കേരളം ഇന്ത്യയുടെ ടൂറിസം കേന്ദ്രങ്ങളിൽ പ്രധാനമാണ്. മനോഹരമായ ബീച്ചുകൾ, അതിസുന്ദരമായ കായൽ നിരപ്പുകൾ, ഉയർന്നു പൊന്തിയ മലനിരകൾ ഇവയെല്ലാം ചേർന്ന് കേരളം സഞ്ചാരത്തിന്റെ പറുദീസയായി മാറിയിരിക്കുന്നു. ആ സുന്ദര ഭൂപടത്തിലെ ഏറ്റവും പുതിയ കണ്ണിയാണ് സാഹസിക ടൂറിസം. കേരളത്തിൽ നിശബ്ദമായ സാഹസിക ടൂറിസം വിപ്ലവം സൃഷ്ടിച്ച ഒരു മലയാളിയെ പരിചയപ്പെടാം.

കുറച്ചുകാലം മുൻപാണ് കൃത്യമായി പറഞ്ഞാൽ 2014 മെയ് 20. കണ്ണൂർ മുഴുപ്പിലങ്ങാട് കടപ്പുറത്ത് ഒരു കൈക്കുഞ്ഞിനെ പാരാസെയ്‌ലിംഗിൽ ഒറ്റയ്ക്കു പറത്തിവിട്ട സംഭവം വലിയ വാർത്തയായി മാറി. പതിനൊന്നുമാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെക്കൊണ്ട് മാതാപിതാക്കൾ നടത്തിയ സാഹസം ടെലിവിഷൻകാമറകൾ പകർത്തി അവരെ നിയമക്കുരുക്കിലാക്കുകതന്നെ ചെയ്തു. ലോകത്തെവിടെയുമെന്നപോലെ കേരളത്തിലും പടർന്നുപിടിക്കുന്ന സാഹസിക വിനോദസഞ്ചാരത്തിന്റെ ഒരു പ്രതീകമായിരുന്നു, ആ സംഭവം.

ആഗോളവൽക്കരണകാലത്ത് ലോകമെങ്ങും പ്രകടമാകുന്ന ഏറ്റവും ശ്രദ്ധേയമായ ഒരു മാനുഷികാനുഭവം എന്ന നിലയിൽ ആഭ്യന്തരവും രാജ്യാന്തരവുമായ ടൂറിസം വ്യവസായവും കലയും വിനോദവും സംസ്‌കാരവുമായിക്കഴിഞ്ഞിരിക്കുന്നു. കേരളമാകട്ടെ ഈ രംഗത്ത് ഒരു ലോകതാരവുമാണ്. നാഷണൽ ജിയോഗ്രഫിക്കിന്റേതുൾപ്പെടെയുള്ള വിനോദസഞ്ചാരചാർട്ടുകളിൽ കേരളം ഏറ്റവും മുകളിൽ ഇടംപിടിക്കുന്നത് ഇന്നൊരു വാർത്തതന്നെയല്ല. 2014ൽ നാഷണൽ ജിയോഗ്രഫിക് തെരഞ്ഞെടുത്ത അൻപത് വിനോദസഞ്ചാര രീതികളിലൊന്ന് കേരളത്തിലെ 'കയാക്കിങ്' ആയിരുന്നുവെന്നതാണ് ഈ രംഗത്തെ ഏറ്റവും പുതിയ വിശേഷം. സാഹസികവിനോദസഞ്ചാരഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം അടയാളപ്പെടുത്തുകയായിരുന്നു, ഈ തെരഞ്ഞെടുപ്പ്.

ബാക്ക് വാട്ടർ, ഹിൽസ്റ്റേഷൻ, ഹെറിറ്റേജ്, സ്‌പൈസ്, ഫാം, എസ്റ്റേറ്റ്, ആയുർവേദിക്, പിൽഗ്രിം, കൾച്ചർ എന്നിങ്ങനെ ഒൻപതോളം വിഭാഗങ്ങളിലാണ് കേരളത്തിന്റെ ടൂറിസം വിപണിയും വിനോദസാധ്യതകളും വിദേശികളെ ആകർഷിച്ചുകൊണ്ടിരിക്കുന്നത്. ഈ രംഗത്തെ പത്താമത്തെ മേഖലയായി രൂപംകൊണ്ടുകഴിഞ്ഞിരിക്കുന്നു, അഡ്വഞ്ചർ ടൂറിസം.


അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ വലിച്ചുകെട്ടിയ കമ്പിവടത്തിലൂടെ നടക്കുക (ഫിലിപ്പ് പെറ്റിറ്റിന്റെ ജീവിതകഥ ചിത്രീകരിക്കുന്ന The Walk എന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രം ഓർക്കുക). ഹിമാലയം പോലുള്ള പർവതസാനുക്കളിൽ രക്ഷാദൗത്യമോ പര്യവേക്ഷണമോ നടത്തുക (Cliffhanger മുതൽ Everest വരെയുള്ള സിനിമകൾ ഓർക്കുക), ഒറ്റയ്ക്ക് പായ്ക്കപ്പലിൽ മഹാസമുദ്രങ്ങൾ താണ്ടുക (മലയാളിയായ അഭിലാഷ് ടോമിയെ ഓർക്കുക) എന്നിങ്ങനെ വിരലിലെണ്ണാവുന്ന ചുരുക്കം ചിലർക്കു മാത്രം സാധ്യമാകുന്ന മഹാസാഹസങ്ങളെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ലോകമെങ്ങും പതിനായിരക്കണക്കിനാളുകൾ അത്യാവേശത്തോടെ ഇടപെടുന്ന സാഹസിക വിനോദസഞ്ചാരരംഗം കേരളത്തിൽ വേരുപിടിക്കുന്നതിനെക്കുറിച്ചും മലയാളികൾ ആ രംഗത്ത് പങ്കാളികളെന്നപോലെ നിക്ഷേപകരും സംരംഭകരുമാകുന്നതിനെക്കുറിച്ചുമാണ്.

ട്രെക്കിങ്, പാരാഗ്ലൈഡിങ്, പാരാസെയ്‌ലിങ്, ബാംബൂ റാഫ്റ്റിങ്, സൈക്കിളിങ്, കയാക്കിങ്, റോപ്പ് ക്ലൈംബിങ്, റോക്ക് ക്ലൈംബിങ്, സ്‌കൈഡൈവിങ്, ബലൂണിങ്, സിപ് ലൈൻ, ബഞ്ചീജംപിങ്... എന്നിങ്ങനെ എത്രയെങ്കിലും സാഹസങ്ങൾ വിനോദങ്ങളായി ജനപ്രീതിനേടുന്ന കാലമാണ് നമ്മുടേത്. കൊച്ചി സ്വദേശിയായ പ്രദീപ് മൂർത്തി (43)യെന്ന എഞ്ചിനീയർ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഈ രംഗത്ത് ദേശീയതലത്തിൽതന്നെ അംഗീകാരവും ശ്രദ്ധയും നേടിയ സംരംഭകനായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലും ദക്ഷിണേന്ത്യയിലും രാജസ്ഥാനിലുമായി വ്യാപിച്ചുകിടക്കുന്ന അൻപതോളം വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സ്വന്തം നിലയിലും ടാജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി കൂട്ടുചേർന്നും പ്രദീപിന്റെ സ്ഥാപനമായ 'മഡ്ഡിബൂട്ട്‌സ് വെക്കേഷൻസ്' നടത്തുന്ന സാഹസവിനോദസംരംഭങ്ങൾ ഏറെ കൗതുകകരമായ ഒരു കഥയാണു പറയുന്നത്.

പ്രതിമാസം ആയിരംപേരെങ്കിലും മഡ്ഡിബൂട്ട്‌സിന്റെ സാഹസവിനോദങ്ങൾ തേടിയെത്തുന്നു. മുഖ്യമായും വയനാട്, വടക്കൻ മലബാർ, മധ്യകേരളം, കൂർഗ്, നീലഗിരി, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലാണ് പ്രദീപും വിദഗ്ദ്ധ പരിശീലനം നേടിയ അദ്ദേഹത്തിന്റെ ജീവനക്കാരും തങ്ങളുടെ കസ്റ്റമേഴ്‌സിനെ കാത്തിരിക്കുന്നത്. വിനോദയാത്രകൾ കേവലം വിനോദമോ നേരംപോക്കോ കാഴ്ചകൾ കണ്ടുനടക്കലോ മാത്രമല്ലെന്നും അവിസ്മരണീയമായ ഒരു ജീവിതാനുഭവത്തിൽ സ്വയം പങ്കാളിയാകുന്ന അസുലഭമായ ഒരവസരമാണെന്നും മഡ്ഡിബൂട്ട്‌സ് നിങ്ങളെ പഠിപ്പിക്കും.

കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിൽനിന്ന് ഇലക്ട്രോണിക്‌സിൽ ബി.ടെക്കും ബാംഗ്ലൂർ ഐ.എ.എമ്മിൽ നിന്ന് എം.ബി.എയും നേടിയ പ്രദീപ് മൂർത്തി പതിമൂന്നു വർഷത്തോളം വിവിധ സ്വകാര്യപൊതുമേഖലാസ്ഥാപനങ്ങളിൽ ജോലിചെയ്തു. അപ്പോഴൊക്കെയും പക്ഷെ മൂർത്തിയുടെ മനസ്സ്, കോളേജ്പഠനകാലത്ത് കൂട്ടുകാർക്കൊപ്പം കക്കടാംപൊയിലിലേക്കും പശ്ചിമഘട്ടത്തിലേക്കും നടത്തിയ ട്രെക്കിംഗുകളുടെ ഓർമകളിലായിരുന്നു.

പ്രകൃതി, അതിന്റെ വിസ്മയങ്ങൾ കാണിച്ച് തന്നെ പ്രലോഭിപ്പിച്ച യൗവനത്തിന്റെ ലഹരികളിലേക്ക് സ്വയം പങ്കാളിയും നിക്ഷേപകനുമായി മടങ്ങി, അങ്ങനെ പ്രദീപ്. റോബി കുര്യൻ എന്ന സുഹൃത്തുമായി ചേർന്ന് 2009ലാണ് മഡ്ഡിബൂട്ട്‌സ് ആരംഭിക്കുന്നത്. പിന്നീട് ആ സുഹൃത്തു പിന്മാറിയതോടെ പ്രദീപ് ഒറ്റയ്ക്കാണ് തന്റെ വിനോദസഞ്ചാര വ്യവസായഭൂപടത്തിൽ പുതിയ അക്ഷാംശങ്ങളും രേഖാംശങ്ങളും വരച്ചുചേർക്കുന്നത്. ഇംഗ്ലണ്ടിൽ സകുടുംബം താമസമാക്കിയിരിക്കുന്ന പ്രദീപ് അക്ഷരാർഥത്തിൽ ഒരു Globterotter തന്നെയാണ്. യൂറോപ്പിലും ആസ്‌ട്രേലിയയിലും നിന്നുള്ള വിനോദസഞ്ചാരികളെ ഇന്ത്യയിലെത്തിക്കുന്ന സമാന്തര സംരംഭത്തിനൊപ്പം തന്റെ സ്വന്തം സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കും ദൈനംദിന നേതൃത്വം നൽകുന്നു പ്രദീപ്.

മാറുന്ന ടൂറിസം സംസ്‌കാരത്തിന്റെ ഭാഗമാണ് സാഹസികവിനോദങ്ങളെന്ന് പ്രദീപ് പറയുന്നു: 'വെറുതെ കാഴ്ചകൾ കണ്ടു മടങ്ങാനല്ല ഇന്ന് മലയാളികളുൾപ്പെടെ ആർക്കും താൽപര്യം. തങ്ങൾകൂടി പങ്കാളികളാകുന്ന എന്തെങ്കിലുമൊക്കെ ഓർമയിൽ സൂക്ഷിക്കാൻ എല്ലാ വിനോദയാത്രികരും കൊതിക്കുന്നു. ടെലിവിഷൻചാനലുകൾ പ്രചരിപ്പിക്കുന്ന സാഹസവിനോദങ്ങൾ ഇതിനു വലിയ പ്രേരണയായിട്ടുണ്ട്.

തീംപാർക്കുകളുടെ പരിമിതി മറികടക്കാൻ ഒറ്റവഴിയേ ഉള്ളു. പ്രകൃതിയിലേക്കു നേരിട്ടിറങ്ങുക'. എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്നവയല്ല സാഹസികവിനോദങ്ങളെന്ന് പൊതുവെ കരുതപ്പെടുന്നുണ്ട്. ഇതു ശരിയല്ല എന്നാണ് പ്രദീപിന്റെ പക്ഷം. 'യുവാക്കൾ മാത്രമാണ് ഇവയിൽ താൽപര്യം കാണിക്കുന്നതെന്ന ധാരണ തെറ്റാണ്. സകുടുംബമെത്തുന്നവരാണ് എന്റെ കസ്റ്റമേഴ്‌സിൽ വലിയൊരു ശതമാനം. സ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. സ്ത്രീകൾ മാത്രമുള്ള സംഘങ്ങൾതന്നെ പലപ്പോഴും എത്താറുണ്ട്'.

