കൊച്ചി: തീയറ്ററിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകൾ ഇടക്കാലത്തിന് ശേഷം വീണ്ടും ടോറന്റ് അടക്കമുള്ള മാധ്യമങ്ങളിൽ വൈറലായി മാറുന്ന അവസ്ഥയാണ് ഇപ്പോഴത്തെ ട്രെന്റ്. സിനിമാ നിർമ്മാതാവിന് ബാധ്യതകൾ മാത്രം സമ്മാനിക്കുന്നതാണ് ഈ പ്രവണത. തീയറ്ററുകളുടെ അവഗണനയും ചെറിയ സിനിമകൾ നേരിടേണ്ടി വരുന്നു. ഇത്തരത്തിൽ അഗണന നേരിടേണ്ടി വരുന്ന സിനിമകളിൽ ഒടുവിലത്തേതാണ് 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ'.

ഒരു പരീക്ഷണ ചിത്രം കൂടിയായ ഓമനകുട്ടനെ കാണികൾ കൈവിട്ട മട്ടാണ്. ആസിഫ് അലിയും ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ' എന്ന ചിത്രമാണ് പ്രേക്ഷകരില്ലാത്തതിനാൽ തീയേറ്ററുകളിൽ ഹോൾഡ് ഓവർ ഭീഷണി നേരിടുന്നത്. ഇതോടെ ഫേസ്‌ബുക്കിലൂടെ പോസ്റ്റിട്ട് രംഗത്തെത്തി. 'കാണണമെന്ന് ആഗ്രഹമുള്ളവർ പെട്ടെന്ന് കണ്ടോ. ഇപ്പൊ തെറിക്കും തീയേറ്ററിൽ നിന്ന്' എന്നായിരുന്നു സംവിധായകൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

തുടർന്ന് സിനിമ കണ്ട ഒട്ടേറെപ്പേർ സംവിധായകന് പിന്തുണയുമായി ഫേസ്‌ബുക്കിൽ രംഗത്തെത്തിയിട്ടുണ്ട്. 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനൊ'പ്പം തീയേറ്ററുകളിലെത്തിയ 'ഗോദ'യുടെ സംവിധായകൻ ബേസിൽ ജോസഫ് തന്നെ രോഹിത്തിനും അദ്ദേഹത്തിന്റെ സിനിമയ്ക്കും പിന്തുണയുമായി എത്തി.

രോഹിത്ത് എന്ന നവാഗതന്റെയും അദ്ദേഹത്തിനൊപ്പമുള്ളവരുടെയും മൂന്ന് വർഷമായുള്ള പ്രയത്നത്തെക്കുറിച്ച് തനിക്ക് വ്യക്തിപരമായി അറിയാമെന്നും അത് ഇത്തരത്തിൽ അവസാനിക്കുന്നത് ദുഃഖകരമാണെന്നും ബേസിൽ ഫേസ്‌ബുക്കിൽ കുറിച്ചു. ഏറെ പോസിറ്റീവ് റിവ്യൂസ് ലഭിച്ചിട്ടും അർഹിച്ച അംഗീകാരം ലഭിക്കാത്തത് ഖേദകരമാണെന്നും സിനിമയെ സ്നേഹിക്കുന്നവർ ചിത്രം കാണണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും ബേസിൽ പറയുന്നു. അജുവർഗീസും മറ്റുള്ളവരും സമാന അഭിപ്രായങ്ങളുമായി രംഗത്തെത്തി.

നേരത്തെ ടൊവീനോ തോമസ് നായകനായ 'ഗപ്പി'യും ടോറന്റിൽ ഹിറ്റായിരുന്നു. ഈ സിനിമയുടെ വിധി തന്നെ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടന് നേരിടേണ്ടി വരുമോ എന്നാണ് അറിയേണ്ടത്.