കൊച്ചി: കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശന ബിൽ ഗവർണർ തള്ളിയ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. കേരള പിറവിക്കു ശേഷം ഇതാദ്യമായാണ് നിയമസഭ പാസാക്കിയ ബിൽ ഗവർണർ പൂർണമായി നിരാകരിച്ചതെന്നും ഇരട്ടച്ചങ്കൻ സർക്കാരിന്റെ തൊപ്പിയിൽ ഒരു തൂവൽ കൂടിയായെന്നും ജയശങ്കർ പറയുന്നു.

അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പവനായി ശവമായി.

കേരള നിയമസഭ ഐകകണ്ഠന പാസാക്കിയ ഐതിഹാസികമായ കരുണാ സഹായ ബില്ലിന് ഗവർണർ അനുമതി നൽകിയില്ല. പുനഃപരിശോധന നടത്താൻ തിരിച്ചയക്കുക പോലും ചെയ്തില്ല; ചുമ്മാ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലിട്ടു.

കേരള പിറവിക്കു ശേഷം ഇതാദ്യമായാണ് നിയമസഭ പാസാക്കിയ ബിൽ ഗവർണർ പൂർണമായി നിരാകരിച്ചത്. ഇരട്ടച്ചങ്കൻ സർക്കാരിന്റെ തൊപ്പിയിൽ ഒരു തൂവൽ കൂടിയായി.

ബില്ല് നിരാകരിച്ചെന്നു കരുതി ഗവർണറോട് സർക്കാരിനു പിണക്കമില്ല. വിദ്യാർത്ഥി യുവജന സംഘടനകൾ രാജ്ഭവൻ മാർച്ച് നടത്താനോ ഗവർണറുടെ കോലം കത്തിക്കാനോ ഉദ്ദേശിക്കുന്നില്ല. ഇനി ജബ്ബാർ ഹാജിയായി, ഹാജ്യാരുടെ പാടായി.