തിരുവനന്തപുരം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കർ രംഗത്ത്. വിമത ജഡ്ജിമാർ പത്രസമ്മേളനം നടത്തിയതുകൊണ്ട് ഒരു ഗുണമുണ്ടായി. കോടതിയിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന് ജനങ്ങൾക്ക് കുറേശ്ശെ മനസ്സിലായി തുടങ്ങിയെന്നും ജയശങ്കർ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് ജയശങ്കർ രംഗത്തെത്തിയത്.

അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്്റ്റ്


2018 ജനുവരി 12 ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ദിവസമായി. ചീഫ് ജസ്റ്റിസിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ സീനിയറായ നാല് ജഡ്ജിമാർ പത്രസമ്മേളനം നടത്തി; ജുഡീഷ്യറിയെ സംരക്ഷിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.

ദീപക് മിശ്ര എന്നൊരു പുമാനാണ് നമ്മുടെ ചീപ് ജസ്റ്റിസ്. ജെ ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, കുര്യൻ ജോസഫ്, മദൻ ബി ലോകൂർ എന്നിവരാണ് വിമത ജഡ്ജിമാർ.

ദീപക് മിശ്രയുടെ അമ്മാവൻ രംഗനാഥ മിശ്ര ചീഫ് ജസ്റ്റിസ് ആയിരുന്ന 1990-91കാലത്താണ് സുപ്രീം കോടതിയിൽ അഴിമതി ഉദ്ഘാടനം ചെയ്യുപ്പെട്ടത്. അദ്ദേഹം പിന്നീട് കോൺഗ്രസിൽ ചേർന്നു രാജ്യസഭാംഗവും പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി ചെയർമാനുമായി.

കെഎൻ സിങ്, എഎം അഹമദി, എംഎം പുഞ്ചി, എഎസ് ആനന്ദ്, ബിഎൻ കൃപാൽ, വൈകെ സബർവാൾ, കെജി ബാലകൃഷ്ണൻ, അൽതമസ് കബീർ എന്നിവരുടെ കാലത്ത് അഴിമതി തഴച്ചു വളർന്നു.

ദീപക് മിശ്ര സകല സീമകളും ലംഘിച്ചു. ഇന്ന് റൊക്കം, നാളെ കടം. സഹന്യായാധിപരെയും പ്രമുഖ അഭിഭാഷകരെയും വെറുപ്പിച്ചു. സീനിയർ ജഡ്ജിമാരെ കൂട്ടിതൊടീക്കാതെ പ്രമാദമായ കേസുകൾ വഴിതിരിച്ചു വിട്ടു. നീറിപ്പുകഞ്ഞ അതൃപ്തി ഇപ്പോൾ പൊട്ടിത്തെറിച്ചു.

പ്രശ്‌നം ഇവിടെയും തീരില്ല. ദീപക് മിശ്ര മാറി രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസ് ആയാലും സംവിധാനം മാറാൻ പോകുന്നില്ല.

വിമത ജഡ്ജിമാർ പത്രസമ്മേളനം നടത്തിയതുകൊണ്ട് ഒരു ഗുണമുണ്ടായി. കോടതിയിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന് ജനങ്ങൾക്ക് കുറേശ്ശെ മനസ്സിലായി തുടങ്ങി.