അംബാനി മുതലാളിയുടെ ന്യൂസ്18 ചാനലിലെ ജോലി നഷ്ടപ്പെടും എന്ന് ഉറപ്പായ സാഹചര്യത്തിൽ ഒരു ദളിത് യുവതി ആത്മഹത്യക്കു ശ്രമിച്ചു. ചാനൽ നടത്തിപ്പുകാരായ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. ദോഷം പറയരുതല്ലോ, രാജ്യത്തെമ്പാടും നടക്കുന്ന ദളിത് പീഡനത്തെപ്പറ്റി വ്യാകുലപ്പെടുന്നവരും തങ്ങളാൽ കഴിയും വിധം പ്രതികരിക്കുന്നവരുമാണ് പ്രതികൾ നാലുപേരും.

ജാതീയമായ വിരോധം കൊണ്ടല്ല പ്രതികൾ യുവതിയോട് ഉടൻ രാജിക്കത്ത് എഴുതിത്ത്ത്തരണം എന്ന് ശഠിച്ചത്. നാനാ ജാതി മതസ്ഥരായ 17പേരെയാണ് പറഞ്ഞുവിടാൻ പ്ലാനിട്ടത്. ഏഴു പേരോട് രാജി ചോദിച്ചു, ബാക്കിയുള്ളവരോട് ജോലി ഉടൻ മെച്ചപ്പെടുത്തണം അല്ലെങ്കിൽ തട്ടിക്കളയും എന്ന് നോട്ടീസ് കൊടുത്തു. ഒരു പെൺകുട്ടി പേടിച്ച് രാജി എഴുതിക്കൊടുത്തു, ഒരാൾ മരിക്കാൻ ഗുളിക കഴിച്ചു. മറ്റുള്ളവർ മരിക്കണോ ജീവിക്കണോ എന്നറിയാതെ പകച്ചു നിൽക്കുന്നു.

ഇത് അംബാനിയുടെ ചാനലിലെ മാത്രം കഥയല്ല. ഏറെക്കുറെ എല്ലായിടത്തും സ്ഥിതി ഒന്നുതന്നെ. വിപ്ലവ പാർട്ടി നടത്തുന്ന കൈരളി ചാനലാണ് കേരള ചരിത്രത്തിലെ ആദ്യത്തെ കൂട്ടപിരിച്ചുവിടൽ നടത്തിയത്. സമീപകാലത്ത് മീഡിയ വൺ ചാനലിലും ഇതേ നാടകം അരങ്ങേറി. ആരും വിഷം കുടിച്ചില്ല എന്നുമാത്രം.

പല ചാനലുകളിലുമായി 15കൊല്ലം വരെ എക്‌സ്പീരിയൻസ് ഉള്ളവർക്കാണ് ന്യൂസ്18 നോട്ടീസ് കൊടുത്തു പിരിച്ചു വിടാൻ പോകുന്നത്. വർക്കിങ് ജേണലിസ്റ്റ് ആക്ട് ടിവി ചാനലുകൾക്കു ബാധകമാക്കിയിട്ടില്ല എന്നതാണ് മുതലാളിമാർക്കും നടത്തിപ്പുകാർക്കുമുള്ള സൗകര്യം. ഒരു കാരണവും പറയാതെ ആരെയും പിരിച്ചുവിടാം.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയിട്ട് 70കൊല്ലം തികയുന്നു. എല്ലാ ദൃശ്യമാധ്യമ പ്രവർത്തകർക്കും (മുൻകൂർ) ആശംസകൾ!