കൊച്ചി: സർക്കാരിനെതിരേ പരസ്യമായി നിലപാടെടുത്തിന്റെ പേരിൽ ഐഎംജി മേധാവി ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്ത സർക്കാർ നടപടിയെ പരിഹസിച്ച് അഡ്വ. ജയശങ്കർ. യാതൊരു സമ്മർദ്ദത്തിനും സ്വാധീനത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴങ്ങാത്ത പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും, അതുകൊണ്ട് തന്നെ കുറച്ചുകാലമേ അദ്ദേഹത്തിന് കാക്കി യൂണിഫോം ഇടാൻ കഴിഞ്ഞിട്ടുള്ളൂവെന്നും ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

എറണാകുളം നഗരത്തിൽ സമ്പന്നർ കുടിച്ചു കൂത്താടുന്ന രാമവർമ്മ ക്ലബ് റെയ്ഡ് നടത്തിയതിനാണ് കമ്മീഷണർ സ്ഥാനത്തു നിന്ന് തെറിപ്പിച്ചത്. പിന്നെ വനിതാ കമ്മീഷൻ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ, ചലച്ചിത്ര വികസന കോർപറേഷൻ എന്നിത്യാദി സ്ഥാപനങ്ങളിലാണ് നിയമനം ലഭിച്ചത്. രമേശ് ചെന്നിത്തലയാണ് ജേക്കബ് തോമസിനെ വിജിലൻസ് എഡിജിപി ആക്കിയത്. മാണിസാറിനെതിരെ കേസെടുത്തപ്പോൾ അവിടെനിന്നും പൊക്കി ഫയർഫോഴ്‌സ് മേധാവിയാക്കി. നിയമവിരുദ്ധമായി ഫ്ലാറ്റു നിർമ്മിച്ചവർക്ക് ചഛഇ കൊടുക്കാഞ്ഞതു കൊണ്ട് അവിടെ നിന്ന് ഓടിച്ചു.-ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

അധികം വൈകാതെ ജേക്കബ് തോമസിനെതിരേ കുറ്റപത്രം കൊടുക്കും, സർവീസിൽ നിന്ന് പിരിച്ചു വിടും. എന്നിട്ട് സഖാവ് ടോമിൻ തച്ചങ്കരിയെ വിജിലൻസ് ഡയറക്ടറായും ടോം ജോസിനെ ചീഫ് സെക്രട്ടറിയായും നിയമിക്കും. പിന്നെ, ശബ്ദതാരാവലിയിൽ അഴിമതി എന്ന വാക്കേ ഉണ്ടാവില്ല. എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

യാതൊരു സമ്മർദ്ദത്തിനും സ്വാധീനത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഡോ ജേക്കബ് തോമസ്. അതുകൊണ്ട് തന്നെ വളരെ കുറച്ചുകാലമേ അദ്ദേഹത്തിന് കാക്കി യൂണിഫോം ഇടാൻ കഴിഞ്ഞിട്ടുള്ളൂ.

എറണാകുളം നഗരത്തിൽ സമ്പന്നർ കുടിച്ചു കൂത്താടുന്ന രാമവർമ്മ ക്ലബ് റെയ്ഡ് നടത്തിയതിനാണ് കമ്മീഷണർ സ്ഥാനത്തു നിന്ന് തെറിപ്പിച്ചത്. പിന്നെ വനിതാ കമ്മീഷൻ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ, ചലച്ചിത്ര വികസന കോർപറേഷൻ എന്നിത്യാദി സ്ഥാപനങ്ങളിലാണ് നിയമനം ലഭിച്ചത്.

രമേശ് ചെന്നിത്തലയാണ് ജേക്കബ് തോമസിനെ വിജിലൻസ് എഡിജിപി ആക്കിയത്. മാണി സാറിനെതിരെ കേസെടുത്തപ്പോൾ അവിടെനിന്നും പൊക്കി ഫയർഫോഴ്സ് മേധാവിയാക്കി. നിയമവിരുദ്ധമായി ഫ്‌ളാറ്റു നിർമ്മിച്ചവർക്ക് noc കൊടുക്കാഞ്ഞതു കൊണ്ട് അവിടെ നിന്ന് ഓടിച്ചു.

വിജിലൻസ് ഡയറക്ടറായി നിയമിച്ചു കൊണ്ട് ഇപ്പോഴുത്തെ ഇടതു സർക്കാർ ജേക്കബ് തോമസിനെ തിരിച്ചു കൊണ്ടുവന്നു. പക്ഷേ, സംസാരത്തിലോ പെരുമാറ്റത്തിലോ ഒരു മാറ്റവും വന്നില്ല. ജാതിയും മതവും പാർട്ടിയും നോക്കാതെ വിജിലൻസ് കേസെടുക്കാൻ തുടങ്ങിയപ്പോൾ ഐഎഎസ് ഏമാനന്മാർ മുതൽ ഹൈക്കോടതി ജഡ്ജി വരെ കോപിച്ചു. അങ്ങനെ വിജിലൻസിൽ നിന്ന് ഐഎംജിയിലേക്കു മാറ്റപ്പെട്ടു.

ഇപ്പോഴിതാ, സസ്പെൻഷനുമായി. അഴിമതിക്കെതിരെ നടപടി എടുത്തതിനല്ല, ക്രമസമാധാന നിലയെ പറ്റി അത്ര അഭിനന്ദനപരമല്ലാത്ത അഭിപ്രായം രേഖപ്പെടുത്തിയതിനാണ് ഈ ബഹുമതി.

അധികം വൈകാതെ കുറ്റപത്രം കൊടുക്കും, സർവീസിൽ നിന്ന് പിരിച്ചു വിടും. എന്നിട്ട് സഖാവ് ടോമിൻ തച്ചങ്കരിയെ വിജിലൻസ് ഡയറക്ടറായും ടോം ജോസിനെ ചീഫ് സെക്രട്ടറിയായും നിയമിക്കും.

പിന്നെ, ശബ്ദതാരാവലിയിൽ അഴിമതി എന്ന വാക്കേ ഉണ്ടാവില്ല.