- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഭൂമിപൂജ നടത്തിയത് വരാനിരിക്കുന്ന വിധിയിൽ അത്രമേൽ വിശ്വാസം സർക്കാരിനുള്ളതുകൊണ്ട്'; പാർലിമെന്റ് തറക്കലിടലിൽ രൂക്ഷ വിമർശനവുമായി പ്രശാന്ത് ഭൂഷൺ; കേന്ദ്രസർക്കാർ നടപടിയിൽ വ്യാപക പ്രതിഷേധം
ന്യൂഡൽഹി: സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ തുടർനടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോയതിനെ രൂക്ഷമായി വിമർശിച്ച് അഡ്വ പ്രശാന്ത് ഭൂഷൺ.വിവാദങ്ങൾക്കിടെ പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ട കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെയാണ് പ്രശാന്ത് ഭൂഷണിന്റെ വിമർശനം.പുതിയ പാർലമെന്റ് മന്ദിരത്തിന്റെ സാധുത സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെ മറികടന്നുകൊണ്ട് തറക്കല്ലിട്ട കേന്ദ്രത്തിന്റെ പ്രവൃത്തി അമ്പരപ്പിക്കുന്നതാണ്.സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഒരു കേസായിരുന്നിട്ടു കൂടി ഇത്തരം ഒരു നടപടിയിലേക്ക് കടക്കാൻ കേന്ദ്രസർക്കാർ മുതിർന്നിട്ടുണ്ടെങ്കിൽ വരാനിരിക്കുന്ന കോടതി വിധിയിൽ സർക്കാരിന് അത്രമാത്രം ആത്മവിശ്വാസമുണ്ടാകണമെന്നും അല്ലെങ്കിൽ തികച്ചും നിരുത്തരവാദപരമായ സമീപനം ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം എതിർക്കുന്ന ഹരജികൾ തീർപ്പാക്കും വരെ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാൽ ശിലാസ്ഥാപനചടങ്ങിനും മറ്റ് ഔദ്യോഗിക ജോലികൾക്കും തടസമില്ലെന്ന പഴുത് ഉപയോഗിച്ചാണ് നിലവിൽ ഭൂമിപൂജ നടത്തിയത്.കേന്ദ്രസർക്കാരിന്റെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ അറിയിച്ചത്.
അതേസമയം, പ്രതിപക്ഷ കക്ഷികളുടെയും ഇന്ത്യൻ സാമൂഹിക -സാംസ്കാരിക രംഗത്തെ പ്രവർത്തകരുടെയും എതിർപ്പുകൾ വകവെക്കാതെയാണ് നരേന്ദ്ര മോദി പുതിയ പാർലമെന്റ് നിർമ്മാണത്തിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.തന്റെ സ്വകാര്യ താത്പര്യത്തിനല്ല കോടികൾ ഇത്തരമൊരു പദ്ധതിയെന്നാണ് മോദി പറയുന്നത്. രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ പുതിയ ഒരു നാഴിക കല്ലായ് പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കാനാണ് ശ്രമം എന്നാണ് പ്രധാമന്ത്രിയുടെ അവകാശവാദം.ഇരുന്നൂറോളം പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്. ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിങ്, രവിശങ്കർ പ്രസാദ്, ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായണൻ സിങ്, വിദേശ പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
മോദി സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് 20000 കോടി രൂപ ചെലവിൽ രാജ്യതലസ്ഥാനത്ത് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുക എന്നത്.ത്രികോണ ആകൃതിയിൽ പുതിയ മന്ദിരം നിർമ്മിക്കുന്നതിന് പുറമെ പ്രധാനമന്ത്രിക്കും, വൈസ് പ്രസിഡന്റിനുമായി പുതിയ വസതി, ശാസ്ത്രി ഭവൻ, ഉദ്യോഗ് ഭവൻ, തുടങ്ങി പത്തോളം കെട്ടിട നിർമ്മാണ ബ്ലോക്കുകൾ ഉൾപ്പെടുന്നതാണ് പദ്ധതി.