കൊച്ചി: കർണാടകയിൽ ബിജെപിയാണ് ഭൂരിപക്ഷം നേടുന്നതെങ്കിൽ 2019 വരെ കാത്തിരിക്കാതെ ലോക്‌സഭ പിരിച്ചുവിടുമെന്ന് അഡ്വ. എ ജയശങ്കർ. കർണാടകത്തിൽ ഭരണം നിലനിർത്തുന്ന പക്ഷം, കോൺഗ്രസിന് വരുന്ന നവംബറിൽ ആത്മ വിശ്വാസത്തോടെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളെയും അടുത്ത ഏപ്രിലിൽ ലോക്സഭാ തെരഞ്ഞെടുപ്പിനെയും നേരിടാമെന്നും ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു നിയമസഭയാണ് ദേവഗൗഡ സ്വപ്നം കാണുന്നതെന്നും, കോൺഗ്രസിനോടും ബിജെപിയോടും പരമാവധി വിലപേശി സ്ഥാനമാനങ്ങൾ നേടനാണ് ഗൗഡയുടെ ശ്രമമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ്‌ 12ന് വോട്ടെടുപ്പ്, 15ന് ഫലപ്രഖ്യാപനം. കോൺഗ്രസ് ഭരിക്കുന്ന അപൂർവം സംസ്ഥാനങ്ങളിൽ ഏറ്റവും വലുതാണ് കർണാടക. ബിജെപിയാണ് മുഖ്യ എതിരാളി. അതുകൊണ്ട് ജയിച്ചേ മതിയാകൂ. ദക്ഷിണേന്ത്യയിൽ താമരയ്ക്കു വേരു പിടിപ്പുള്ള ഏക സംസ്ഥാനമാണ് കർണാടക. അവിടെ ഭരണം തിരിച്ചു പിടിക്കേണ്ടത് ബിജെപിയുടെ അഭിമാന പ്രശ്നമാണ്.

പഴയ പ്രതാപമില്ലെങ്കിലും മതേതര ജനതാദളിനു പൊരുതിയേ തീരൂ. പരമാവധി സീറ്റുകൾ നേടി സംസ്ഥാന രാഷ്ട്രീയത്തിൽ പ്രസക്തി നിലനിർത്തണം. നരേന്ദ്ര മോദിയും രാഹുൽഗാന്ധിയും തമ്മിലല്ല, കർണാടക യുദ്ധം. യെദ്യൂരപ്പയും സിദ്ധരാമയ്യയും തമ്മിലാണ്. തഴക്കവും പഴക്കവും വന്ന ചേകവന്മാരാണ് രണ്ടു പേരും.

അഭിപ്രായ വോട്ടെടുപ്പുകാരെല്ലാം കോൺഗ്രസിനാണ് മുൻതൂക്കം കല്പിക്കുന്നത്. ജനപിന്തുണയിൽ യെദ്യൂരപ്പയേക്കാൾ ബഹുദൂരം മുന്നിലാണ് സിദ്ധരാമയ്യ. കർണാടകത്തിൽ ഭരണം നിലനിർത്തുന്ന പക്ഷം, കോൺഗ്രസിന് വരുന്ന നവംബറിൽ ആത്മവിശ്വാസത്തോടെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളെയും അടുത്ത ഏപ്രിലിൽ ലോക്സഭാ തെരഞ്ഞെടുപ്പിനെയും നേരിടാം.

കർണാടകയിൽ ബിജെപിയാണ് ഭൂരിപക്ഷം നേടുന്നതെങ്കിൽ 2019 വരെ കാത്തിരിക്കാതെ ലോക്സഭ പിരിച്ചുവിടും, വരുന്ന നവംബറിൽ മധ്യപ്രദേശിനും രാജസ്ഥാനുമൊപ്പം പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കും. ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു നിയമസഭയാണ് ദേവഗൗഡ സ്വപ്നം കാണുന്നത്. കോൺഗ്രസിനോടും ബിജെപിയോടും പരമാവധി വിലപേശി സ്ഥാനമാനങ്ങൾ നേടണം. പറ്റുമെങ്കിൽ മകൻ കുമാരസ്വാമിയെ ഒരിക്കൽ കൂടി മുഖ്യമന്ത്രിയാക്കണം.