കൊച്ചി: സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിന്റെ അംഗത്വത്തിൽ നിന്നും ഒഴിവാക്കിയെന്ന വാർത്തയിൽ പ്രതികരിച്ച് അഡ്വ. എ ജയശങ്കർ. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ബ്രാഞ്ചിൽ നിന്നും വാട്‌സ്ആപ്പിൽ ലഭിച്ചെന്നും മൂന്ന് കാരണങ്ങളാണ് ഇത് സംബന്ധിച്ചുള്ള നോട്ടീസിൽ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയേയും ഇടതുമുന്നണിയേയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാമർശങ്ങൾ നടത്തുന്നു എന്ന കാരണമാണ് ഇതിൽ ഒന്നാമതായി പറയുന്നത്. രണ്ട് കഴിഞ്ഞ വർഷം ജൂലൈയിൽ ഇതേ വിഷയത്തിന്റെ പേരിൽ നടപടി സ്വീകരിച്ചിരുന്നു. പരസ്യമായി ശാസിച്ചിരുന്നു. എന്നിട്ടും സംസാരത്തിലും പെരുമാറ്റത്തിലും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നതാണ് രണ്ടാമത്തെത്. മൂന്നാമത് പാർട്ടിയുടെ പരിപാടികളിൽ പങ്കെടുക്കുന്നില്ല. പാർട്ടിയുടേയോ ബഹുജന സംഘടനകളുടേയോ പരിപാടികളിൽ പങ്കെടുക്കുന്നില്ല എന്നതും. ഈ മൂന്ന് കാരണങ്ങളാൽ മെമ്പർഷിപ്പ് പുതുക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായി നോട്ടീസിൽ പറയുന്നതായി ജയശങ്കർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

തിങ്കളാഴ്ച നടന്ന മെമ്പർഷിപ്പ് പുതുക്കുന്ന റിവ്യൂ മീറ്റിംഗിൽ ജയശങ്കർ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇക്കാര്യം നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിരുന്നു. അംഗത്വ പരിശോധന നടത്തുന്ന അഭിഭാഷകരുടെ യോഗം നടക്കുന്ന സമയത്ത് ചാലക്കുടി പേരാമ്പ്രയിലെ അപ്പോളോ ടെയേഴ്‌സിലെ ഒരു തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. അനുരഞ്ജന മീറ്റിംഗിൽ പോകേണ്ടതിനാലാണ് യോഗത്തിൽ പങ്കെടുക്കാനാവാതെ വന്നത്.



കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നീ നേതാക്കൾ അതേ യോഗത്തിൽ പങ്കെടുത്തിരുന്നു. ആ മീറ്റിംഗിൽ പോകേണ്ടി വന്നതാനാൽ യോഗത്തിൽ പങ്കെടുക്കാനായില്ല. ഇക്കാര്യം നേതൃത്വത്തെ അറിയിച്ച ശേഷമാണ് മീറ്റിംഗിൽ നിന്നും വിട്ടുനിന്നത്. അംഗത്വത്തിൽ നിന്നും പുറത്താക്കിയെന്നത് ദേശാഭിമാനിയിൽ വാർത്ത കണ്ടിട്ടാണ് അറിഞ്ഞത്.

മറ്റ് പത്രങ്ങളിൽ വന്നിരുന്നില്ല ദേശാഭിമാനി ആയതുകൊണ്ട് വിശ്വസിച്ചിരുന്നില്ല. ഒട്ടേറെ മാധ്യമങ്ങൾ പ്രതികരണം തേടിയിരുന്നു. അറിയിപ്പ് കിട്ടിയിരുന്നില്ല. അറിയിപ്പ് കിട്ടാത്തതിനാൽ പ്രതികരിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞിരുന്നു. ഏതാണ്ട പതിനൊന്ന് മണിയോടെയാണ് പാർട്ടി എടുത്ത തീരുമാനം അറിയിച്ചത്. നോട്ടീസ് വാട്‌സ് ആപ്പിൽ അയച്ചു തന്നു. ഒപ്പം ലെവിയായി അടച്ച 1330 രൂപ ഗൂഗിൾ പേയിൽ തിരിച്ചയച്ചു. പാർട്ടിയുടെ ബ്രാഞ്ചിൽ നിന്നുമാണ് നോട്ടീസ് വന്നത്.

സിപിഐ സമ്പന്നമായ ഒരു പാർട്ടിയാണ്. എന്നെപ്പോലെ ഒരാളെ പുറത്താക്കിയിലൂടെ അപര്യഹാരമായ നഷ്ടമോ കഷ്ടമോ ഉണ്ടാകാൻ പോകുന്നില്ല. സഖാവ് ഡാങ്കയെ പുറത്താക്കിയ പാർട്ടിയല്ലെ ഇത്. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും എ ജയശങ്കർ പറഞ്ഞു.

ചാനൽ ചർച്ചകളിലൂടെ മലയാളികൾക്ക് സുപരിചിതനായ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിന്റെ പാർട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന് സിപിഐ തീരുമാനിച്ചതായാണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നത്. എറണാകുളം ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിന്റെ തീരുമാനം മേൽഘടകത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ. സിപിഐ ഹൈക്കോടതി അഭിഭാഷകരുടെ ബ്രാഞ്ചിൽ നിന്നാണ് ജയശങ്കറിനെ ഒഴിവാക്കിയത്. 2020ൽ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

സിപിഐ കൂടി കക്ഷിയായ ഇടതുമുന്നണി സർക്കാരിനെതിരെയും സിപിഐഎം നേതാക്കൾക്കെതിരെയും ചാനൽ ചർച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും ജയശങ്കർ രൂക്ഷവിമർശനം ഉന്നയിക്കുന്നതിനെ ചൊല്ലി സിപിഎം നേതാക്കൾ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ജയശങ്കർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളും സിപിഎം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും സിപിഐയേയും എൽഡിഎഫിനേയും മോശമാക്കുന്ന അഭിപ്രായ പ്രകടനം നടത്തിയതിനാണ് ജയശങ്കറിനെ ഒഴിവാക്കിയതെന്നാണ് ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.