- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമര വിരിയിക്കാൻ പറന്നുനടന്ന വെള്ളാപ്പള്ളി ബിജെപി തോറ്റപ്പോൾ മറുകണ്ടം ചാടി; നവോത്ഥാനസമിതിയിൽ ചേർന്ന് പിണറായിയുടെ വിശ്വസ്തനായി; എസ്എൻഡിപി യോഗത്തിന് ലഭിച്ച 10 ഏക്കർ ഭൂമി കൗൺസിൽ അറിയാതെ ട്രസ്റ്റിലേയ്ക്ക് മാറ്റിയെന്നും വിമർശനം; സന്തോഷ് കുമാറിന്റെ തുറന്നുപറച്ചിലുകൾ തുടരുന്നു
തിരുവനന്തപുരം: എസ്എൻഡിപി യോഗം എന്ന മഹത്തായ പ്രസ്ഥാനത്തെ വെള്ളാപ്പള്ളി നടേശൻ കുടുംബ സ്വത്താക്കി മാറ്റിയെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നതാണ്. കഴിവുള്ള നേതാക്കൾ ഒരുപാട് ഉണ്ടായിട്ടും വെള്ളാപ്പള്ളിയുടെ അപ്രമാദിത്തമാണ് എസ്എൻഡിപി യോഗത്തിൽ. എസ്എൻഡിപി യോഗത്തിൽ വെള്ളാപ്പള്ളി നടത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതരെ വിജിലൻസ് അന്വേഷണം അടക്കം നടക്കുന്നുണ്ട്. ദുരൂഹമായ ആത്മഹത്യകളിൽ പോലും വെള്ളാപ്പള്ളി ആരോപണ വിധേയനാണ്. എസ്എൻഡിപി യോഗത്തിലും എസ്എൻ ട്രസ്റ്റിലും നടക്കുന്ന നിയമനങ്ങളിൽ ലഭിക്കുന്ന പണത്തിന് രസീത് നൽകാറില്ലെന്നും യോഗവും ട്രസ്റ്റും അതൊന്നും അറിയാറ് പോലുമില്ലെന്നും വിമർശനങ്ങളുണ്ട്.
ഒരു കാലത്ത് വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായിരുന്ന പല നേതാക്കളും അദ്ദേഹത്തിന്റെ അഴിമതിയെ ചോദ്യം ചെയ്തു മറുകണ്ടം ചാടിയിട്ടുണ്ട്. ഇവർ ഇപ്പോഴും വെള്ളാപ്പള്ളിക്കെതിരായ പോരാട്ടം തുടരുകയാണ്. വെള്ളാപ്പള്ളിയുടെ അഴിമതികൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഇക്കൂട്ടത്തിൽ മുന്നിലാണ് അഡ്വ. കെ. എം. സന്തോഷ് കുമാർ. എസ്എൻഡിപി യോഗം വിമോചന സമര സമിതി എന്ന കൂട്ടായ്മ രൂപീകരിച്ച് വെള്ളാപ്പള്ളിക്കെതിരെ പോരാട്ടം തുടരുകയാണ് സന്തോഷ് കുമാറും സംഘവും. വെള്ളാപ്പള്ളിയുടെ കീഴിൽ എസ്എൻഡിപി തകർച്ചയുടെ പടുകുഴിയിലേക്ക് വീണെന്നും സ്വന്തം നേട്ടങ്ങൾക്കായി വെള്ളാപ്പള്ളി യോഗത്തെ ദുരുപയോഗം ചെയ്തുവെന്നും സന്തോഷ് കുമാർ തുറന്നടിക്കുന്നു. മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലും അദ്ദേഹം തന്റെ നിലപാടുകൾ എണ്ണിപ്പറയുകയാണ്. കഴിഞ്ഞ കാലങ്ങളിൽ വെള്ളാപ്പള്ളിക്ക് വേണ്ടി വാദിച്ച വ്യക്തി കൂടിയാണ് സന്തോഷ്.
വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗത്തെയും എസ്എൻ ട്രസ്റ്റിനേയും ഏങ്ങനെയാണ് സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് സന്തോഷ് ഈ എപ്പിസോഡിൽ. കേന്ദ്ര സർക്കാരിനെയും സംസ്ഥാനസർക്കാരിനെയും ഒരേസമയം പ്രീണിപ്പിച്ചാണ് വെള്ളാപ്പള്ളി കള്ളപ്പണഅന്വേഷണങ്ങളിൽ നിന്നും തടിയൂരുന്നതെന്നും സന്തോഷ് കുമാർ മറുനാടൻ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലേയ്ക്ക്...
വെള്ളാപ്പള്ളി വലിയൊരു അഴിമതിക്കാരനാണെന്നും എസ്എൻഡിപി യോഗത്തിലും എസ്എൻ ട്രസ്റ്റിലും വലിയ അഴിമതികളാണ് അദ്ദേഹം നടത്തുന്നതെന്നുമാണ് നിങ്ങൾ ആരോപിക്കുന്നത്. എസ്എൻ ട്രസ്റ്റിൽ എന്തൊക്കെ അഴിമതികളാണ് അദ്ദേഹം നടത്തുന്നത്?
മഹാനായ ആർ. ശങ്കറാണ് എസ്എൻ ട്രസ്റ്റ് സ്ഥാപിക്കുന്നത്. അത് സ്ഥാപിക്കുമ്പോൾ അദ്ദേഹത്തിന്റെ ലക്ഷ്യം വളരെ വലുതായിരുന്നു. 14 ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളായിരുന്നു ട്രസ്റ്റിന് കീഴിൽ അദ്ദേഹം ആരംഭിച്ചത്. ഇന്ന് നിരവധി കോളേജുകളും ഹയർ സെക്കണ്ടറി സ്കൂളുകളുമൊക്കെ എസ്എൻ ട്രസ്റ്റിന് കീഴിലുണ്ട്. ഒന്നുപോലും വെള്ളാപ്പള്ളിയുടെ കാലത്ത് ആരംഭിച്ചിട്ടില്ല. ട്രസ്റ്റിന്റെ സ്ഥാപനങ്ങളിൽ ശങ്കർ സാറിന്റെ കാലത്ത് മെറിറ്റ് കൂടി നോക്കിയിരുന്നു. എന്നാൽ ഈ സ്ഥാപനങ്ങളിലൊക്കെ ഇന്ന് പൂർണമായും പണം വാങ്ങിയാണ് നിയമനങ്ങൾ നടക്കുന്നത്. അതിലൊക്കെ വലിയ അഴിമതിയാണുള്ളത്. മുൻകാലങ്ങളിലൊക്കെ ഒരു എയ്ഡഡ് സ്ഥാപനത്തിലെ നിയമനത്തിന് സംഭാവന വാങ്ങുന്നത് കൗൺസിൽ ചർച്ച ചെയ്ത് തീരുമാനിച്ചാണ്. ഇപ്പോൾ കൗൺസിലുമറിയുന്നില്ല ട്രസ്റ്റ് എക്സിക്യൂട്ടീവും അറിയുന്നില്ല. ആകെ അറിയുന്നത് വെള്ളാപ്പള്ളിയും അയാളുടെ ജീവനക്കാരും മാത്രം. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് 160 ഓളം നിയമനങ്ങൾ നടത്തിയിട്ടുണ്ട്. ഓരോന്നിനും 60 ലക്ഷത്തിനുമേൽ ഡോണേഷൻ വാങ്ങിയിട്ടുണ്ട്. ആ പണമെല്ലാം വെള്ളാപ്പള്ളിയുടെ വീട്ടിലാണ് വാങ്ങുന്നത്. അതിനെപറ്റി ചോദിക്കാൻ ശേഷിയുള്ള ഒരാളും ഇന്ന് എസ്എൻഡിപിയിലില്ല. മിണ്ടിപ്പോയാൽ ഒന്നുകിൽ തല്ല് കിട്ടും അല്ലെങ്കിൽ പുറത്താകും.
