തിരുവനന്തപുരം: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് രാഹുൽ ഗാന്ധിയെ ആരോമൽ ചേകവരാക്കിയും നരേന്ദ്ര മോദിയെ അരിങ്ങോടരാക്കിയും രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. ആരോമൽ ചേകവരാകാൻ രാഹുലിന് കഴിയുമോ എന്നായിരുന്നു അന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം രാഹുൽ ഗാന്ധി രാഷ്ട്രീയത്തിലേക്കുള്ള തന്റെ വരവറിയിച്ചതായി വ്യക്തമാക്കി ജയശങ്കർ.

ആനയെ മയക്കുന്ന അരിങ്ങോടരെ മുറിച്ചുരിക കൊണ്ട് മുറിച്ചിട്ട ആരോമർ ചേകവരാകാൻ കഴിഞ്ഞില്ല, രാഹുൽഗാന്ധിക്ക്. എങ്കിലും പുത്തൂരം വീടിന്റെ മാനം കാത്തു. ഗുജറാത്തിൽ കോൺഗ്രസിനു ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സീറ്റുകൾ വർധിച്ചു, ബിജെപിയുടെ മുന്നേറ്റം ദുർബലമായി, നരേന്ദ്ര മോദിയുടെ അജയ്യത സംശയാസ്പദമായി.- ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

അവസാന ഘട്ടത്തിൽ പൂഴിക്കടകൻ പയറ്റിയിട്ടാണ് നരേന്ദ്ര മോദി അങ്കം ജയിച്ചത്. വികസനവും ഗർവീ ഗുജറാത്തും ഉപേക്ഷിച്ച് നീചജാതി, സർദാർ പട്ടേൽ, രാം മന്ദിർ, പാക്കിസ്ഥാൻ, മിയാൻ അഹമ്മദ് പട്ടേൽ മുതലായ നമ്പറുകൾ എടുത്തു വീശി. മെച്ചപ്പെട്ട സംഘടനാ സംവിധാനവും പണത്തിന്റെ ധാരാളിത്തവും അമിത് ഷായുടെ തന്ത്രങ്ങളും മോദിക്കു തുണയായി. മണ്ണിന്റെ മകൻ പ്രതിച്ഛായയും മാധ്യമ പിന്തുണയും ഉപകാരപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദ് ആർച്ച് ബിഷപ്പിന്റെ ഇടയലേഖനവും മണിശങ്കർ അയ്യരുടെ വാമൊഴി വഴക്കവും ഇല്ലായിരുന്നെങ്കിൽ കോൺഗ്രസിന്റെ നില കുറച്ചു കൂടി മെച്ചമാകുമായിരുന്നു. വരാൻ പോകുന്ന തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടാണ് ഗുജറാത്തിൽ നടന്നത്. അടുത്ത വർഷമാദ്യം കർണാടകത്തിലും ത്രിപുരയിലും തെരഞ്ഞെടുപ്പുണ്ടാകും, കൊല്ലാവസാനം രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്‌ഗഡും പോളിങ് ബൂത്തിലേക്ക് നീങ്ങും. ഒരുപക്ഷേ, അതോടൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പും നടന്നേക്കുംമെന്നും അദ്ദേഹം വിലയിരുത്തുന്നു. എന്തായാലും രാഹുൽഗാന്ധിയെ ഇനിയാരും പപ്പു എന്നു വിളിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകൻ വിലയിരുത്തുന്നത്.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്:

ആനയെ മയക്കുന്ന അരിങ്ങോടരെ മുറിച്ചുരിക കൊണ്ട് മുറിച്ചിട്ട ആരോമർ ചേകവരാകാൻ കഴിഞ്ഞില്ല, രാഹുൽഗാന്ധിക്ക്. എങ്കിലും പുത്തൂരം വീടിന്റെ മാനം കാത്തു. ഗുജറാത്തിൽ കോൺഗ്രസിനു ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സീറ്റുകൾ വർധിച്ചു, ബിജെപിയുടെ മുന്നേറ്റം ദുർബലമായി, നരേന്ദ്ര മോദിയുടെ അജയ്യത സംശയാസ്പദമായി.

അവസാന ഘട്ടത്തിൽ പൂഴിക്കടകൻ പയറ്റിയിട്ടാണ് നരേന്ദ്ര മോദി അങ്കം ജയിച്ചത്. വികസനവും ഗർവീ ഗുജറാത്തും ഉപേക്ഷിച്ച് നീചജാതി, സർദാർ പട്ടേൽ, രാം മന്ദിർ, പാക്കിസ്ഥാൻ, മിയാൻ അഹമ്മദ് പട്ടേൽ മുതലായ നമ്പറുകൾ എടുത്തു വീശി. മെച്ചപ്പെട്ട സംഘടനാ സംവിധാനവും പണത്തിന്റെ ധാരാളിത്തവും അമിത് ഷായുടെ തന്ത്രങ്ങളും മോദിക്കു തുണയായി. മണ്ണിന്റെ മകൻ പ്രതിച്ഛായയും മാധ്യമ പിന്തുണയും ഉപകാരപ്പെട്ടു.

അഹമ്മദാബാദ് ആർച്ച് ബിഷപ്പിന്റെ ഇടയലേഖനവും മണിശങ്കർ അയ്യരുടെ വാമൊഴി വഴക്കവും ഇല്ലായിരുന്നെങ്കിൽ കോൺഗ്രസിന്റെ നില കുറച്ചു കൂടി മെച്ചമാകുമായിരുന്നു. വരാൻ പോകുന്ന തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടാണ് ഗുജറാത്തിൽ നടന്നത്. അടുത്ത വർഷമാദ്യം കർണാടകത്തിലും ത്രിപുരയിലും തെരഞ്ഞെടുപ്പുണ്ടാകും, കൊല്ലാവസാനം രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്‌ഗഡും പോളിങ് ബൂത്തിലേക്ക് നീങ്ങും. ഒരുപക്ഷേ, അതോടൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പും നടന്നേക്കും.

ഒരു കാര്യം ഉറപ്പാണ്: രാഹുൽഗാന്ധിയെ ഇനിയാരും പപ്പു എന്നു വിളിക്കില്ല.