- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ജസ്റ്റിസ് ചന്ദ്രു കേരളത്തിൽ സഖാവ് ചന്ദ്രുവായത് എങ്ങനെ? ശ്രീലങ്കൻ പ്രശ്നത്തിൽ ഇന്ത്യ ഇടപെട്ടത് വിമർശിച്ചതിന് 88ൽ സിപിഎം പുറത്താക്കി; ഇ.എം.എസിനോട് കൃഷ്ണയ്യർ പറഞ്ഞിട്ടും തിരുത്തിയില്ല; സിനിമക്ക് ആധാരമായ സംഭവം നടന്നത് 93ൽ; മന്ത്രി ശിവൻകുട്ടി മുതൽ കെടി ജലീൽവരെ തള്ളുന്നത് വ്യാജം; 'ജയ് ഭീം' ഹീറോ ജസ്റ്റിസ് ചന്ദ്രുവിന്റെ യഥാർഥ ജീവിത കഥ
'ഇൻക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടു പൂർത്തിയാക്കാനാവില്ല'- ആമസോൺ പ്രൈമിൽ റിലീസായി, ലോകമെമ്പാടും തരംഗമായിരിക്കുന്ന, സൂര്യയുടെ തമിഴ് ചിത്രം 'ജയ് ഭീമി'നെക്കുറിച്ച്, കേരളത്തിലും മന്ത്രിമാർ മുതൽ സൈബർ സഖാക്കൾവരെ തള്ളിമറിക്കുന്ന കാലമാണിത്. ചിത്രത്തിൽ അടിച്ചമർത്തപ്പെട്ടവർക്കും അശരണർക്കും കാവലാൾ ആവുന്ന അഡ്വക്കേറ്റ് ചന്ദ്രുവെന്ന സൂര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്, ഒരു കമ്യൂണിസ്റ്റ് ബാക്ക് ഗ്രൗണ്ടിലാണ്. ചിത്രത്തിൽ പലയിടത്തും ചെങ്കൊടികൾ കാണാം. ചന്ദ്രുവിന്റെ ഓഫീസിലും വീട്ടിലും കാണുന്ന ഫോട്ടോകളിൽ മാർക്സ്, പെരിയാർ, അംബേദ്കർ ചിത്രങ്ങളാണ്. മേശയിൽ ലെനിന്റെ പ്രതിമയും. ചിത്രം ചുരുങ്ങിയ സമയം കൊണ്ട് ട്രൻഡിങ്ങ് ആയതോടെ, ജസ്റ്റിസ് ചന്ദ്രുവെന്ന തമിഴ്നാട്ടിൽ ഒരുപാട് വിപ്ലവകരമായ വിധികൾ കൊണ്ടുവന്ന ജഡ്ജിയുടെ കഥയും മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സംവിധായകൻ ജ്ഞാനവേലും, നടൻ സൂര്യയും ഈ വിവരം സ്ഥിരീകരിച്ചതോടെ, ജസ്റ്റസ് ചന്ദ്രുവിന്റെ കഥ കേരളത്തിലും വലിയ വാർത്തയായി.
ജസ്റ്റിസ് ചന്ദ്രു വിരമിക്കൽ പാർട്ടി നിരസിച്ചതും, അവസാന ദിവസം ഔദ്യോഗിക കാർ ഉപേക്ഷിച്ച് ട്രെയിനിൽ പോയതും, ചീഫ് ജസ്റ്റിസിന് മുന്നിൽ സ്വത്ത് വെളിപ്പെടുത്തിയതും തൊട്ടുള്ളകാര്യങ്ങളം വാർത്തയായി. അതോടെ കേരളത്തിൽ സൈബർ സഖാക്കളുടെ തള്ളുകൾ തുടങ്ങി. ഉന്നതമായ കമ്യൂണിസ്റ്റ് ബോധമാണ് ജസ്റ്റിസ് ചന്ദ്രുവിന് ഉണ്ടായിരുന്നതെന്നും അടിച്ചമർത്തപ്പെട്ടവരോടും പാർശ്വവത്കൃതരോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹം, പാർട്ടി വഴി കിട്ടിയതാണെന്ന് വരെ വാഴ്ത്തുകൾ വന്നു. ഒറ്റ ദിവസം കൊണ്ട് ജയ്ഭീം ഒരു കമ്യൂണിസ്റ്റ് സിനിമയായി മാറി. ജസ്റ്റിസ് ചന്ദ്രു സഖാ്വ ചന്ദ്രുവും !
