തിരുവനന്തപുരം: ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമാണ് അഡ്വ. ജയശങ്കർ. ഏത് ചാനലിൽ ആണ് ചർച്ച നടക്കുന്നതെങ്കിലും രംഗം ചൂടാകകാൻ വക്കീലിനെ കൂടിയേ തീരൂ. ഭരിക്കുന്നത് ആരുമായിക്കൊള്ളട്ടേ.. വിമർശിക്കാൻ ജയശങ്കർ മുന്നിലുണ്ടാകും എന്നതാണ് പ്രത്യേകത. പതിവായി ചർച്ചയിൽ വക്കീൽ എത്തുന്നത് താടി വെച്ചു കൊണ്ടാണ്. കാലങ്ങളായി ഇതാണ് വക്കീലിന്റെ സ്റ്റൈൽ. എന്തായാലും ഇന്ന് ഏഷ്യാനെറ്റ് ന്യൂസിൽ ജയശങ്കർ വക്കീൽ ചർച്ചക്കെത്തിയത് പുതിയ മുഖവുമായാണ്.

താടി വടിച്ച് സുന്ദരനായാണ് എത്തിയതെങ്കിലും വക്കീലിന്റെ വാക്കുകൾക്ക് പതിവു പോലെ മൂർച്ചക്ക് യാതൊരു കുറവും ഉണ്ടായില്ല. ഇന്ന് ഡിവൈഎഫ്‌ഐ നേതാവ് നിതിൻ കണിച്ചേരിയായിരുന്നു അഡ്വ. ജയശങ്കറിന്റെ വാക്കിന്റെ ചൂടറിഞ്ഞത്. കരുണ, കണ്ണൂർ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സാധൂകരിക്കാനുള്ള ബില്ലിൽ കോൺഗ്രസ് അനുകൂലമായി വോട്ടു ചെയ്തതിനെ എതിർത്ത് എ കെ ആന്റണി രംഗത്തെത്തിയ സാഹചര്യത്തിൽ നടന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചർച്ചയിലാണ് ജയശങ്കർ കത്തികയറിയത്.

ചർച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്‌ഐ നേതാവ് കണ്ണൂർ മെഡിക്കൽ കോളേജിനെയും സർക്കാറിനെയും ന്യായീകരിച്ചു രംഗത്തെത്തിയപ്പോഴാണ് അഡ്വ ജയശങ്കർ വിമർശനവുമായി എത്തിയത്. കണ്ണൂർ മെഡിക്കൽ കോളേജ് ഉടമ ജബ്ബാർ ഹാജി അഡ്‌മിഷന് കോഴങ്ങിയതെന്ന പരാതി ഉയർന്നില്ലെന്നാണ് നിതിൻ കണിച്ചേരി പറഞ്ഞത്. അങ്ങനെ വാങ്ങിയെങ്കിൽ അഡ്വ. ജയശങ്കർ പരാതി നൽകട്ടെ എന്നും നിതിൻ പറഞ്ഞു. ഇതോടെയാണ് നേതാവിനെ രൂക്ഷമായി വിമർശിച്ച് അഡ്വ. ജയശങ്കർ രംഗത്തെത്തിയത്.

നിങ്ങൾക്ക് ഉളുപ്പുണ്ടോ നിതിൻ.. നിങ്ങളൊരു ഡിവൈഎഫ്‌ഐ നേതാവാണോ.. എന്നു ചോദിച്ചു കത്തിക്കയറിയ ജയശങ്കർ നിതിൻ കണിച്ചേരിയെ രൂക്ഷമായി വിമർശിച്ചു. ഇങ്ങനെ പോയാൽ നാളെ സുപ്രീം കോടതി ജഡ്ജിമാർക്ക് ജബ്ബാർഹാജി പൈസ കൊടുക്കാത്തതു കൊണ്ടാണ് അനുകൂല വിധി നൽകാത്തതെന്ന് പരയൂലോ എന്നാണ് വക്കീൽ ചോദിച്ചത്. നേരത്തെ തന്നെ ജബ്ബാർഹാജി അഡ്‌മിഷന് വേണ്ടി പണം ചോദിച്ച പരാതി ലഭിച്ചിട്ടുണ്ടെന്നും നിതിന് അത് അറിയില്ലേ എന്നും ജയശങ്കർ ചോദിച്ചു.

കേസ് ഉണ്ടായാൽ, എനിക്ക് പേടിയില്ല, നിങ്ങളുടെ നേതാക്കൾ വാങ്ങിയ കാശ് തിരിച്ചു കൊടുക്കേണ്ടി വരുമെന്ന പേടിയുണ്ടോ... എന്നും പറഞ്ഞ് വക്കീൽ രോഷം കൊണ്ടു. രോഷം കൊണ്ട് ജ്വലിച്ച വക്കീലിനെ വ്യക്തിപരായ കാര്യങ്ങളിലേക്ക് പോകരുതെന്ന് പറഞ്ഞ് അവതാരകൻ പി ജി സുരേഷ് കുമാർ ശാന്തനാക്കിയത്. എന്തായാലും താടിവടിച്ച് വ്യത്യസ്ത ലുക്കിലെത്തിയ ജയശങ്കർ തന്റെ തനത് ശൈലിയിൽ തന്നെയാണ് കത്തിക്കയറിയത്.