- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധിജിയെ കണ്ടതോടെ കോൺഗ്രസിലെത്തി; സർ സിപിയ്ക്കെതിരായ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളി; തിരുവനന്തപുരം നഗരസഭയിലെ ആദ്യ കൗൺസിലർ; ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്; മോദിക്കൊപ്പം കൊടിപിടിച്ച് കന്യാകുമാരി ജാഥയും; അനന്തപുരിയുടെ കാരണവർ 107-ാം വയസിൽ വിടവാങ്ങി; അഡ്വ കെ അയ്യപ്പൻപിള്ള അന്തരിച്ചു

തിരുവനന്തപുരം: ബിജെപിയുടെ മുൻ വൈസ് പ്രസിഡന്റും സ്വാതന്ത്ര്യ സമര സേനാനിയുമായ കെ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസ്സായിരുന്നു. ദീർഘകാല പൊതുപ്രവർത്തന പാരമ്പര്യമുള്ള ഒരപൂർവ്വ വൃക്തിത്വത്തിനുടമയാണ് അഡ്വ:കെ. അയ്യപ്പൻപിള്ള. ദേശീയ സ്വാതന്ത്യ സമരത്തിലും സ്റ്റേറ്റ് കോൺഗ്രസ്സിന്റെ നേതൃനിരയിലും കൂടാതെ നഗരസഭാംഗമെന്ന നിലയിലും തിരുവനന്തപുരത്ത് നിറഞ്ഞ വ്യക്തിത്വം. മികച്ച അഭിഭാഷകനുമായിരുന്നു. അനന്തപുരിയുടെ കാരണവരും സൗമ്യനും സർവ്വാദരണീയനുമായിരുന്നു അയ്യപ്പൻപിള്ള സാർ എന്ന് ഏവരും വിളിച്ച അയ്യപ്പൻപിള്ള
1930കളിൽ വിദ്യാർത്ഥിയായിരുന്ന കാലത്താണ് ദേശീയ പ്രസ്ഥാനത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിലും ആകൃഷ്ടനായത്. 1934ൽ ഗാന്ധിജിയെ നേരിട്ട് കാണാനും അടുത്തിടപഴകാനും സാധിച്ചത് വഴിത്തിരിവായി. സർക്കാർ ഉദ്യോഗം ആഗ്രഹിച്ചിരുന്ന അയ്യപ്പൻപിള്ള അതോടെ ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ മുഴുവൻ സമയ പ്രവർത്തകനായി. ദിവാൻ സി.പി രാമസ്വാമിക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ സജീവമായപ്പോൾ ഗാന്ധിജി നൽകിയ നിർദ്ദേശം പാലിച്ച് രാജ്യസ്വാതന്ത്രത്തിനായുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.
1914 മെയ് 24 ന് കാർത്തിക നക്ഷത്രത്തിൽ വലിയശാല മുണ്ടനാട് കുടുംബത്തിൽ ജനിച്ചു. അച്ഛൻ തഹൽസിദാർ എ. കുമാരപിള്ളയും,അമ്മ ഭാരതിയമ്മയുമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടായിരുന്നു വിദ്യാഭ്യാസം. ഗവൺമെന്റ് ആർട്ട്സ് കോളേജ്,തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. സ്റ്റേററ് കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനെന്ന നിലയിൽ പറവൂർ റ്റി.കെ, എ.ജെ. ജോൺ എന്നിവരോടൊപ്പം എറണാകുളം എസ്റ്റേറ്റ്'കോൺഗ്രസ്സ് പ്രവർത്തനങ്ങളിൽ മുഴുകി.1940 -ൽ അറസ്റ്റ് വരിച്ചു. 6 മാസം ഒളിവിലായിരുന്നു.
1942 നു ശേഷം പ്രാക്ടീസ് ആരംഭിച്ചു. തിരുവനന്തപുരം നഗരസഭയിലെ ആദ്യ കൗൺസിലർ എന്ന നിലയിൽ വലിയശാലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 4 കൊല്ലമായിരുന്നു കാലാവധി. അന്ന് മേയർക്ക് 1 കൊല്ലത്തെ കാലാവധിയായിരുന്നു. കരിമ്പളം ഗോവിന്ദപിള്ളയായിരുന്നു ആദൃത്തെ തിരുവനന്തപുരംനഗരസഭയുടെ മേയർ.ശ്രീ ചിത്രാ സ്റ്റേറ്റ് കൗൺസിലിലേക്ക് നഗരസഭയെ പ്രതിനിധീകരിച്ചു തെരഞ്ഞെടുത്തതും കെ. അയ്യപ്പൻപിള്ളയെയായിരുന്നു. 1934-ൽ മഹാത്മജിയെ നേരിൽ കണ്ടു സംസാരിക്കാൻ കഴിഞ്ഞു. വിദ്യാർത്ഥിയായിരുന്ന സമയത്താണ് ഗാന്ധിജിയെ നേരിൽ കാണുന്നത്. ജി. രാമചന്ദ്രൻ മുഖേനയാണ് ഗാന്ധിജിയെ കാണുന്നത്.