ഹൃദയമുള്ള ആർക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ലെന്നാണ് മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ എഴുതിയത്. ''ഇൻക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടു പൂർത്തിയാക്കാനാകില്ല. സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളിൽ എല്ലാം നമുക്ക് ചെങ്കൊടി കാണാം. യഥാർത്ഥ കഥ, യഥാർത്ഥ കഥാപരിസരം, യഥാർത്ഥ കഥാപാത്രങ്ങൾ, ഒട്ടും ആർഭാടമില്ലാത്ത വിവരണം. ചന്ദ്രു വക്കീൽ പിന്നീട് ജസ്റ്റിസ് കെ. ചന്ദ്രുവായി ചരിത്രം വഴിമാറിയ നിരവധി വിധികൾ പ്രസ്താവിച്ചു. മനുഷ്യ ഹൃദയത്തെ തൊട്ടറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ തീർപ്പുകൾ. അതിനൊരു കാരണമുണ്ട്. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എസ്.എഫ്.ഐ ആയിരുന്നു, സിഐ.ടി.യു ആയിരുന്നു, സിപിഎം ആയിരുന്നു. സഖാവ് ചന്ദ്രുവുമായി ഇന്ന് ഫോണിൽ സംസാരിച്ചു. 'ജയ് ഭീം' എന്ന ചിത്രത്തെ കേരളത്തിന്റെ പുരോഗമന മനസ് ഏറ്റെടുത്ത കാര്യം അറിയിച്ചു. അഭിവാദ്യങ്ങൾ അറിയിച്ചു.''- ഇതായിരുന്നു മന്ത്രി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.
ജയ് ഭീം സിനിമയെ അഭിനന്ദിച്ച് മുൻ മന്ത്രി കെ ടി. ജലീലും രംഗത്തെത്തിയിരുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട നിസ്സഹയായ ഒരു സ്ത്രീക്ക് മുന്നിൽ 'ചെങ്കൊടി' തണൽ വിരിച്ചത് കഥയല്ലെന്നും ചരിത്രമാണെന്നുമായിരുന്നു ജലീൽ പറഞ്ഞത്. ഇതോടെ സകല സൈബർ സഖാക്കളും ജസ്റ്റിസ് ചന്ദ്രുവിന്റെ പേരിൽ തള്ള് തുടങ്ങി. ജസ്റ്റിസ് ചന്ദ്രുവിനെ സഖാവ് ചന്ദ്രുവെന്നാണ് പാർട്ടി പ്രവർത്തകർ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇത് പച്ച നുണയായിരുന്നു.
ടി.പിയുടെ പ്രവർത്തനങ്ങൾ പാർട്ടിയുടെ അക്കൗണ്ടിൽവരുമോ!
ചന്ദ്രു മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നുള്ള പഴയ എസ്.എഫ്.ഐ നേതാവാണ്. പിന്നീട് അദ്ദേഹം അഭിഭാഷകനായി. ജഡ്ജിയായി. 'ലിസൺ ടു മൈ കേസ് ' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലെ ഒരു കേസാണ് ജയ് ഭീം എന്ന സിനിമയ്ക്ക് ആധാരം.
ജസ്ററിസ് ചന്ദ്രുവിനെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ ടി.ജ്ഞാനവേൽ ഇങ്ങനെ എഴുതുന്നു. ''ഈ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ''ജയ് ഭീം'' എന്ന സിനിമ ഉണ്ടാകുമായിരുന്നില്ല. ഇരുളർ വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീക്ക് സ്വന്തം ഭർത്താവിനെ തേടി ഹൈക്കോടതി വരെ എത്തിച്ചേരാൻ കഴിയുമായിരുന്നില്ല. രാജാക്കണ്ണിന്റെ അനാഥ മരണത്തിനു നീതി ലഭിക്കുമായിരുന്നില്ല, പകരം നൽകാമെന്നു പറഞ്ഞ പണം വേണ്ടെന്നുവച്ചു തിരിഞ്ഞുനടക്കാനുള്ള ത്രാണി സെങ്കനിക്ക് ഉണ്ടാകുമായിരുന്നില്ല. പ്രതിഫലമില്ലാതെ സെങ്കനിയുടെ കേസ് നടത്തിയ, സ്വാധീനിക്കാൻ പണക്കെട്ടുമായി എത്തിയ ഏമാന്മാരെ പടിയിറക്കിവിട്ട വക്കീൽ, അതാണ് പിന്നീട് ഹൈക്കോടതി ന്യായാധിപനായ ജസ്റ്റിസ് ചന്ദ്രു.''
ചിന്തിക്കുകയും, വ്യവസ്ഥിതി മാറണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഏതൊരു ചെറുപ്പക്കാരനെയും പോലെ ചന്ദ്രുവും തന്റെ പഠന കാലത്ത് എസ്.എഫ്.ഐയിൽ ആയിരുന്നു. അദ്ദേഹം അഭിഭാഷകനായി സേവനം തുടങ്ങിയ അൽപ്പം കഴിഞ്ഞ കാലം തന്നെ അദ്ദേഹത്തെ സിപിഎം പുറത്താക്കിയതാണ്. ഈ കാര്യം മറച്ചുവച്ചാണ് സൈബർ സഖാക്കൾ പ്രചാരണം നടത്തുന്നത്. 1988ൽ തന്നെ സിപിഎമ്മുമായി ബന്ധം വിഛേദിച്ചുവെന്നും അത് തന്റെ പ്രവർത്തന മണ്ഡലം വിശാലമാക്കിയെന്നും ജസ്റ്റിസ് കെ ചന്ദ്രു തന്നെ പറയുന്നുണ്ട്. 93ലാണ് ജയ്ഭീം സിനിമക്ക് ആധാരമായ കസ്റ്റഡി മരണം നടക്കുന്നത്.