1973 ന് ശേഷം നേതാവില്ലാത്ത സമുദായത്തിന് ഒരു സ്ഥാപനം പോലും കിട്ടിയിട്ടില്ലെന്ന് കൗമുദി എഡിറ്റോറിയൽ എഴുതിയിരുന്നു. അത് പച്ചക്കള്ളമാണ്. ഗോപിനാഥൻ വക്കീൽ ജന. സെക്രട്ടറിയായിരുന്നപ്പോൾ അഞ്ച് എയ്ഡഡ് കോളേജ് എസ്എൻഡിപി യോഗത്തിന് കിട്ടി. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കൊല്ലം നഗരത്തിൽ 50 സെന്റ് ഭൂമി എസ്എൻഡിപി യോഗത്തിന് സൗജന്യമായി പതിച്ചുനൽകി. എന്നാൽ വെള്ളാപ്പള്ളി വന്ന ശേഷം സർക്കാരിൽ നിന്നും യോഗത്തിന് വേണ്ടി ഒന്നും നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ഒരു എയ്ഡഡ് സ്ഥാപനം പോലും യോഗത്തിന് വേണ്ടി ആരംഭിച്ചിട്ടില്ല. ആകെ കിട്ടിയത് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനകാലത്ത് എല്ലാവർക്കും എയ്ഡഡ് കോളേജുകൾ അനുവദിച്ചപ്പോഴുള്ള ഒരെണ്ണമാണ്. അതും യോഗത്തിനല്ല, ട്രസ്റ്റിനാണ്. അത് ആരംഭിക്കുന്നത് പീരുമേട്ടിൽ ശങ്കർ സാർ വാങ്ങിച്ചിട്ട 15 ഏക്കർ സ്ഥലത്താണ്. അതല്ലാതെ ഒരു സെന്റ് ഭൂമി വെള്ളാപ്പള്ളിക്ക് വാങ്ങാൻ കഴിഞ്ഞിട്ടില്ല.
അപ്പോൾ ഇപ്പോൾ വാങ്ങുന്ന പണമൊന്നും എസ്എൻഡിപിയിലേയ്ക്ക് എത്തുന്നില്ല എന്നാണോ?
വെള്ളാപ്പള്ളിയുടെ വീട്ടിൽ വാങ്ങുന്ന പണം വെള്ളാപ്പള്ളി തന്നാലല്ലേ യോഗത്തിന് കിട്ടു. മുമ്പൊക്കെ ഇത്തരം സംഭാവനകളുടെ തുക കുറവായിരുന്നാലും അത് കൗൺസിൽ അറിഞ്ഞ് രസീത് നൽകിയേ വാങ്ങിയിരുന്നുള്ളു. ഇപ്പോൾ ഇത്തരം സംഭാവനകൾക്കൊന്നും രസീതില്ല. വേറെ ഒരു സമുദായത്തിലും ഇങ്ങനെ നടക്കില്ല.
ഈ കള്ളപ്പണമൊക്കെ ഇദ്ദേഹം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? നിയമപരമായ ട്രാൻസാക്ഷനുകൾ സാധ്യമല്ലല്ലോ?
മഹേശന്റെ ആത്മഹത്യാകുറിപ്പിൽ ഒരു ചാക്കിൽ നിറയെ പണവുമായി മതിൽചാടി ഓടിയതിനെ പറ്റി പറയുന്നുണ്ട്. എസ്എൻഡിപി ജന. സെക്രട്ടറി ആയ ശേഷം അദ്ദേഹത്തിന്റെ സാമ്പത്തികവളർച്ച സാറൊന്ന് പരിശോധിച്ചുനോക്കൂ. എത്ര പുതിയ ബാർ ഹോട്ടലുകളാണ് അദ്ദേഹം ആരംഭിച്ചത്. ചേർത്തല കരപ്പുറത്തുള്ള ബാർ, ചേർത്തല അശ്വനി അങ്ങനെ എത്ര എത്ര പുതിയ ബാറുകൾ.
