കൊച്ചി: എ.കെ.ജിക്കെതിരായ പരാമർശത്തിൽ വി.ടി ബൽറാമിനെ പിന്തുണച്ച സിവിക് ചന്ദ്രനെ ആക്രമിച്ച സിപിഎമ്മിനെ വിമർശിച്ച് അഡ്വ: ജയശങ്കർ. 'മഹാനായ ഏകെജിയെ അവഹേളിച്ച, മഹാനായ മുഖ്യമന്ത്രിയുടെ നേരെ നിയമസഭയിൽ കൈചൂണ്ടി സംസാരിച്ച ബൽറാമിന്റെ മുട്ടുകാൽ തല്ലിയൊടിക്കണം, നിയമസഭാംഗത്വം റദ്ദാക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം' എന്നു വേണമായിരുന്നു സിവിക് ചന്ദ്രൻ പറയേണ്ടിയിരുന്നതെന്ന് ജയശങ്കർ പറഞ്ഞു.

സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്നും ലൈംഗികരാജകത്വം, അവിഹിതം, പ്രകൃതി വിരുദ്ധം, എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിരുന്ന ബന്ധങ്ങൾ ഏറെയുണ്ടെന്നുമായിരുന്നു സിവികിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ ചില വാക്കുകൾ. എന്നാൽ ആളുകൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്ത് സിവികിന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ചിരുന്നു. സിവികിനെതിരെ വലിയ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അഡ്വ: ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകിയിരിക്കുന്നത്.

അഡ്വ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്തംഭിപ്പിക്കും, സ്തംഭിപ്പിക്കും, കേരളമാകെ സ്തംഭിപ്പിക്കും.

വിടി ബൽറാമിനെ മാത്രമല്ല, ടിയാനെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കുന്ന ഒറ്റയൊരുത്തനെയും വെറുതെ വിടില്ല.

'ബൽറാമിനെതിരെ കേസെടുത്തോളൂ, അതിരുകടന്ന രോഷപ്രകടനങ്ങളെ നിരുപാധികം അപലപിക്കണം' എന്നാണ് സിവിക് ചന്ദ്രന്റെ സാരോപദേശം. ഇങ്ങനെയാണോ ഒരു സാഹിത്യകാരൻ/ സാമൂഹിക പ്രവർത്തകൻ പ്രതികരിക്കേണ്ടത്? അല്ല, അല്ല, ഒരിക്കലുമല്ല.

'മഹാനായ ഏകെജിയെ അവഹേളിച്ച, മഹാനായ മുഖ്യമന്ത്രിയുടെ നേരെ നിയമസഭയിൽ കൈചൂണ്ടി സംസാരിച്ച ബൽറാമിന്റെ മുട്ടുകാൽ തല്ലിയൊടിക്കണം, നിയമസഭാംഗത്വം റദ്ദാക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം' എന്നു വേണമായിരുന്നു പറയേണ്ടിയിരുന്നത്.

പറയേണ്ടത് പറയാഞ്ഞതു കൊണ്ടാണ് ഫേസ്‌ബുക്ക് എക്കൗണ്ട് പൂട്ടിച്ചത്. ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ വിവരമറിയും. ബൽറാമിനേക്കാൾ മുമ്പ് സിവിക്കിനെ കൈകാര്യം ചെയ്യും. സൂചനയാണിത്, സൂചനമാത്രം...