സിപിഎമ്മിനെ സംബന്ധിച്ച് പുറത്താക്കപ്പെട്ടവൻ പിന്നെ കുലം കുത്തിയും വർഗ ശത്രുവുമാണ്. ഓർക്കുക, കെ.കെ രമയുടെയോ, ടി.പി ചന്ദ്രശേഖരന്റെയോ എസ്.എഫ്ഐ കാലത്തെ പ്രവർത്തനം എടുത്ത് ഉയർത്തിക്കാട്ടിയിട്ട്, ഇത് പാർട്ടിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കയാണെന്ന് ഒക്കെ തള്ളി മറച്ചാൽ അത് എന്തൊരു ഭോഷ്ക്കായിരിക്കും!
മൈലോർഡ് വിളിയും അകമ്പടിയും ഒഴിവാക്കി
ജഡ്ജിയായതിനുശേഷവും അദ്ദേഹം സമത്വത്തിനായി പോരടിക്കയായിരുന്നു. ജഡ്ജിയുടെ ചേമ്പറിലേക്ക് കടന്നുവരുമ്പോൾ ദാഫേദാർ അധികാരത്തിന്റെ ദണ്ഡുമായി അകമ്പടി സേവിക്കുന്ന ആചാരം അദ്ദേഹം ഒഴിവാക്കിയിരുന്നു, സുരക്ഷയ്ക്കായി നൽകിയ സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഗൺമാനെ നിയോഗിച്ചിരുന്നില്ല, കാറിന്റെ ഉച്ചിയിൽ ചുവന്ന ബീക്കൺ ലൈറ്റു പിടിപ്പിച്ചിരുന്നില്ല, വീട്ടിൽ സേവകരെ നിയമിച്ചിരുന്നില്ല, അഭിഭാഷകരെ മൈ ലോർഡ് എന്നുവിളിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു, വിരമിച്ച ശേഷം കമ്മീഷനോ ട്രൈബ്യുണലോ ഓംബുഡ്സ്മാനോ ഗവർണറോ ആവാൻ നിന്നില്ല. സ്ത്രീകൾക്ക് ക്ഷേത്രങ്ങളിൽ പൂജാരികളാവാം, പൊതുശ്മശാനങ്ങളിൽ ജാതീയമായ വേർതിരിവുകൾ പാടില്ല, തുടങ്ങിയ സുപ്രധാന വിധികൾ എഴുതിയത് ഈ ന്യായാധിപൻ ആയിരുന്നു.
സാധാരണ ഒരു ഹൈക്കോടതി ജസ്റ്റിസ് വിരമിച്ചാൽ ചീഫ് ജസ്റ്റിസിന്റെ ചേമ്പറിൽ ഒരു യാത്രയപ്പുണ്ടാവും. ഗ്രൂപ്പ് ഫോട്ടോ, ചായസത്കാരം, ഏതെങ്കിലും മുന്തിയ ഹോട്ടലിൽ അത്താഴം, അതാണ് അതിന്റെ ഒരു നടപടിക്രമം. എന്നാൽ, 2013ൽ മദ്രാസ് ഹൈക്കോടതിയിൽ നിന്നും ഒരു ജസ്റ്റിസ് വിരമിച്ചപ്പോൾ അദ്ദേഹം ചീഫ് ജസ്റ്റിസിനു ഒരു കത്തെഴുതി. എനിക്ക് യാത്രയപ്പു ചടങ്ങുകൾ നടത്താൻ ഓർഡർ ഇടരുത്. അത്യപൂർവമായിരുന്നു അങ്ങനെയൊരു ആവശ്യം.
