തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച ഓഡിയോ ക്ലിപ്പിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച പിണറായി സർക്കാരിനെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ. മന്ത്രിമാരുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണങ്ങളിൽ മുമ്പു പ്രഖ്യാപിച്ചിട്ടുള്ള ജുഡീഷ്യൽ അന്വേഷണങ്ങളുടെ ഗതി ചൂണ്ടിക്കാട്ടിയാണ് ജയശങ്കറുടെ പരിഹാസം. ഇതോടൊപ്പം ശശീന്ദ്രൻ സംഭവത്തിൽ അന്വേഷിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയായിരിക്കണമെന്നതും അദ്ദേഹം തമാശ രൂപത്തിൽ അവതരിപ്പിക്കുന്നു.

അഡ്വ. ജയശങ്കറുടെ ഫേസ്‌ബുക് പോസ്റ്റ്:

2000 ഫെബ്രുവരിയിൽ നളിനി നെറ്റോയുടെ ആരോപണത്തെത്തുടർന്ന് ഗതാഗതമന്ത്രി നീലൻ രാജിവെച്ചപ്പോൾ അന്നത്തെ എൽ.ഡി.എഫ്. സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സിറ്റിങ് ജഡ്ജി ജി.ശശിധരനെ ഹൈക്കോടതി അന്വേഷണത്തിന് വിട്ടുകൊടുത്തു. കമ്മീഷൻ നിക്ഷ്പക്ഷമായല്ല പ്രവർത്തിക്കുന്നത് എന്നാരോപിച്ചു നളിനി അന്വേഷണവുമായി സഹകരിച്ചില്ല. ചില സ്ത്രീ സംഘടനകൾ ശശിധരന്റെ കോലം കത്തിച്ചു. 2001 മെയ് മാസത്തിൽ അധികാരത്തിൽ വന്ന ആന്റണി സർക്കാർ ആദ്യം ചെയ്തകാര്യം ശശിധരൻ കമ്മീഷന്റെ സേവനം അവസാനിപ്പിക്കുകയായിരുന്നു.

2006 ഓഗസ്റ്റിൽ വിമാന വിവാദത്തെ തുടർന്ന് മരാമത്തുമന്ത്രി പി.ജെ.ജോസഫ് രാജി വെച്ചപ്പോഴും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. പക്ഷെ അത് വെറും പ്രഖ്യാപനത്തിലൊതുങ്ങി. ജഡ്ജിയെ നിയമിച്ചില്ല, അന്വേഷണവും നടന്നില്ല.
മംഗളം ടേപ്പിൽ കുടുങ്ങി ഗതാഗതമന്ത്രി ശശീന്ദ്രൻ രാജിവെച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മുൻഗാമികളുടെ പാത പിന്തുടർന്ന് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നു.

അന്വേഷണത്തിന്റെ Terms of Reference താഴെ പറയും പ്രകാരം ആയിരിക്കും.

1 മംഗളം ചാനൽ മാലോകരെ കേൾപ്പിച്ച ശബ്ദരേഖ മന്ത്രി ശശീന്ദ്രന്റേതു തന്നെയാണോ, അതോ വല്ല മിമിക്രിക്കാരെയും വെച്ച് ഡബ്ബ് ചെയ്തതാണോ ?

2 ശശീന്ദ്രന്റെ തപസ്സിളക്കിയ ഉർവശി/ രംഭ ആരാണ് ?

3 മംഗളം ടേപ്പിനു പിന്നിൽ കുവൈറ്റ് ചാണ്ടിയാണോ തച്ചങ്കരിയാണോ അതോ രണ്ടുപേരുമുണ്ടോ?

4 മനോരമയ്ക്കോ മാതൃഭൂമിക്കോ കിട്ടാത്ത ഈ ടേപ്പ് മംഗളത്തിന് എങ്ങനെ കിട്ടി? അതിനുപിന്നിൽ സാമ്രാജ്യത്വ - ഫാസിസ്റ്റ് ഗൂഢാലോചനയുണ്ടോ ?

സോളാർ സരിതാ വിവാദം അന്വേഷിച്ചു തീരുന്നമുറയ്ക്ക് ജസ്റ്റിസ് ജി. ശിവരാജൻ തന്നെയായിരിക്കും മംഗളം ടേപ്പും അന്വേഷിക്കുക. റിട്ടയർ ചെയ്ത ജഡ്ജിമാർ വെറെ ഇല്ലാത്തതുകൊണ്ടല്ല ഇദ്ദേഹത്തോളം പ്രാഗൽഭ്യം ഇക്കാര്യത്തിൽ മറ്റാർക്കും ഇല്ലാത്തതുകൊണ്ടാണ്.