കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് അഡ്വ. എം കെ ദാമോദരൻ വീണ്ടും ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന് വേണ്ടി ഹാജരായി. ലോട്ടറി തട്ടിപ്പ് കേസിൽ 10 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയ കേന്ദ്ര എൻഫോഴ്‌സ്‌മെന്റ് നടപടി ചോദ്യം ചെയ്ത മാർട്ടിന്റെ ഹർജിയിലാണ് ഹൈക്കോടതിയിൽ അദ്ദേഹം വീണ്ടും ഹാജരായത്.

ഹർജി സമർപ്പിക്കാൻ നേരത്തെ ദാമോദരൻ ഹാജരായത് വിവാദമായിരുന്നു. എന്നാൽ, വിവാദങ്ങളെയും വിമർശനങ്ങളെയും അവഗണിച്ചാണ് എം കെ ദാമോദരൻ ലോട്ടറി രാജാവിനു വേണ്ടി ഹാജരായത്.

എൻഫോഴ്‌സ്‌മെന്റ് നടപടിയിൽ ഹൈക്കോടതി ഇടപെടണമെന്ന് ദാമോദരൻ വാദിച്ചു. എന്നാൽ ഈ സാഹചര്യത്തിൽ കോടതി ഇടപെടേണ്ട ആവശ്യമുണ്ടോ എന്ന് ആരാഞ്ഞ ജസ്റ്റീസ് പി.ബി.സുരേഷ് കുമാർ ഹർജിക്കാരൻ വകുപ്പ് തലത്തിൽ അപ്പീൽ നൽകുന്നതല്ലേ ഉചിതമെന്ന് ആരാഞ്ഞു. എന്നാൽ കോടതിക്ക് ഈ സാഹചര്യത്തിലും ഇടപെടാൻ കഴിയുമെന്ന് ദാമോദരൻ വാദിച്ചു. തുടർന്ന് കേസ് വിശദമായി വാദം കേൾക്കുന്നതിന് വ്യാഴാഴ്ചത്തേക്ക് മാറ്റി.

ലോട്ടറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മാർട്ടിനെതിരേ രജിസ്റ്റർ ചെയ്ത 33 കേസുകളിൽ 21 എണ്ണം സിബിഐ റദ്ദാക്കിയിരുന്നു. സിബിഐ നടപടി ചോദ്യം ചെയ്ത് സർക്കാർ അപ്പീൽ നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകൻ തന്നെ മാർട്ടിന് വേണ്ടി ഹാജരായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ആയിരിക്കെ സാന്റിയാഗോ മാർട്ടിൻ ലോട്ടറി വിൽപ്പനക്കാരനായി കോടതിയിൽ ഹാജരായതിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. തുടർന്ന് ദാമോരൻ ഉപദേശക സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വീണ്ടും മാർട്ടിനായി കോടതിയിൽ ഹാജരായത്.