അവസാനത്തെ പ്രവൃത്തിദിവസം തന്റെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയതിന്റെ ഒരു കോപ്പി അദ്ദേഹം ചീഫ് ജസ്റ്റിസിനു നൽകി. അതു നൽകാൻ തയ്യാറായ അപൂർവം ന്യായാധിപരിൽ ഒരാൾ. ഇറങ്ങുന്നതിനു മുൻപു അടുത്തുള്ള സംഗീത റസ്റ്റോറന്റിൽ പോയി ഒരു കാപ്പി കുടിച്ചു, അന്നുരാവിലെ തന്നെ ഔദ്യോഗികവാഹനം തിരിച്ചേൽപ്പിച്ചതിനാൽ ബീച്ച് സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറി തിരിച്ചു വീട്ടിലേക്കു മടങ്ങി.ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന ഏഴുവർഷ കാലയളവിൽ 96,000 കേസുകൾ തീർപ്പാക്കിയ, ഒരുദിവസം 75 കേസുകൾ വരെ കേട്ടിരുന്ന, ചരിത്രപരമായ പല വിധികളും പ്രസ്താവിച്ച, ജനങ്ങളുടെ ജസ്റ്റിസെന്നു പേരെടുത്ത ഒരു ന്യായാധിപന്റെ ഔദ്യോഗികജീവിതം അവസാനിച്ചത് അങ്ങനെ ആയിരുന്നു
ജയ് ഭീമിലെ 90 ശതമാനവും യഥാർഥ സംഭവങ്ങൾ
തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് ജയ് ഭീം അവതിരിപ്പിക്കുന്നത്. 1993ലാണ് സിനിമക്ക് ആധാരമായ സംഭവം. ഇപ്പോൾ ചെന്നെയിൽ വിശ്രമ ജീവതം നയിക്കുന്ന ജസ്റ്റിസ് ചന്ദ്രു മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. '' 28 വർഷം മുൻപാണ്. ഒരു പരിപാടിയിൽ പങ്കെടുക്കാനായി ഞാൻ കടലൂരിലെ നെയ് വേലിയിൽ പോയതായിരുന്നു. അപ്പോൾ ഒരു സ്ത്രീവന്നു. കൂടെ പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനും ഉണ്ടായിരുന്നു. എനിക്ക് ചെന്നൈയിലേക്കുള്ള ബസ് 5.30ന് ആണ്. അഞ്ച് മണിയായി ആ സ്ത്രീയെ കാണുമ്പോൾ. സമയമില്ലാത്തതിനാൽ അവരോട് ചെന്നൈയിലേക്ക് വരാൻ പറഞ്ഞ് എന്റെ കാർഡ് കൊടുത്തു. അവർ ചെന്നൈയിൽ എത്തി നടന്ന സംഭവങ്ങൾ വിശദീകരിച്ചു. അതിനെത്തുടർന്ന് രാജാക്കണ്ണിനെ തിരഞ്ഞ് മദ്രാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുകയായിരുന്നു. രാജാക്കണ്ണിന്റെ സഹോദരന്റെ മക്കൾ രണ്ടു പേർ എവിടെയാണ് എന്നതും പ്രധാന വിഷയമായി.
ഹർജി കോടതിയിൽ എത്തിയപ്പോൾ, മെനഞ്ഞ കഥയുമായി പൊലീസ് വന്നു. എല്ലാവരും കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു പോയി എന്നായിരുന്നു പൊലീസിന്റെ കഥ. എന്നാൽ രാജാക്കണ്ണിന്റെ സഹോദരന്റെ മക്കൾ കേരളത്തിൽ ഉണ്ട് എന്ന വിവരം ഞങ്ങൾക്ക് ലഭിച്ചു. സംഭവം നടന്ന് കുറച്ച് മാസങ്ങൾക്ക് ശേഷം മുതൽ രാജാക്കണ്ണിന്റെ സഹോദരന്റെ വീട്ടിലേക്ക് മണിയോർഡറുകൾ ലഭിച്ചിരുന്നു. അതിൽ പക്ഷേ കൃത്യമായ അഡ്രസില്ല. ആ മണിയോഡറുകൾ പരതി രണ്ടു പേരെ കണ്ടെത്തി. അവരെ കോടതിയിൽ ഹാജരാക്കിയതാണ് കേസിൽ നിർണായകമായത്. പൊലീസിന്റെ അതിക്രൂര മർദ്ദനത്തേയും കൊലപാതകത്തേയും കുറിച്ച് ഇരുവരും കോടതിയിൽ പറഞ്ഞു. ഇനി ഈ ഭാഗത്തൊന്നും കണ്ടു പോകരുത് എന്ന് മുന്നറിയിപ്പ് നൽകി പൊലീസ് ഇരുവരേയും വിട്ടയച്ചെന്നും ശേഷം കേരളത്തിലെ കൊല്ലം ജില്ലയിൽ ഒരിടത്ത് വീട്ട് ജോലി ചെയ്ത് ജീവിക്കയായിരുന്നുവെന്നും അവർ കോടതിയിൽ മൊഴി നൽകി.
ഇതോടെ സംഭവത്തിൽ അന്വേഷണത്തിനായി ഐ.ജി പെരുമാൾ സ്വാമിയെ കോടതി നിയോഗിച്ചു. 30 ദിവസം നീണ്ട അന്വേഷണത്തിൽ കസ്റ്റഡി കൊലപാതകത്തിന്റെ തെളിവുകൾ ലഭിച്ചു. പൊലീസുകാർ കുറ്റക്കാരാണ് എന്ന് വ്യക്തമായതോടെ ഹൈക്കോടതി കേസ് കടലൂർ സെഷൻസ് കോടതിയിലേക്ക് മാറ്റി. രാജാക്കണ്ണിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും വീടും നൽകാനും കോടതി ഉത്തരവിട്ടു. കേസ് വാദിച്ച എനിക്ക് 5000 രൂപ പൊലീസ് നൽകണമെന്നും കോടതി വിധിച്ചിരുന്നു. ഞാനത് നിഷേധിച്ചെങ്കിലും കോടതി ഉത്തരവ് മാറ്റിയില്ല. ഏഴ് വർഷത്തിന് ശേഷം ആ പണം പൊലീസ് എനിക്ക് തന്നു. ഞാനാ പണം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് കൈമാറി. അവർ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയല്ലെ? അതുകൊണ്ടാണ് പണം അവർക്ക് നൽകിയത്. സെഷൻസ് കോടതിയിലെ നടപടികൾ നീണ്ടെങ്കിലും പ്രതികൾക്ക് 10 വർഷം വീതം തടവ് ശിക്ഷ ലഭിച്ചു.''