എസ്എൻഡിപി ജന. സെക്രട്ടറി ആയപ്പോൾ അദ്ദേഹം പറഞ്ഞത് എനിക്ക് ഒരുരൂപ പോലും ശമ്പളം വേണ്ട, എന്റെ ബിസിനസുകളെല്ലാം അവസാനിപ്പിച്ച് പൂർണമായും സമുദായസേവനത്തിന് ഇറങ്ങുന്നു എന്നാണ്. തന്റെ ബിസിനസുകളെക്കാൾ നല്ല വരുമാനമാർഗമാണ് ഇതെന്ന് കണ്ടായിരിക്കണം അന്ന് അദ്ദേഹം അങ്ങനെ പ്രഖ്യാപിച്ചത്. അതിന് ശേഷം എത്ര പുതിയ ബിസിനസുകളാണ് അദ്ദേഹം ആരംഭിച്ചത്.
ഇത്രയേറെ അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാകുമ്പോൾ അതിനെതിരെ അന്വേഷണമൊന്നും ഉണ്ടാകില്ലേ?
ആര് അന്വേഷിക്കാനാ സാറെ. കേന്ദ്ര സർക്കാർ അന്വേഷിക്കില്ല, സംസ്ഥാന സർക്കാർ അന്വേഷിക്കില്ല. പുള്ളി അതുകൊണ്ടല്ലേ തന്ത്രപരമായി നിലപാടെടുത്ത് നിൽക്കുന്നത്. കേരളത്തിൽ നിലനിൽപ്പിന് വേണ്ടി നിലപാടെടുക്കുന്ന ഏക ലീഡർ വെള്ളാപ്പള്ളിയല്ലേ.
നിയമനങ്ങളിൽ ഈഴവസമുദായത്തിൽപെട്ടവർക്ക് പരിഗണനയൊന്നുമില്ലേ?
പണം നൽകിയാൽ ആർക്കും നിയമനം ലഭിക്കും. പ്രത്യേകപരിഗണന ആർക്കുമില്ല. സാർ എസ്എൻ ട്രസ്റ്റിന്റെ ലിസ്റ്റ് ഒന്ന് പരിശോധിക്കു. അവിടെ എല്ലാ മതക്കാരും ജാതിക്കാരുമൊക്കെയുണ്ട്. വെള്ളാപ്പള്ളിയുടെ ജീവനക്കാരും വേണ്ടപ്പെട്ടവരുമൊക്കെയാണ് അവർ. ഇവിടെ നൂറ്റി അറുപതോളം യൂണിയനുകളുണ്ട്. അവിടെ പ്രസിഡന്റുമാരുണ്ട്, സെക്രട്ടറിമാരുണ്ട്, .യോഗം ബോർഡ് മെമ്പർമാരുണ്ട്. ഒരാൾക്ക് പോലും ട്രസ്റ്റിൽ അംഗത്വമില്ല. ആറായിരത്തിഅഞ്ഞൂറോളം ശാഖകളുണ്ട്. അവിടത്തെ ഭാരവാഹികൾക്കും അംഗത്വമില്ല. ഇത്തരത്തിലാണ് ട്രസ്റ്റും യോഗവുമൊക്കെ അദ്ദേഹം കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നത്.
നിയമനങ്ങൾക്ക് പുറമേ വിദ്യാർത്ഥികളുടെ അഡ്മിഷനുകൾക്കും കാശ് വാങ്ങാറില്ലേ?
പ്ലസ് ടു അഡ്മിഷൻ മുതൽ ഓരോന്നിനും ഡൊണേഷൻ വാങ്ങാറുണ്ട്. 25000 മുതൽ ആരംഭിക്കും. ഇതിനൊന്നും 25 വർഷമായി കണക്കില്ല.
