തിരുവനന്തപുരം: കുഞ്ഞ് അനുപമയുടേത് എന്ന് ഡിഎൻഎ ടെസ്റ്റിലൂടെ തെളിഞ്ഞതോടെ കുട്ടിയെ ദത്ത് നൽകിയവർക്കെതിരെ രോഷം അണ പൊട്ടുകയാണ്. അനുപമയുടെ കുഞ്ഞിനെ ലഭിച്ച ദിവസങ്ങളിലെ ശിശുക്ഷേമ സമിതിയിലെ സിസി ടിവി ദൃശ്യങ്ങൾ ജനസെക്രട്ടറി ഷിജു ഖാൻ നശിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. കുഞ്ഞിന്റെ അനധികൃത ദത്ത് സംഭവത്തിൽ ഷിജുഖാനെതിരെ ജീവനക്കാർ തന്നെ രംഗത്തെത്തിയിരുന്നു. ഒടുവിൽ കുട്ടി അനുപമയുടേതെന്ന് തെളിഞ്ഞു. ഇനി യഥാർത്ഥത്തിൽ തെറ്റ് ചെയ്ത അനുപമയുടെ അച്ഛൻ ജയചന്ദ്രനും ശിശുക്ഷേമ സമിതി അധ്യക്ഷൻ ഷിജുഖാനും എന്തു സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ശിശുക്ഷേമ സമിതിക്ക് ദത്തുകൊടുക്കാൻ ലൈസൻസുണ്ടോ എന്നതും സംശയമായി തുടരുന്നു. കുടുംബ കോടതിയിൽ ഇതു സംബന്ധിച്ച് നടന്ന വാദങ്ങൾ ഗുരുതര സ്വഭാവത്തിലുള്ളതാണ്. ഷിജു ഖാൻ ശിശു ക്ഷേമ സമിതിയിലെ കംസൻ എന്നാണ് യൂത്ത് കോൺഗ്രസ് നേതാവായ അഡ്വ.വീണ എസ് നായർ ഫേസ്‌ബുക്കിൽ കുറിച്ചത്.

വീണയുടെ പോസ്റ്റ് വായിക്കാം:

ഷിജു ഖാൻ ശിശു ക്ഷേമ സമിതിയിലെ കംസൻ; കുട്ടിക്കടത്തിനു കൂട്ടുനിന്നിട്ടും സി പി എമ്മിന് പ്രിയപ്പെട്ടവൻ; ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറിക്ക് എതിരെ ചെറു വിരൽ അനക്കാൻ പോലും സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്ന് അഡ്വ.വീണ എസ് നായരുടെ പോസ്റ്റ്

ശിശു ക്ഷേമ സമിതിയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ കംസന്റെ പ്രവർത്തികൾക്ക് തുല്യമാണ്. കുഞ്ഞിനെ കടത്താൻ കൂട്ട് നിന്ന ഷിജു ഖാനെതിരെ നടപടിയെടുക്കാൻ എന്തിനാണ് സർക്കാർ മടിക്കുന്നത്?കുട്ടി അനുപമയുടേതാണ് എന്ന് തെളിഞ്ഞിരിക്കുന്നു.

കോടതിയിൽ നിന്നും തിരിച്ചടി ഭയന്ന് കുട്ടിയെ തിരികെ കൊണ്ട് വന്നത് തന്നെ ഏറ്റവും വലിയ കുറ്റസമ്മതമാണ്. എല്ലാ കൊള്ളരുതായ്മക്കും കൂട്ടുനിന്നു എന്ന് തെളിഞ്ഞിട്ടും ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെതിരെ ചെറു വിരൽ അനക്കാൻ പോലും സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണ്. ഷിജു ഖാൻ രാജിവച്ചാൽ എല്ലാം അറിഞ്ഞിട്ടും നിഷ്‌ക്രിയത്വം പാലിച്ച മുഖ്യമന്ത്രിക്കെതിരെ വിമർശനത്തിന്റെ കുന്തമുന തിരിയും എന്ന് ഭയന്നിട്ടാണോ?

തിരുവനന്തപുരം കൈതമുക്കിലെ കുട്ടികൾ പട്ടിണി കാരണം മണ്ണ് വാരി തിന്നേണ്ട സാഹചര്യമുണ്ടായി എന്ന സത്യം തുറന്ന് സമ്മതിച്ച എസ് പി ദീപക്കിനെ പുറത്താക്കാൻ സി പി എമ്മിന് നിമിഷങ്ങൾ മാത്രം മതിയായിരുന്നു. പക്ഷെ കുട്ടിക്കടത്തിനു കൂട്ടുനിന്ന ഷിജു ഖാൻ ഇന്നും സി പി എമ്മിന് പ്രിയപ്പെട്ടവൻ.

ഷിജു ഖാനെപ്പോലെ നിയമലംഘകർക്കെതിരെ ഇനിയെങ്കിലും നടപടിയെടുത്തില്ലെങ്കിൽ നിരവധി അമ്മമാർക്ക് തങ്ങളുടെ കുഞ്ഞിനെ കിട്ടാൻ ശിശു ക്ഷേമ സമിതിയുടെ മുന്നിൽ ഇതുപോലെ സമരം ചെയ്യേണ്ട ദുരവസ്ഥ ഉണ്ടാകുന്നത് നമ്മൾ കാണേണ്ടിവരും.