ഒരു സിനിമ പിറക്കുന്നത് ഇങ്ങനെ
സംവിധാകൻ ജ്ഞാനവേലുമായുള്ള ബന്ധത്തെ തുടർന്നാണ് ഈ സിനിമ ഉണ്ടാകുന്നത്. അതേക്കുറിച്ച് ജസ്റ്റിസ് ചന്ദ്രു ഇങ്ങനെ പറയുന്നു. -'' ഏറ്റവും പ്രധാനപ്പെട്ട കേസ് ഏത് എന്ന ചോദ്യത്തിന് പല തവണ ഈ കേസ് ഞാൻ പരാമർശിച്ചിട്ടുണ്ട്. അത് പത്രങ്ങളിലും മറ്റും വന്നതുമാണ്. എന്നാൽ അതെല്ലാം ആളുകൾ വായിച്ചു വിട്ടു എന്നല്ലാതെ കാര്യമായ ചർച്ചയുണ്ടായില്ല. ഇടയ്ക്ക് സംവിധായകൻ ജ്ഞാനവേലുവുമൊത്ത് നെയ്വേലിയിലേക്ക് ഒരു പുസ്തകോത്സവത്തിൽ പങ്കെടുക്കാനായി യാത്ര നടത്തിയിരുന്നു. അന്ന് പഴയ സംഭവങ്ങൾ ഞാൻ വിശദീകരിച്ചു. ''ഇവിടെ വച്ചാണ് ആ സ്ത്രീയെ ആദ്യം കണ്ടത്, ഇവിടെയാണ് രാജാക്കണ്ണ് കൊല ചെയ്യപ്പെട്ടത്, മൃതദേഹം ഈ സ്ഥലത്താണ് ഉണ്ടായിരുന്നത്'' തുടങ്ങി എല്ലാം വിശദമായി പറഞ്ഞു. എന്തുകൊണ്ട് ഇത് സിനിമയാക്കിക്കൂട എന്ന ചിന്ത ജ്ഞാനവേലിനുണ്ടായി. അതിനായി കേസിന്റെ രേഖകൾ തിരഞ്ഞു.
ഈ സിനിമകൊണ്ട് ആർക്ക് ഗുണംവരണം എന്ന ചിന്ത ഉറപ്പായും ഉണ്ടായിരുന്നു. ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് സിനിമയെടുക്കാം, ഒരു സമൂഹത്തെ കേന്ദ്രീകരിച്ചും എടുക്കാം. വലിയ ബുദ്ധിമുട്ടും പ്രതിസന്ധിയും നേരിടുന്ന ജന വിഭാഗമാണ് ഇരുളർ. ഇരുളരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദിണ്ടിഗലിലെ പ്രൊഫ. കല്യാണിയെ എനിക്ക് പരിചയമുണ്ട്. ഇരുള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന വലിയ ചുമതല അവർ ഏറ്റെടുത്ത് നടത്തുന്നു. ഇക്കാര്യമെല്ലാം പരിഗണിച്ചാണ് കുറവ വിഭാഗത്തിൽപ്പെട്ട രാജാക്കണ്ണിന്റെ കഥ ഇരുളരുടെ കഥയായി മാറുന്നത്.
ചെറിയ ബജറ്റിൽ ഒരു സിനിമ എന്ന ആലോചനയാണ് ആദ്യമുണ്ടായത്. എന്നാൽ അത് ഡോക്യുമെന്റെറി പോലെയാകുമെന്ന് തോന്നി. അങ്ങനെയാണ് നിർമ്മാണത്തിനുവേണ്ടി, കഥയുമായി സംവിധായകൻ സൂര്യയെ സമീപിച്ചത്. '' ഈ സിനിമയിൽ ഞാൻ തന്നെ അഭിനയിക്കാം'' എന്ന് ചർച്ചകൾക്കിടെ സൂര്യ പറഞ്ഞു. സിനിമയിൽ പറഞ്ഞ 95 ശതമാനം കാര്യങ്ങളും നടന്നതാണ്. സിനിമയ്ക്ക് വേണ്ടി ചില കാര്യങ്ങളിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യം നടന്നത് പിന്നെ പറഞ്ഞു എന്നതുൾപ്പെടെയുള്ള ക്രമീകരണങ്ങൾ.'' -ജസ്റ്റിസ് ചന്ദ്രു വ്യക്തമാക്കി.