വെള്ളാപ്പള്ളി സമത്വമുന്നേറ്റ യാത്ര നടത്തിയിട്ടി ബിഡിജെഎസ് എന്നൊരു പാർട്ടി പ്രഖ്യാപിച്ചു. അതിന് മുമ്പ് ആദ്യം അദ്ദേഹം ജനകീയ വേദി രൂപീകരിച്ചിരുന്നു. പിന്നീട് പിന്നോക്ക ഫ്രണ്ട് ഉണ്ടാക്കി. നായർ ഈഴവ ഐക്യത്തിന്റെ വക്താവായി. നായാടി മുതൽ നമ്പൂതിരി വരെയുള്ളവരെ സംഘടിപ്പിക്കാൻ നടന്നു. പിന്നെ അദ്ദേഹത്തിന്റെ വീട്ടിൽ തൊഗാഡിയ വന്നു. വിഎച്ച്പിയുമായി ചേർന്ന് കട്ടപ്പനയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. നരേന്ദ്ര മോദിയുടെ അടുത്ത് ആരാണ് പോയത്? വെള്ളാപ്പള്ളി, ഭാര്യ പ്രീതി നടേശൻ, മകൻ തുഷാർ, സുഭാഷ് വാസു എന്നിവരാണ്. പിറ്റേന്നത്തെ പത്രത്തിൽ എല്ലാവരും കണ്ടതാണ്. മലബാർ മുതൽ തെക്കേഅറ്റം വരെ പ്രവർത്തക സമ്മേളനങ്ങൾ വിളിച്ചു. എല്ലാ സമ്മേളനത്തിലും പ്രസംഗിച്ചയാളാണ് ഞാൻ. അത് ആർഎസ്എസിന് വെള്ളാപ്പള്ളി തന്റെ ജനപ്രീതി കാട്ടികൊടുത്തതാണ്. അതിന് ശേഷമാണ് സമത്വമുന്നേറ്റ യാത്ര നടത്തി ശംഖുമുഖത്ത് 12 ലക്ഷത്തോളം പേരുടെ മുന്നിൽ ബിഡിജെഎസ് പ്രഖ്യാപിച്ചത്. ബിഡിജെഎസ് വന്ന ശേഷം അതിന്റെ ഭാഗമായി കൂടെനിൽക്കുന്നവരാരെങ്കിലും ഒരു ഫിഗറാകുമോ എന്ന് അച്ഛനും മകനും ഭയം. 2015 ഡിസംബർ അഞ്ചിന് ശേഷം ബിഡിജെഎസിന്റെ ഭാഗമായോ എസ്എൻഡിപിയുടെ ഭാഗമായോ ഒരാളെ പോലും ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ അനുവദിക്കാറില്ല.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 35 നിയമസഭാ മണ്ഡലങ്ങളിൽ ബിഡിജെഎസ് മൽസരിച്ചു. ബിജെപി കൊടുത്ത ഹെലികോപ്റ്ററിലാണ് നടേശനും ഭാര്യയും പറന്നുനടന്നത്. ഓരോ സ്ഥാനാർത്ഥിക്കും ഒാരോ കോടി രൂപ വീതവും ബിജെപി ദേശീയ നേതൃത്വവും നൽകി. ആ പണമൊന്നും സ്ഥാനാർത്ഥികൾക്ക് കിട്ടിയിട്ടില്ല. ഒരു ഉദാഹരണം പറയാം. 2019 ൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി വയനാട് മൽസരിച്ചു. ഞാനന്ന് അദ്ദേഹത്തോടൊപ്പം അവിടെ താമസിച്ച് മൽസരിച്ചതാ. അത് ജയിക്കാനുള്ള ഒരു മൽസരമായിരുന്നില്ല. ആ തെരഞ്ഞെടുപ്പിന്റെ പേരിൽ എത്ര കോടി കിട്ടിയിട്ടുണ്ടാകും. അതിന് കുറച്ചുദിവസം കഴിഞ്ഞപ്പോൾ തുഷാറിന്റെ മകൻ ദേവ് തുഷാറിന്റെ പേരിലും നടേശന്റെ ഭാര്യ പ്രീതി നടേശന്റെ പേരിലും 42 ഏക്കർ ഏലക്കാട് കട്ടപ്പനയിൽ രജിസ്റ്റർ ചെയ്തു. എന്റെ കയ്യിൽ രേഖകൾ ഉണ്ട്. ആധാരത്തിൽ 12 കോടിയോ മറ്റോ ആണ് പറഞ്ഞിരിക്കുന്നത്. അതിന്റെ ഇരട്ടി ഞാനങ്ങ് കൊടുക്കാം. എനിക്ക് തരാൻ പറ്റോ. അപ്പോൾ ഈ പണം എവിടെന്നാ ഉണ്ടായിരിക്കുന്നത്.
