തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ശത്രുസംഹാര പൂജ നടന്നുവെന്ന വാർത്ത ജന്മഭൂമി ദിനപത്രമാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തത്. കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ പപ്പന്റപീടികയിലെ മൊട്ടേമ്മൽ വീട്ടിൽ ഡിസംമ്പർ നാലു മുതൽ എട്ടുവരെയായിരുന്നു ശത്രുദോഷ പരിഹാര പൂജ നടന്നതെന്നാണ് ജൻഭൂമി വാർത്ത റിപ്പോർട്ട് ചെയ്തത്.

കൈമുക്ക് ശ്രീധരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃശൂർ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്നാണ് വാർത്തയിൽ പറയുന്നത്. സുദർശന ഹോമം, ആവാഹന പൂജകൾ തുടങ്ങിയവയാണ് നടത്തിയത്. എട്ടോളം തന്ത്രിപ്രമുഖർ പൂജകളിൽ പങ്കെടുത്തെന്നാണ് സൂചനയും പത്രം നൽകിയിരുന്നു. ഈ സംഭവത്തിൽ കോടിയേരിയെ പരിഹസിച്ചു കൊണ്ട് അഡ്വ ജയശങ്കർ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തി.

കമ്മ്യൂണിസ്റ്റുകാർ പ്രേമിക്കാമോ? എന്ന് ഒരു സഖാവ് പണ്ട് ഇഎംഎസ്സിനോടു ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയും മറ്റും ചൂണ്ടിക്കാട്ടിയാണ് അഡ്വ. ജയശങ്കർ അഭിപ്രായം രേഖപ്പെടുത്തിയത്. കമ്മ്യൂണിസത്തിനു വേണ്ടിയാണെങ്കിൽ പ്രേമിക്കാം: സംശയലേശമന്യേ, ഈയെമ്മിന്റെ മറുപടി. ഇതാണ് പാർട്ടി ലൈൻ. കമ്മ്യൂണിസത്തിനു വേണ്ടി എന്തും ചെയ്യാം, അല്ലെങ്കിൽ ഒന്നും ചെയ്യരുത് എന്നായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മഹത്തായ ഇന്ത്യൻ വിപ്ലവം സഫലീകരിക്കാനും സോഷ്യലിസം യാഥാർഥ്യമാക്കാനും വേണ്ടി പല ത്യാഗങ്ങളും സഹിക്കേണ്ടി വരും. ചിലപ്പോൾ ശത്രുദോഷ പരിഹാര പൂജ, മൃത്യുഞ്ജയ ഹോമം, സുദർശന ക്രിയ; മറ്റു ചിലപ്പോൾ ക്ഷുദ്രം, മാരണം, കൂടോത്രം ആകാമെന്നാണ് ജയശങ്കർ കോടിയേരിയെ പരിഹസിച്ചു കൊണ്ട് പറയുന്നത്.

ചില സന്ദർഭങ്ങളിൽ ബൂർഷ്വാസിയെ കബളിപ്പിക്കാൻ ഇതുപോലെയുള്ള അടവുനയം വേണ്ടിവരും. കടകംപള്ളി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാട് കഴിപ്പിച്ചതും സുധാകരൻ ശബരിമല ശാസ്താവിനെ പറ്റി ഇംഗ്ലീഷിൽ കവിത എഴുതിയതും അതുകൊണ്ടാണെന്നും ജയശങ്കർ വ്യക്തമാക്കുന്നു.

അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കമ്മ്യൂണിസ്റ്റുകാർ പ്രേമിക്കാമോ?: ഒരു സഖാവ് പണ്ട് ഇഎംഎസ്സിനോടു ചോദിച്ചു. കമ്മ്യൂണിസത്തിനു വേണ്ടിയാണെങ്കിൽ പ്രേമിക്കാം: സംശയലേശമന്യേ, ഈയെമ്മിന്റെ മറുപടി. ഇതാണ് പാർട്ടി ലൈൻ. കമ്മ്യൂണിസത്തിനു വേണ്ടി എന്തും ചെയ്യാം, അല്ലെങ്കിൽ ഒന്നും ചെയ്യരുത്. ഹത്തായ ഇന്ത്യൻ വിപ്ലവം സഫലീകരിക്കാനും സോഷ്യലിസം യാഥാർഥ്യമാക്കാനും വേണ്ടി പല ത്യാഗങ്ങളും സഹിക്കേണ്ടി വരും. ചിലപ്പോൾ ശത്രുദോഷ പരിഹാര പൂജ, മൃത്യുഞ്ജയ ഹോമം, സുദർശന ക്രിയ; മറ്റു ചിലപ്പോൾ ക്ഷുദ്രം, മാരണം, കൂടോത്രം.

ചില സന്ദർഭങ്ങളിൽ ബൂർഷ്വാസിയെ കബളിപ്പിക്കാൻ ഇതുപോലെയുള്ള അടവുനയം വേണ്ടിവരും. കടകംപള്ളി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാട് കഴിപ്പിച്ചതും സുധാകരൻ ശബരിമല ശാസ്താവിനെ പറ്റി ഇംഗ്ലീഷിൽ കവിത എഴുതിയതും അതുകൊണ്ടാണ്. വിരുദ്ധന്മാരും വിവരദോഷികളും പലതും പറയും. സഖാക്കളാരും അതു വിശ്വസിക്കരുത്.