ഇരുളരെക്കുറിച്ച് അറിവുണ്ടാക്കാൻ സഹായിച്ച സിനിമ
തനിക്ക് ചിത്രം മൂലം പബ്ലിസിറ്റി കിട്ടിയോ എന്നതല്ല, സമൂഹത്തിന് എന്ത് ഗുണം കിട്ടി എന്നതിലാണ് താൻ സന്തോഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. '' അടിച്ചമർത്തപ്പെട്ട ഇരുളരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും ജനങ്ങൾക്ക് അറിവുണ്ടാക്കാൻ ഈ സിനിമ സഹായിച്ചു എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ ഇങ്ങനെ ചിത്രീകരിക്കാൻ കഴിഞ്ഞു എന്നത് മൂന്നാമത്തെ കാര്യം. നാട് മാറി മാറി പുറമ്പോക്കിൽ ജീവിക്കുന്നവരാണ് ഇരുളർ. അവർക്കൊരു പ്രശ്നം വന്നപ്പോൾ നാട്ടിൽ ആരും സഹായിച്ചില്ല. എന്ത് വന്നാലും അതിനെ നേരിടും എന്ന ഉറപ്പിൽ ഒരു സ്ത്രീ നിയമ പോരാട്ടത്തിന് ഇറങ്ങുന്നു. കേസ് ഒതുക്കാൻ ഒരു ലക്ഷം രൂപ നൽകാമെന്ന് പൊലീസുകാർ അവരോട് പറഞ്ഞതാണ്.
ഒരു ദിവസം തൊഴിലെടുത്താൽ നൂറ് രൂപയ്ക്ക് പോലും വകയില്ലാതിരുന്ന ആ സ്ത്രീ ഒരു ലക്ഷം രൂപ തട്ടിത്തെറിപ്പിച്ച് നീതിക്ക് വേണ്ടി നിലകൊണ്ടു. ആ അർപ്പണബോധത്തിന്റെ കഥ പറയാൻ സിനിമയ്ക്ക് പറ്റി.സാധാരണക്കാർക്ക് കോടതിയിൽ പോയി വിജയിക്കാൻ പറ്റുമോ എന്ന സംശയത്തിന് മാറ്റം വരുത്താൻ കഴിഞ്ഞു. ഈ സിസ്റ്റത്തിൽ ഇതും സാധ്യമാണ്. സാധാരണക്കാർക്ക് ജയിക്കാൻ കഴിയും, ആര് കാരണം? നല്ലവരായ കുറേ മനുഷ്യർ തന്നെ കാരണം. നേരത്തേയെല്ലാം കോടതികളെ സിനിമകളിൽ കാണിച്ചിരുന്നു. പക്ഷേ അതെല്ലാം ജില്ലാ കോടതികളും മറ്റുമായിരുന്നു. ഇവിടെ, ഹൈക്കോടതിയിൽ നടന്ന ഒരു സംഭവം ഹൈക്കോടതി തന്നെ കാണിച്ച് സിനിമയിൽ അവതരിപ്പിച്ചു. അഭിഭാഷകർ സ്വന്തമായ ഭക്ഷണം വെച്ച് കഴിക്കുന്നവരും തറയിലിരിക്കുന്നവരുമെല്ലാമാണ് എന്ന് ചിത്രീകരിച്ചു. പ്രണയവും മസാലയും അടിപിടിയും ഹീറോ പരിവേഷവും ഒന്നുമില്ലാതെ സിനിമയിൽ ഒരു കഥയ്ക്ക് വിജയിക്കാൻ കഴിയുമെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞുവെന്നത് വലിയ കാര്യമായി.
മലയാളത്തിൽ ഒരു പക്ഷേ നേരത്തേ ഇത്തരം കഥകൾ വന്നിട്ടുണ്ടാകാം. എന്നാൽ തമിഴിൽ അധികമില്ല. കാൽപ്പനികവത്ക്കരിക്കുന്നതിന്റെ അപ്പുറത്തേക്ക് കാര്യം പറയാൻ ശ്രമിച്ചു എന്നത് ഗുണമായി.പൊലീസുകാർ തെറ്റ് ചെയ്തു എന്ന് സിനിമ പറയുമ്പോഴും അത് മറ്റൊരു പൊലീസുകാരൻ കണ്ടെത്തി എന്ന കാര്യം മറച്ചു വെയ്ക്കുന്നില്ല. അതുകൊണ്ട് പൊലീസുകാർക്കിടയിലും നല്ല അഭിപ്രായം സിനിമയ്ക്ക് വന്നിട്ടുണ്ട്.'' ജസ്റ്റിസ് ചന്ദ്രു ചൂണ്ടിക്കാട്ടി.
സിപിഎമ്മിന് അവരുടെ കാര്യം; എനിക്ക് ജനങ്ങളുടേതും
സംഭവത്തിൽ സിപിഎമ്മിന്റെ റോൾ എന്താണ് എന്ന ചോദ്യത്തിന് ഒട്ടും ആവേശമില്ലാതെയാണ് ഈ എക്സ് കമ്യൂണിസ്റ്റ് പ്രതികരിച്ചത്. ''സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ഒരു മാധ്യമത്തോട് സംസാരിച്ചത് കേട്ടിരുന്നു. രാജാക്കണ്ണിന്റെ കുടുംബത്തെ സഹായിച്ചിരുന്നതായി പറയുന്നത് കണ്ടു. അതെല്ലാം അവരുടെ കാര്യം. എന്നെ സംബന്ധിച്ച് ഈ സിനിമകൊണ്ട് ജനങ്ങൾക്ക് എന്ത് കാര്യം എന്നുള്ളതാണ്. സിനിമ കണ്ട ആളുകളിൽ നിന്ന് നല്ല അഭിപ്രായം വരുന്നു. പലരും ഇങ്ങനെയൊക്കെ നടക്കുമോ എന്ന് അത്ഭുതപ്പെടുന്നു. ചില യുവാക്കൾ ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കുന്നു. സിനിമയുടെ നിർമ്മാതാക്കളായ സൂര്യയും ജ്യോതികയും ഒരു കോടി രൂപ ഇരുളരുടെ വിദ്യാഭ്യാസത്തിനായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ഏൽപ്പിക്കുന്നു. ഇരുളരെക്കുറിച്ച് അന്വേഷിക്കാനും അവരെ സഹായിക്കാനും കൂടുതൽ പേർ രംഗത്ത് വരുന്നു. ഈ സിനിമയ്ക്ക് പ്രതീക്ഷിച്ചതിലും വലിയ വരവേൽപ്പാണ് ലഭിച്ചത്.