പൊൻകുടത്തിൽ താമര വിരിയിക്കാൻ വേണ്ടിയാണ് ഹെലികോപ്ടറിൽ കയറിനടന്നത്. പക്ഷെ പൊൻകുടം പൊട്ടിക്കഴിഞ്ഞപ്പോൾ, പിറ്റേ ആഴ്ച്ചയിൽ അദ്ദേഹം നവോത്ഥാന നായകനായി. പിണറായി ഡബിൾ ചങ്കനാണെന്ന് പറഞ്ഞു. ഈ ലോകത്ത് ഇത്ര പെട്ടെന്ന് ഇതുപോലെ നിറംമാറാൻ കഴിയുന്ന മറ്റൊരു മനുഷ്യനുണ്ടോ? അല്ലെങ്കിൽ അദ്ദേഹം ഒരു മനുഷ്യനാണോ എന്നാണ്.
അദ്ദേഹത്തിന് എവിടെയൊക്കെ സ്വത്തുക്കളുണ്ട്?
എന്റെ അറിവിൽ ഇന്ത്യയ്ക്ക് പുറത്ത് പല രാജ്യങ്ങളിലും അദ്ദേഹത്തിന് സ്വത്തുക്കളുണ്ട്. ദുബായിയിൽ ഒരു സ്ഥലം വാങ്ങാൻ പോയപ്പോഴാണല്ലോ ഒരു ചെക്ക് കൊടുത്ത് അദ്ദേഹം കുടുങ്ങിപ്പോയത്. തമിഴ്നാട്ടിലെ അദ്ദേഹത്തിന്റെ സ്വത്തുക്കളൊക്കെ കൈകാര്യം ചെയ്യുന്നത് സുൽത്താൻ ബത്തേരി യൂണിയന്റെ പഴയ സെക്രട്ടറി ഷാജി ബത്തേരിയാണ്. പിന്നെ മറ്റ് സംസ്ഥാനങ്ങളിലും അദ്ദേഹത്തിന് നിക്ഷേപങ്ങളുണ്ട്.
എസ്എൻഡിപിയും എസ്എൻ ട്രസ്റ്റും വെള്ളാപ്പള്ളിയുടെ കാലത്ത് പുതിയ സ്ഥാപനങ്ങളൊന്നും തുടങ്ങിയിട്ടില്ലല്ലോ. വെള്ളാപ്പള്ളിയുടെ കുടുംബത്തിനോ അതുമായി ബന്ധപ്പെട്ട മറ്റ് ട്രസ്റ്റുകൾക്കോ ഈ കാലയളവിൽ പുതിയ സ്ഥാപനങ്ങളോ വ്യവസായങ്ങളോ ഉണ്ടായിട്ടുണ്ടോ?
