞ്ഞു.