- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിടിലൻ ഓഫറുകൾ; മുഴവൻ വസ്ത്രവും പകുതി വിലയ്ക്ക്; ഏതെടുത്താലും ഒന്ന് ഫ്രീ! സാധനം വാങ്ങി ഓഫർ ചോദിച്ചപ്പോൾ കടയുടമ കാട്ടിയത് എല്ലാം വ്യവസ്ഥകൾക്ക് വിധേയമെന്ന ഒളിപ്പിച്ചു വച്ച പരസ്യ ചതി; പെരിന്തൽ മണ്ണയിലെ ഹൈടെക് വെഡിങ്ങ് കാസ്റ്റിലിന് പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ; പാവങ്ങളെ പറ്റിക്കുന്ന മുതലാളിമാർക്ക് പാഠമാകാൻ ഇതാ ഒരു വിധി
മലപ്പുറം: കിടിലൻ ഓഫറുകൾ, വസ്ത്രങ്ങൾ പകുതിവിലയിൽ വിറ്റ് കട കാലിയാക്കുന്നൂവെന്ന് പരസ്യം നൽകിയശേഷം വ്യവസ്ഥ പാലിക്കാതെ വില ഈടാക്കിയ കടയുടമ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ.10,000 രൂപ പരാതിക്കാരന് നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്.പെരിന്തൽ മണ്ണയിലെ ഹൈടെക് വെഡിങ്ങ് കാസ്റ്റിലിനെതിരെയാണ് കമ്മീഷന്റെ നടപടി.മണക്കട സ്വദേശി ഷിഹാബുൽ അക്ബർ നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്
ആകർഷകമായ പരസ്യം നൽകുകയും ഉപഭോക്താവിന് പ്രത്യക്ഷത്തിൽ കാണാനാവാത്ത വിധം 'വ്യവസ്ഥകൾ ബാധകം' എന്ന് രേഖപ്പെടുത്തുകയും ചെയ്യുന്നത് അവകാശ ലംഘനമാണെന്ന് കോടതി വിലയിരുത്തി. വാഗ്ദാനങ്ങൾ പരസ്യപ്പെടുത്തുന്ന തുല്യ പ്രാധാന്യത്തിൽ വ്യവസ്ഥകൾ ബാധകമെങ്കിൽ അതും പ്രസിദ്ധപ്പെടുത്തണം.എന്നാൽ സുക്ഷ്മദർശനത്തിൽ മാത്രം കാണാൻ കഴിയും വിധം ഉപഭോക്താവിന് കാണരുത് എന്ന ഉദ്ദേശത്തോടെയാണ് ഹൈടെക് വെഡിങ്ങ് കാസ്റ്റിൽ നോട്ടിസിൽ വ്യവസ്ഥകൾ പ്രസിദ്ധീകരിച്ചത്.
ഈ നടപടി ഉപഭോക്തൃനിയമത്തിന്റെ ലംഘനമാണെന്നും അധികമായി ഈടാക്കിയ തുക ഹർജിക്കാരന് നൽകണമെന്നും അഡ്വ. പ്രീതി ശിവരാമൻ, അഡ്വ. കെ. മോഹൻദാസ് എന്നിവരടങ്ങിയ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചു.
ഷോറും വിപുലീകരണത്തിന്റെ ഭാഗമായി നിലവിലുള്ള മുഴുവൻ വസ്ത്രങ്ങളും പകുതി വിലയിൽ വിറ്റു കട കാലിയാക്കുന്നു.ഇതിന്റെ ഭാഗമായി പുതിയ വെഡ്ഡിങ്ങ് ഡ്രസ്സുകൾക്ക് 40% കിഴിവ്. 3 കോട്ടൺ ടോപ്പുകൾ 229/രൂപ, ഒരു സാരിയെടുത്താൽ ഒരു സാരി സൗജന്യം. കുട്ടികളുടെ ഡ്രസ്സ് ഒന്ന് വാങ്ങുമ്പോൾ ഒന്ന് സൗജന്യം, രണ്ടെണ്ണം വാങ്ങുമ്പോൾ ഒന്ന് സൗജന്യം തുടങ്ങി വാഗ്ദാനപ്പെരുമഴയാണ് നോട്ടിസിൽ ഉണ്ടായിരുന്നത്. ഇ പരസ്യം കണ്ടാണ് ഷിഹാബുൽ കടയിലേക്കെത്തുന്നത്.
സാധനങ്ങൾ വാങ്ങിയ ശേഷം പകുതി വിലയിൽ കൂടുതൽ ഈടാക്കിയ കടയുടമയോട് തർക്കിച്ചെങ്കിലും വ്യവസ്ഥകൾ ബാധകമാണെന്ന് നോട്ടീസിൽ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി.പരസ്യവാചകങ്ങൾ വലിയ അക്ഷരത്തിൽ പ്രസിദ്ധപ്പെടുത്തിയപ്പോൾ വ്യവസ്ഥകൾ ബാധകം എന്ന വാചകം നോട്ടീസിൽ ലെൻസ് വച്ച് കണ്ടുപിടിക്കേണ്ട അവസ്ഥയിലാണ് പ്രസിദ്ധപ്പെടുത്തിയിരുന്നത്.തുടർന്നാണ് തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്.
ഷിഹാബിന്റെ പരാതി വാസ്തവമാണെന്ന് മനസിലാക്കിയ കമ്മീഷൻ ഇദ്ദേഹത്തിന് അനുകൂലമായ വിധിക്കുകയായിരുന്നു. നഷ്ടപരിഹാരമായി 5000 രൂപയും കോടതി ചെലവിനത്തിലേക്കായി 5000 രൂപയുമാണ് കമ്മീഷൻ പിഴയിട്ടത്.ഒരു മാസത്തിനകം പിഴയൊടുക്കിയില്ലെങ്കിൽ ഹരജി നൽകിയ തീയതി മുതൽ 12 ശതമാനം പലിശ നൽകണമെന്നും വിധിയിൽ പറയുന്നു.
ഇത്തരം സംഭവങ്ങൾ പുതുമയുള്ളതൊന്നുമെല്ലെങ്കിലും ആരും സ്ഥാപനത്തിനെതിരെ നിയമനടപടിക്ക് പോകാറില്ലെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ സ്ഥാപനം മാറുന്നതല്ലാതെ കബളിപ്പിക്കൽ നിർബാധം തുടരുന്നുണ്ട്. പരസ്യത്തിന്റെ പേരിൽ ഉപഭോക്താക്കളെക്കബളിപ്പിച്ച് പണം തട്ടുമ്പോഴും അത് വാർത്തയാക്കാനും മുഖ്യധാരമാധ്യമങ്ങളും മടി കാണിക്കാറാണ് പതിവ്. ലക്ഷങ്ങളോ കോടികളോ വരുന്ന പരസ്യവരുമാനമാണ് ഈ കണ്ണടയ്ക്കലിനും കാരണം.
ഈ സാഹചര്യത്തിൽ ഷാഹുലിന്റെ ഇടപെടലും കോടതിയുടെ ഉത്തരവും ഇത്തരം കബളിപ്പിക്കലിന് ഒരുപരിധിവരെയെങ്കിലും തടയമാകുമെന്നാണ് വിലയിരുത്തൽ