പഠന കാലത്ത് എസ്.എഫ്.ഐ ആയിരുന്നു. പിന്നീട് സിപിഎം. സിഐ.ടി.യു നേതാവുമായിരുന്നു. അന്ന് തൊഴിലാളി സമരങ്ങളിൽ പങ്കെടുത്ത് ജയിലിൽ കിടന്നിട്ടുണ്ട്. നിരവധി സമരങ്ങളിലും പോരാട്ടങ്ങളിലും പങ്കെടുത്തു. ആ അനുഭവങ്ങളെല്ലാം അഭിഭാഷകനായപ്പോഴും പിന്നീട് ജഡ്ജിയായപ്പോഴും എന്നെ സഹായിച്ചിട്ടുണ്ട്. സമരങ്ങളിലെ എന്റെ ആവശ്യങ്ങൾ ഞാൻ ജഡ്ജിയായിരിക്കുമ്പോൾ മുന്നിൽ വന്നു. നീതിയുക്തം വിധി പറഞ്ഞു.
അണിയറ പ്രവർത്തകരുടെ രണ്ട് വർഷത്തെ കഷ്ടപ്പാടാണ് ഈ സിനിമ. സെൻസറിൽ നിറയെ കട്ട് പറഞ്ഞു. എ സർട്ടിഫിക്കറ്റാണ് നൽകിയത്. അങ്ങനൊരു പടത്തിന് സ്ത്രീകൾ തിയേറ്ററിൽ കയറുമോ? കുടുംബം എത്തുമോ എന്നെല്ലാം സംശയമുണ്ടായിരുന്നു. തുടർന്നാണ് ഒടിടി എന്ന ചിന്ത വന്നത്. എന്നാൽ ആദ്യ ദിവസം തന്നെ സിനിമയുടെ റീച്ച് മനസ്സിലായി. ജർമനി, ബ്രസീൽ തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്ന് പോലും ആളുകൾ സിനിമ കണ്ട് വിളിച്ചു. നല്ല വരവേൽപ്പ് ലഭിച്ചു. വലിയ സന്തോഷമുണ്ട്.''- ജസ്റ്റിസ് ചന്ദ്രു വ്യക്തമാക്കി.
പാർട്ടി പുറത്താക്കിയത് അനുഗ്രഹമായി
കടലൂരിലെ കസ്റ്റഡി മരണം നടക്കുന്നതിന് 5 വർഷം മുമ്പുതന്നെ അഡ്വ ചന്ദ്രുവിനെ സിപിഎം പുറത്താക്കിയിരുന്നു. 2013ൽ 'ബാർ ആൻഡ് ബഞ്ചിന്' നൽകിയ അഭിമുഖത്തിലാണ് സിപിഎമ്മിൽ നിന്ന് പുറത്തുപോയ സാഹചര്യം അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ''1988ൽ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ശ്രീലങ്കയിൽ രാജീവ് ഗാന്ധിയുടെ ഇടപെടലിനെ ഞാൻ എതിർത്തു, ജയവർധനയുമായി ഇടപാട് നടത്താൻ അദ്ദേഹത്തിന് അവകാശമില്ലെന്ന് വാദിച്ചു. എന്നാൽ ഇതൊരു നല്ല പരിഹാരമാണെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.
എന്തായാലും ഞാൻ പാർട്ടി വിട്ടു, എന്റെ പ്രവർത്തന മണ്ഡലം വിശാലമായി. ഞാൻ ഒരു പാർട്ടി അഭിഭാഷകനോ ഒരു പ്രത്യേക ട്രേഡ് യൂണിയൻ അഭിഭാഷകനോ ആയിരുന്നില്ല. ഞാൻ ലോകത്തിന്റെ മുഴുവൻ അഭിഭാഷകനായിരുന്നു. ആർക്കും വേണ്ടി ഹാജരാകുന്നതിൽ എനിക്ക് നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഈ പുറത്താക്കൽ ഒരു അനുഗ്രഹമായിരുന്നുവെന്ന് ഞാൻ കരുതുന്നു'. ജസ്റ്റിസ് ചന്ദ്രു വിശദീകരിച്ചു.