വെള്ളാപ്പള്ളി ജന. സെക്രട്ടറി ആയ ശേഷം യൂണിയനുകൾ പ്രാദേശികമായി ട്രസ്റ്റുകൾ രൂപീകരിച്ച് സ്ഥാപനങ്ങൾ സ്ഥാപിക്കണമെന്ന് എല്ലാ യൂണിയനുകൾക്കും സർക്കുലർ അയച്ചു. അങ്ങനെ കോട്ടയം, ചങ്ങനാശ്ശേരി, തൊടുപുഴ, മാവേലിക്കര എന്നിങ്ങനെ നിരവധി ഭാഗങ്ങളിൽ സ്ഥാപനങ്ങൾ ആരംഭിച്ചു. അത്തരത്തിലൊരു കോളേജ് തുടങ്ങിയയാളാണ് ഞാനും. ആദ്യം കോളേജുകൾ ആരംഭിച്ചത് മാവേലിക്കര- കോട്ടയം യൂണിയനുകളാണ്. മാവേലിക്കരയിൽ വെള്ളാപ്പള്ളി എസ്എൻ കോളേജ് ഓഫ് എൻജിനീയറിങ് എന്നൊക്കെ പേര് കൊടുത്ത് നല്ല നിലയിൽ വന്നതാണ്. പക്ഷെ അപ്പോൾ സിപിഎമ്മുകാരുമായി പ്രശ്നമായി. ഒടുവിൽ അത് ഗോകുൽ ഗോപാലേട്ടൻ ഏറ്റെടുത്ത് ഇപ്പോൾ നന്നായി മുന്നോട്ടുപോകുന്നു. ഞങ്ങളുടെ യൂണിയൻ പൂഞ്ഞാറിൽ ആരംഭിച്ച കോളേജിനെതിരെ വെള്ളാപ്പള്ളി തന്നെ രംഗത്ത് വന്നു. എന്നോട് അയാൾ കൈചൂണ്ടി പറഞ്ഞിട്ടുണ്ട്, നിന്റെ കോളേജ് ഞാൻ പൂട്ടിക്കുമെന്ന്. അങ്ങനെയൊക്കെ പറയുന്ന ഒരു യോഗം ജന. സെക്രട്ടറിയെ പറ്റി നമുക്ക് ചിന്തിക്കാൻ കഴിയുമോ സാർ. ഒടുവിൽ കോളേജ് യോഗത്തിന് തന്നെ കൈമാറാൻ ഞങ്ങൾ തീരുമാനിച്ചു. പക്ഷെ ആ യോഗത്തിൽ പങ്കെടുത്ത തുഷാർ, ആ കോളേജിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള ബാധ്യതകൾക്ക് നഷ്ടപരിഹാരം നൽകാൻ പോലും തയ്യാറായില്ല. തൊടുപുഴയും അതുതന്നെയാണ് സ്ഥിതി. അതുപോലെ കോതമംഗലം, കുന്നത്തുനാട് എന്നിങ്ങനെ എല്ലാ സ്ഥാപനങ്ങളും തകർച്ചയുടെ വക്കിലാണ്. ഒരു നല്ല കാഴ്ച്ചപ്പാടുള്ള ലീഡറായിരുന്നു വെള്ളാപ്പള്ളി നടേശനെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. ഫസൽ ഗഫൂർ എംഇഎസിന്റെ സ്ഥാപനങ്ങൾ കൊണ്ടുപോകുന്നത് കണ്ടിട്ട് വെള്ളാപ്പള്ളി നടേശൻ കൊതിച്ചിട്ട് കാര്യമില്ല. അയാൾക്ക് ഒരു പ്ലാനുണ്ട്, പദ്ധതിയുണ്ട്. ഇവിടെ അതൊന്നുമില്ല.