അന്നത്തെ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരായ പട്ടം താണുപിള്ള, സി.കേശവൻ, ടി.എം. വർഗ്ഗീസ് എന്നിവരുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. 1954-ൽ സുപ്രീംകോടതി അഭിഭാഷകനായി. പട്ടം താണുപിള്ളയുമായി ചേർന്ന് പി.എസ്‌പിയിലും നേതൃത്വനിരയിലുണ്ടായിരുന്നു. ''കേരളപ്രതിക''' എന്ന പത്രവും നടത്തിയിട്ടുണ്ട്. 1980 ൽ ഭാരതീയ ജനതാപാർട്ടിയിൽ അംഗമായി. 1980 -ൽ തന്നെ കേരളത്തിൽ ബിജെപി. രൂപീകരിച്ചപ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റായി സ്ഥാനമേറ്റു.1982-ൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ നിന്നു മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. രാജകൊട്ടാരത്തിൽ നിന്നുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കുറച്ചു കാലം മുമ്പ് ഫോണിൽ വിളിച്ച് കുശലാന്വേഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അയ്യപ്പൻപിള്ളയുടെ പ്രാധാന്യം വിശദീകരിച്ചിരുന്നു. അന്ന് പ്രധാനമന്ത്രിയുടെ സെക്രട്ടറിയാണ് വിളിക്കുന്നതെന്ന് അറിയിച്ചപ്പോൾ ഫോണെടുത്ത മകൾ ഗീതാ രാജ്കുമാർ ലേശം അമ്പരന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയ്യപ്പൻപിള്ളയുമായി സംസാരിക്കണമെന്നുള്ള ആഗ്രഹം സെക്രട്ടറി അറിയിച്ചു. വൈകാതെ പ്രധാനമന്ത്രിയുടെ വിളി വന്നു. ഇരുവരും കുശലാന്വേഷണം നടത്തി. രാജ്യരക്ഷയ്ക്ക് മോദി ചെയ്യുന്ന സേവനത്തിന് അയ്യപ്പൻപിള്ള അനുഗ്രഹവും നേർന്നു.
അയ്യപ്പൻപിള്ള കാലിലെ മുറിവും ചികിത്സയും കാരണം വിശ്രമത്തിലായിരുന്നു. പതിവുള്ള ക്ഷേത്രദർശനം, ആൾക്കാരുമായുള്ള ഇടപെടൽ എന്നിവ ലോക്ഡൗൺ കാരണം മുടങ്ങുന്നതിൽ അസ്വസ്ഥനായിരുന്നു അദ്ദേഹം. അതിനിടെയാണ് പ്രധാനമന്ത്രിക്ക് അദ്ദേഹത്തോടു സംസാരിക്കണമെന്ന താത്പര്യം സെക്രട്ടറി അറിയിച്ചത്. അഞ്ചു മിനിറ്റ് കഴിഞ്ഞ് വീണ്ടും വിളി വന്നു. അയ്യപ്പൻപിള്ള ഫോണിലെത്തി. പ്രധാനമന്ത്രിയുമായി സംസാരിച്ചുതുടങ്ങി. 'നമസ്‌തേ പിള്ള സാർ' എന്നായിരുന്നു അഭിസംബോധന ചെയ്തത്. പിന്നീട് ആരോഗ്യവിവരം അന്വേഷിച്ചു. ഹിന്ദി സുഗമമല്ലെന്നറിയിച്ചപ്പോൾ പ്രധാനമന്ത്രി സംസാരം ഇംഗ്ലീഷിലാക്കി.
മുൻപ് പാർട്ടിക്കുവേണ്ടി കന്യാകുമാരിയിലേക്ക് ഇരുവരും ഒന്നിച്ച് പതാകജാഥ നയിച്ചിരുന്നു. ഇക്കാര്യം മനസ്സിൽവച്ച് തന്നെ ഓർമയുണ്ടോയെന്ന് അയ്യപ്പൻപിള്ള ചോദിച്ചു. അതെയെന്നായിരുന്നു മോദിയുടെ മറുപടി. മുരളിമനോഹർ ജോഷി നയിച്ച ജാഥയുടെ കൺവീനർ നരേന്ദ്ര മോദിയും കേരളത്തിലെ സംഘാടകൻ അയ്യപ്പൻപിള്ളയുമായിരുന്നു.