പ്രകൃതിബദ്ധവും പരിസ്ഥിതിസന്തുലിതവുമാണ് പ്രദീപിന്റെ ഓരോ സാഹസ വിനോദപരിപാടിയും. വനംവകുപ്പുമായി ചേർന്നുതന്നെയാണ് പലതും നടത്തുന്നത്. ഏറെ സാഹസം ആവശ്യമുള്ളവ, തികച്ചും പ്രകൃതിബദ്ധമായവ, കുറച്ചൊരു അപകടസാധ്യതയുള്ളവ എന്നിങ്ങനെ ഏതുതരം സാഹസവിനോദവും യാത്രികർക്ക് യഥേഷ്ടം തെരഞ്ഞെടുക്കാം. പ്രതിദിനം 15,00, 20,00 രൂപ ചെലവുവരും, ഓരോന്നിനും. ഭക്ഷണവും താമസവും പുറമെ.


നാലു മേഖലകളിലാണ് പ്രദീപും മഡ്ഡിബൂട്ട്‌സും മുഖ്യമായും ഇടപെടുന്നത്.

1. വ്യക്തികൾക്കോ, ഇരുനൂറോ മുന്നൂറോ പേർവരെയുള്ള സംഘങ്ങൾക്കോ സാഹസവിനോദപരിപാടികൾ നേരിട്ട് നടത്തിക്കൊടുക്കുക.

2. ടാജ് ഉൾപ്പെടെയുള്ള ഹോട്ടലുകളുമായി ചേർന്ന്, അവരുടെ ഉപഭോക്താക്കൾക്കുവേണ്ട സാഹസവിനോദങ്ങൾ ഒരുക്കിനൽകുക.

3. യൂറോപ്പിലും ഓസ്‌ട്രേലിയയിലും നിന്നുള്ള യാത്രികരെ ദക്ഷിണകേരളത്തിലെ തന്റെ സാഹസവിനോദസ്ഥാപനങ്ങളിലെത്തിക്കുക.

4. സ്വകാര്യവ്യക്തികൾക്കോ റിസോർട്ടുകൾക്കോ ഒക്കെ സാഹസികവിനോദപദ്ധതികൾ നിർമ്മിച്ചുനൽകുക.

മലയാളികൾ ഇപ്പോഴും ഈ വിനോദരംഗത്തേക്കു മടിച്ചുമടിച്ചാണ് കടന്നുവരുന്നത് എന്ന് പ്രദീപ് സമ്മതിക്കും. തന്റെ കസ്റ്റമേഴ്‌സിൽ പത്തുശതമാനത്തിൽ താഴെ മാത്രമേ മലയാളികളുള്ളു എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എങ്കിലും മാറിവരുന്ന വിനോദസഞ്ചാരമനസ്സ് മലയാളികളെയും ഈ രംഗത്തേക്കാകർഷിക്കുമെന്നതിൽ പ്രദീപിനു സംശയമില്ല. കേരളാടൂറിസം ഇപ്പോൾ ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്ന മേഖലകളിലൊന്നും സാഹസികവിനോദസഞ്ചാരത്തിന്റേതാണ്.

വ്യക്തികൾക്കും കുടുംബങ്ങൾക്കും കോർപ്പറേറ്റ്ബിസിനസ് ഗ്രൂപ്പുകൾക്കും സ്‌കൂൾ കുട്ടികൾക്കുമൊക്കെവേണ്ടി എത്രയെങ്കിലും പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട് മഡ്ഡിബൂട്ട്‌സ്. നേപ്പാളിലും ഗൾഫിലും കേരളത്തിലുമൊക്കെ പല സ്ഥാപനങ്ങൾക്കും ചില വ്യക്തികൾക്കും ഇത്തരം പ്രോജക്ടുകൾ നിർമ്മിച്ചുനൽകുന്നുമുണ്ട്. ഔട്ട്‌ലുക് ട്രാവലർ തെരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ആറ് അഡ്വഞ്ചർ ടൂറിസം സ്ഥാപനങ്ങളിലൊന്ന് മഡ്ഡിബൂട്ട്‌സ് ആണ്. വിനോദയാത്രയെന്നത് വെറുമൊരു കാഴ്ചകാണലല്ല, ശരീരവും മനസ്സും കൊണ്ട് പങ്കാളിത്തമുറപ്പാക്കുന്ന എന്തെങ്കിലുമാണ് എന്നു കരുതുകയും അതിനാഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പ്രദീപിനെ ബന്ധപ്പെടാം.

ഫോൺനമ്പർ : +91-9544201249
ഇമെയിൽ : pradeep@muddyboots.in
വെബ്‌സൈറ്റ് : www.muddyboots.in