തിരുവനന്തപുരം: ത്രിപുരയിൽ 25 കൊല്ലം തുടർച്ചയായി ഭരിച്ച പാർട്ടിയോട് ജനങ്ങൾക്കു സ്വാഭാവികമായും തോന്നുന്ന വിപരീത വികാരമാണ് ജനവിധിയുടെ ആകെത്തുകയെന്ന് അഡ്വക്കേറ്റ് ജയശങ്കർ. കോൺഗ്രസുമായി ധാരണയുണ്ടാക്കാം എന്ന ആശയം മണിക് സർക്കാരും സീതാറാം യെച്ചൂരിയും മുന്നോട്ടു വെച്ചപ്പോൾ സിപിഎം കേന്ദ്രകമ്മറ്റി അതു തള്ളിക്കളഞ്ഞതാണ് മാർക്‌സിസ്റ്റ് ത്രിപുര ചരിത്രമായതിന് പിന്നിലെന്ന് ജയശങ്കർ പറഞ്ഞു.

ജയശങ്കറിന്റെ കുറിപ്പിന്റെ പൂർണരൂപം

ത്രിപുരയിൽ ചെങ്കൊടി താഴുന്നു. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ബിജെപി മുന്നണി അധികാരത്തിലേറുകയാണ്.

25 കൊല്ലം തുടർച്ചയായി ഭരിച്ച പാർട്ടിയോട് ജനങ്ങൾക്കു സ്വാഭാവികമായും തോന്നുന്ന വിപരീത വികാരമാണ് ജനവിധിയുടെ ആകെത്തുക. മണിക് സർക്കാരിന്റെ പ്രതിച്ഛായക്കോ സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിനോ ജനവികാരത്തെ ചെറുത്തുനിൽക്കാൻ കഴിഞ്ഞില്ല.

മറുവശത്ത് ബിജെപി, വിഘടനവാദികളായ ഐപിഎഫ്ടിയുമായി സഖ്യമുണ്ടാക്കി, കോൺഗ്രസ്, തൃണമൂൽ നേതാക്കളെയും മാർക്‌സിസ്റ്റ് വിമതരെയും മൊത്തമായി പാർട്ടിയിൽ ചേർത്തു. വികസന മുദ്രാവാക്യം ഉയർത്തി കാടിളക്കി പ്രചരണം നടത്തി, പണം പച്ചവെള്ളം പോലെ ഒഴുക്കി. മാധ്യമങ്ങൾ മൊത്തം ബിജെപിയുടെ കുഴലൂത്തുകാരായി.

കോൺഗ്രസുമായി ധാരണയുണ്ടാക്കാം എന്ന ആശയം മണിക് സർക്കാരും സീതാറാം യെച്ചൂരിയും മുന്നോട്ടു വെച്ചുവെങ്കിലും ക്ലച്ചു പിടിച്ചില്ല. സിപിഎം കേന്ദ്രകമ്മറ്റി അതു തള്ളിക്കളഞ്ഞു. അങ്ങനെ മാർക്‌സിസ്റ്റ് ത്രിപുര ചരിത്രമായി.

ഈ പരാജയത്തിൽ നിന്ന് പാർട്ടി എന്തു പാഠം പഠിക്കും? കോൺഗ്രസിനെയും ബിജെപിയെയും ഒന്നിച്ചെതിർക്കും എന്ന ശാഠ്യത്തിൽ ഉറച്ചു നിൽക്കുമോ അതോ പ്രായോഗിക സമീപനം സ്വീകരിക്കുമോ? ഏപ്രിൽ 18മുതൽ 22വരെ ഹൈദരാബാദിൽ നടക്കുന്ന ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. അതുവരെ കാത്തിരിക്കുകയേ വഴിയുള്ളൂ.