തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് രാജിവച്ച സിആർ മഹേഷിനെ സ്വാഗതം ചെയ്ത് യുവമോർച്ചാ ജനറൽ സെക്രട്ടറി ആർ എസ് രാജീവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. രാജീവിന് വേണ്ടി ബിജെപി സജീവമായി രംഗത്തുണ്ടെന്ന വിലയിരുത്തൽ സജീവമാണ്. അതിനിടെയാണ് പരസ്യ നിലപാട് പ്രഖ്യാപനവുമായി യുവമോർച്ചാ നേതാവ് രംഗത്തെത്തുന്നത്.

രാഹുൽ ഗാന്ധിക്ക് ഭാരതത്തെ നയിക്കാൻ ഒരു യോഗ്യതയുമില്ല എന്ന് താങ്കൾ പരോക്ഷമായി സമ്മതിക്കുമ്പോൾ ഒരു തരത്തിൽ അത് നരേന്ദ്ര മോദിക്കുള്ള അംഗീകാരം കൂടിയാണ്... താങ്കളെ പോലെ രാജ്യം ആവശ്യപ്പെടുന്ന കഴിവുള്ള പ്രവർത്തിക്കാൻ മനസുള്ള ഒരു ചെറുപ്പക്കാരൻ മുഖ്യ ധാരാ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്നത് രാജ്യ നന്മയെ ആഗ്രഹിക്കുന്ന ഒരാളും പ്രതേകിച്ചു ഒരു ബിജെപി കാരനും ആഗ്രഹിക്കുന്നില്ല...- രാജീവ് ഫെയ്‌സ് ബുക്കിൽ കുറിച്ചു.

നേരത്തെ താൻ ബിജെപിക്കൊപ്പമോ സിപിഎമ്മിനൊപ്പമോ പോവില്ലെന്ന് മഹേഷ് മറുനാടനോട് വിശദീകരിച്ചിരുന്നു. അതിന് ശേഷമാണ് രാജീവ് പരസ്യമായി മഹേഷിനെ യുവമോർച്ചയിലേക്കും ബിജെപിയിലേക്കും സ്വാഗതം ചെയ്യുന്നത്. ജന നന്മയ്ക്കായി മുന്നോട്ടു പോകാൻ കോൺഗ്രസ് രാഷ്ട്രീയം അനുവദിക്കുന്നില്ല എങ്കിൽ ഞങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാം...പ്രവർത്തിക്കുന്നവർക്ക് മാത്രം അംഗീകാരം നൽകുന്ന ഒരു പ്രസ്ഥാനം താങ്കളെ ആഗ്രഹിക്കുന്നു...-ഇങ്ങനെയാണ് സ്വാഗതം ചെയ്യൽ.

ആർ എസ് രാജീവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

പ്രിയപ്പെട്ട സി ആർ മഹേഷ്...
രാഷ്ട്രീയമായി നമ്മൾ വിവിധ ചേരിയിൽ ആണെങ്കിലും...
രാജ്യനന്മയും മനുഷ്യ നന്മയും ആഗ്രഹിക്കുന്നതിൽ താങ്കളും
ഒരു പൊതു പ്രവർത്തകനാണ്.
നേതൃത്വത്തിന്റെ കഴിവില്ലായ്മ..താങ്കൾ തുറന്നടിക്കുമ്പോൾ ഉള്ളിലെ നന്മ കാണാതെ ഈ അവസരം നോക്കി ആഞ്ഞു കുത്താൻ കോൺഗ്രസ് നേതാക്കൾ കാണിക്കുന്ന വ്യഗ്രത താങ്കൾ മനസിലാക്കുമെന്നും വിശ്വസിക്കുന്നു..
കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ പടുകുഴിയിൽ വീഴ്‌ത്തിയ രാഹുൽ ഗാന്ധിക്ക് ഭാരതത്തെ നയിക്കാൻ ഒരു യോഗ്യതയുമില്ല എന്ന് താങ്കൾ പരോക്ഷമായി സമ്മതിക്കുമ്പോൾ ഒരു തരത്തിൽ അത് നരേന്ദ്ര മോദിക്കുള്ള അംഗീകാരം കൂടിയാണ്...
താങ്കളെ പോലെ രാജ്യം ആവശ്യപ്പെടുന്ന കഴിവുള്ള പ്രവർത്തിക്കാൻ മനസുള്ള ഒരു ചെറുപ്പക്കാരൻ മുഖ്യ ധാരാ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്നത് രാജ്യ നന്മയെ ആഗ്രഹിക്കുന്ന ഒരാളും പ്രതേകിച്ചു ഒരു ബിജെപി കാരനും ആഗ്രഹിക്കുന്നില്ല...
ജന നന്മയ്ക്കായി മുന്നോട്ടു പോകാൻ കോൺഗ്രസ് രാഷ്ട്രീയം അനുവദിക്കുന്നില്ല എങ്കിൽ ഞങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാം...
പ്രവർത്തിക്കുന്നവർക്ക് മാത്രം അംഗീകാരം നൽകുന്ന ഒരു പ്രസ്ഥാനം താങ്കളെ ആഗ്രഹിക്കുന്നു...