ഇടുക്കി: വീട്ടുകാരെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പിതാവ് എത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന വഴിക്ക് കാമുകൻ സിനിമ സ്‌റ്റൈലിൽ എത്തി രക്ഷിച്ചു. ഇടുക്കി തൊടുപുഴയിലാണ് ഉദ്യേഗപരമായ സംഭവം നടന്നത്.കാമുകിയെ അച്ഛൻ ഇറക്കിക്കൊണ്ടു പോയതറിഞ്ഞ് കാമുകൻ ആംബുലൻസിൽ പിന്നാലെയെത്തിയാണ് യുവതിയെ തിരിച്ച് തന്നോടൊപ്പം കൊണ്ട് പോയത്. ഒടുവിൽ നാട്ടുകാരും പൊലീസും എല്ലാം ഇടപെട്ടതോടെയാണ് പ്രശനം അവസാനിച്ചത്.

തൊടുപുഴ മൂവാറ്റുപുഴ റൂട്ടിൽ ആനിക്കാട് പള്ളിക്കവലയിലാണ്നായകനും കാമുകനും കാമുകിയും പിതാവും പൊലീസും നാട്ടുകാരും ആംബുലൻസും ട്രാഫിക് ബ്ളോക്കുമെല്ലാം ചേർന്ന സിനിമയെ വെല്ലുന്ന രംഗങ്ങൾ നടന്നത്.യുവതിയും കാമുകനും ഒരുമിച്ച് ജീവിതം തുടങ്ങിയിട്ട് മൂന്ന് മാസത്തോളമായി.

തൊടുപുഴ സ്വദേശിനിയായ യുവതി മണക്കാടുള്ള യുവാവും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നതിന് ഇടയിലാണ് പരിചിതരാകുന്നതും പ്രണയത്തിലാകുന്നതും. ഇരുകുടുംബങ്ങളും ബന്ധത്തിൽ എതിർപ്പ് രേഖപ്പെടുത്തിയതോടെ മൂന്നുമാസം മുൻപ് യുവതിയും യുവാവും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. മകളെ പിൻതിരിപ്പിക്കാൻ മാതാപിതാക്കൾ പലവട്ടം ശ്രമിച്ചെങ്കിലും കാമുകനൊപ്പം ജീവിക്കാൻ പെൺകുട്ടി തീരുമാനിക്കുകയായിരുന്നു.

ഇന്നലെ രാവിലെ തൊടുപുഴയിൽ ഇവർ താമസിക്കുന്ന വീട്ടിലെത്തിയ പിതാവ് മകളെ അനുനയിപ്പിച്ച് ബൈക്കിൽ കൊണ്ടുവരികയായിരുന്നു. വിവരം അറിഞ്ഞ കാമുകൻ ആംബുലൻസിൽ സുഹൃത്തുക്കളുമായി പിൻതുടർന്നു. ആനിക്കാട് ബൈക്കിനു കുറുകെ ആംബുലൻസ് നിർത്തി യുവതിയെ മടക്കി കൊണ്ടുപോകാൻ യുവാവ് ശ്രമിച്ചതോടെ ബഹളമായി. ബഹളം മൂത്തതോടെ കൂടുതൽ ആളുകൾ തടിച്ചുകൂടിയത് ഈ റൂട്ടിൽ ഗതാഗതസ്തംഭനത്തിനും ഇടയാക്കി. നാട്ടുകാരും ജനപ്രതിനിധികളും സംഭവസ്ഥലത്ത് എത്തിയതോടെ വിവരം പൊലീസിൽ അറിയിച്ചു.

ഒടുവിൽ പൊലീസ് സ്ഥലത്തെത്തി യുവതിയേയും പിതാവിനേയും കാമുകനേയും സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ കാമുകനൊപ്പം പോകാനാണ് താൽപര്യമെന്ന് യുവതി പൊലീസിനെ അറിയിക്കുകയായിരുന്നു. തങ്ങൾ വിവാഹിതരാണെന്ന് യുവാവും പറഞ്ഞു. എന്നാൽ വിവാഹരേഖകൾ കാണണമെന്ന ആവശ്യമാണ് പിതാവ് ഉയർത്തിയത്. യുവതിയുടെ ഇഷ്ടപ്രകാരം മാത്രമേ തീരുമാനമെടുക്കാനാവൂ എന്ന് പൊലീസും നിലപാട് സ്വീകരിച്ചു. ഏറെ നേരത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ യുവതിയെ കാമുകനൊപ്പം വിടാൻ പൊലീസ് അനുവദിക്കുകയായിരുന്നു. തുടർന്ന് യുവതിയും കാമുകനും ആംബുലൻസിൽ തന്നെ തൊടുപുഴയ്ക്ക് മടങ്ങിയതോടെ സംഭവത്തിന് പരിസമാപ്തിയായി.