തിരുവനന്തപുരം: ആവേശം നിറച്ച ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട ബിജെപിയെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ രംഗത്ത്.ദാവിഡ പാർട്ടികളിൽ നിന്നും തമിഴ് ജനതയെ കാപ്പാത്താൻ പുറപ്പെട്ട ബിജെപി നാം തമിഴർ പാർട്ടിക്കും നോട്ടയ്ക്കും പിന്നിലായെന്നാണ് ജയശങ്കറിന്റെ പരിഹാസം ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് ജയശങ്കർ പ്രതികരിച്ചത്.

ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പുരട്ചി തലൈവിയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന ആർ.കെ നഗർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥി ടിടിവി ദിനകരൻ തെരഞ്ഞെടുക്കപ്പെട്ടു.

ദിനകരനു കിട്ടിയതിന്റെ പകുതി വോട്ടേ എഡിഎംകെ സ്ഥാനാർത്ഥിക്കു കിട്ടിയുള്ളൂ. ഡിഎംകെ മൂന്നാം സ്ഥാനത്തായെന്നു മാത്രമല്ല ജാമ്യസംഖ്യ നഷ്ടപ്പെട്ടു. ദ്രാവിഡ പാർട്ടികളിൽ നിന്ന് തമിഴ് മക്കളെ കാപ്പാത്താൻ പുറപ്പെട്ട ബിജെപി നാം തമിഴർ പാർട്ടിക്കും നോട്ടക്കും പിന്നിലായി.

അമ്മയുടെ യഥാർത്ഥ പിൻഗാമി ദിനകരനാണെന്ന് തെളിഞ്ഞു, പണത്തിനു മീതെ പളനിസ്വാമിയോ സ്‌ററാലിനോ പറക്കില്ലെന്നും ഉറപ്പായി.

ആർകെ നഗറിലെ ഈ ജനവിധി 1973ലെ ദിണ്ടിഗൽ ഉപതെരഞ്ഞെടുപ്പിനെ ഓർമിപ്പിക്കുന്നു. അന്ന് അണ്ണാ ഡിഎംകെ വൻവിജയം നേടി, സംഘടനാ കോൺഗ്രസ് രണ്ടാം സ്ഥാനം നേടി, ഡിഎംകെ മൂന്നാമതായി. അവിടെ നിന്നങ്ങോട്ട് എംജിആർ കുതിച്ചു കയറി, കലൈഞ്ചർ കൂപ്പുകുത്തി.

തമിഴക രാഷ്ട്രീയം ഇനി മന്നാർഗുഡി മാഫിയയുടെ കയ്യിൽ സുരക്ഷിതമായിരിക്കും. ഒന്നും പേടിക്കാനില്ല.