പാലായിൽ ടീക്കോയി വില്ലേജിൽ കുരിശുമലയുടെയും തങ്ങൾ പാറയുടെയും ഇടയ്ക്കുള്ള മുരുകന്മല എന്ന 25 ഏക്കർ സ്ഥലം, അവിടത്തെ സ്ഥലവാസികളുടെ അനുവാദത്തോടെ മീനച്ചിൽ യൂണിയന് വേണ്ടി ഏറ്റെടുക്കാൻ ഞാൻ ശ്രമം നടത്തി. അതിനായി ആദ്യം യോഗം ജന സെക്രട്ടറിയുടെ അനുവാദം വാങ്ങി. പിന്നെ മാണി സാറിനെയും അന്നത്തെ റവന്യു മന്ത്രി തിരുവഞ്ചൂരിനെയും പോയി കണ്ടു. ഇക്കാര്യത്തിൽ വളരെ അനുഭാവപൂർണമായ നിലപാടാണ് അദ്ദേഹം കൈകൊണ്ടത്. ഏറ്റകാര്യം ചെയ്യുന്ന ഒരു നേതാവാണ് അദ്ദേഹം എന്നാണ് എന്റെ അനുഭവം. 15 ഏക്കർ പോരെ സന്തോഷെ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അങ്ങനെയെങ്കിൽ 15 ഏക്കർ യൂണിയനും 10 ഏക്കർ യോഗത്തിനും തരാമോ എന്ന നിർദ്ദേശം ആദ്യം വച്ചത് ഞാനാണ്. എന്നിട്ട് വെള്ളാപ്പള്ളിയെ ഫോണിൽ വിളിച്ച് ഞാൻ തിരുവഞ്ചൂരിന് കൊടുത്തു. ഒടുവിൽ തിരുവഞ്ചൂർ സമ്മതിച്ചു. പക്ഷെ ഉത്തരവിറങ്ങിയപ്പോൾ 25 ഏക്കറും യോഗത്തിന് എന്നായിപ്പോയി. തെറ്റ് തിരുത്താൻ ഞാനൊരു അപേക്ഷ നൽകി. വെള്ളാപ്പള്ളിക്ക് എന്നോടുള്ള ദേഷ്യം കൂടാനുള്ള ഒരു കാരണം അതാണ്. അപ്പോഴേയ്ക്കും തിരുവഞ്ചൂർ ആഭ്യന്തരത്തിലേയ്ക്ക് മാറിയിരുന്നു. ഞാൻ അടൂർ പ്രകാശിനെ പോയികണ്ട് ഉത്തരവ് തിരുത്തിച്ചു. എന്നാൽ അടുത്ത ഉത്തരവ് വന്നപ്പോൾ എസ്എൻ ട്രസ്റ്റ് സെക്രട്ടറിയുടെ അപേക്ഷ പ്രകാരം എസ്എൻഡിപി യോഗത്തിന് അനുവദിച്ച 10 ഏക്കർ സ്ഥലം എസ് എൻ ട്രസ്റ്റിന്റെ പേരിലാക്കി. യോഗത്തിന്റെ പേരിലായിരുന്നു ആ സ്ഥലമെങ്കിൽ അത് മുഴുവൻ ഈഴവരുടെയും സ്വത്താകുമായിരുന്നു. എസ്എൻ ട്രസ്റ്റ് എന്നാൽ ഇപ്പോൾ വെള്ളാപ്പള്ളിയും കുറേ സ്വന്തക്കാരും മാത്രമാണല്ലോ. കേരളത്തിലെ മുഴുവൻ ഈഴവരെയും വഞ്ചിച്ചുകൊണ്ട് വെള്ളാപ്പള്ളി നടത്തിയ നാടകത്തിന്റെ ഭാഗമായായിരുന്നു ആ വകമാറ്റം. അങ്ങനെ വകമാറ്റാൻ ഇക്കാര്യം യോഗം കൗൺസിലിൽ ചർച്ച ചെയ്തോ, ഈ ഭൂമി ഏറ്റെടുത്തു കൊടുത്ത യൂണിയനോട് ചർച്ച ചെയ്തോ? ഇത്തരത്തിൽ എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു വ്യക്തിത്വമാണ് വെള്ളാപ്പള്ളി നടേശൻ.