കൃഷ്ണയ്യർ പറഞ്ഞിട്ടും ഇ.എം.എസ് കേട്ടില്ല
തന്റെ പുറത്താക്കലിനെതിരെ സാക്ഷാൽ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ പോലും പറഞ്ഞിട്ടു സിപിഎം തിരുത്തിയിട്ടില്ലെന്ന് ജസ്റ്റിസ് ചന്ദ്രു പിന്നീട് വ്യക്തമാക്കിയിരുന്നു. കൃഷ്ണയ്യർ അന്തരിച്ചപ്പോൾ ഇന്ത്യൻ എക്സഎ്രസ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ ദുരനുഭവം വെളിപ്പെടുത്തിയത്്. ''നമുക്ക് വേണ്ടത്ര ചുവപ്പില്ല, നമുക്ക് പിങ്ക് പാർട്ടി തുടങ്ങാം'.- ജസ്റ്റിസ് കൃഷ്ണയ്യർ എന്ന രാഷ്ട്രീയക്കാരൻ' എന്ന തലക്കെട്ടിലാണ് ഇന്ത്യൻ എകസ്പ്രസ് 2014 ഡിസംബർ 5ന് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വാർത്തയുടെ പ്രസ്കതഭാഗങ്ങൾ ഇങ്ങനെ- 'മദ്രാസ് ഹൈക്കോടതിയിലെ റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് കെ ചന്ദ്രു, അഭിഭാഷകനായും ജഡ്ജിയായുമുള്ള തന്റെ ജീവിതത്തിലുടനീളം ഒരു മാർഗദർശിയായി ജസ്റ്റിസ് അയ്യരെ അനുസ്മരിക്കുന്നു. ''എന്റെ വിദ്യാർത്ഥി കാലഘട്ടം മുതൽ എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയാമായിരുന്നു,'' ജസ്റ്റിസ് ചന്ദ്രു പറയുന്നു.ഒരിക്കൽ മദ്രാസിലെ വിദ്യാർത്ഥി നേതാവും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) സജീവ അംഗവുമായിരുന്ന ജസ്റ്റിസ് ചന്ദ്രുവിനെ 1980കളുടെ അവസാനത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കി. ശ്രീലങ്കൻ തമിഴർ വിഷയത്തിൽ പാർട്ടിയുടെ നിലപാടിനെതിരെ മദ്രാസിൽ സംഘടിപ്പിച്ച അഭിഭാഷകരുടെ പൊതുയോഗത്തെ തുടർന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്.
പാർട്ടി തീരുമാനത്തിൽ അസ്വസ്ഥനായ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ മോസ്ക്കോയിലേക്കുള്ള യാത്രയ്ക്കിടെ അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി ഇ.എം.എസ് നമ്പൂതിരിപ്പാടുമായി ഇക്കാര്യം ഉന്നയിച്ചിരുന്നു. ചന്ദ്രുവിനെപ്പോലൊരു യുവനേതാവിനെ തമിഴ്നാട്ടിൽ പാർട്ടിക്ക് നഷ്ടമാകാതിരിക്കാൻ മുൻ കേരള മുഖ്യമന്ത്രികൂടിയായ ഇ.എം.എസ് നമ്പൂതിരിപ്പാടിനോട് പുറത്താക്കൽ പിൻവലിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ പുറത്താക്കൽ റദ്ദാക്കാൻ പാർട്ടി കൺട്രോൾ കമ്മിഷനിൽ അപ്പീൽ നൽകാൻ നമ്പൂതിരിപ്പാട് നിർദ്ദേശിച്ചത്. ''ഇ. എം.എസിന്റെ നിർദ്ദേശത്തെക്കുറിച്ച് അയ്യർ എന്നോട് പറഞ്ഞു. എന്നാൽ എന്റെ അഭിപ്രായത്തിൽ ഉറച്ചുനിന്നതിനാൽ ഞാൻ അത് ചെയ്യാൻ വിസമ്മതിച്ചു്'-ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. ഈ വിസമ്മതത്തിന് ജസ്റ്റിസ് അയ്യരുടെ മറുപടി ഇങ്ങനെയായിരുന്നു- 'നമുക്ക് വേണ്ടത്ര ചുവപ്പില്ല, നമുക്ക് പിങ്ക് പാർട്ടി തുടങ്ങാം'.- ഇങ്ങനെയാണ് വാർത്ത അവസാനിക്കുന്നത്.
എന്നാൽ ശ്രീലങ്കൻ വിഷയത്തിലും, ക്വിറ്റ് ഇന്ത്യാ സമരകാലത്തും, ചൈനീസ് യുദ്ധകാലത്തുമെന്നപോലെ, ചരിത്രപരമായ വിഡ്ഡിത്തമായിരുന്നു സിപിഎം നിലപാട് എന്ന് കാലം തെളിയിച്ചു. ശ്രീലങ്കയിലേക്ക് പോയ ഇന്ത്യൻ സമാധാന സേന അവിടെ സ്വന്തം രക്തമായ തമിഴ്വംശജരെ വേട്ടയാടിയത് ഇന്ത്യക്ക് തീരാക്കളങ്കമായി. അതിന്റെ പേരിൽ രാജീവ്ഗാന്ധി കൊല്ലപ്പെട്ടു. തമിഴ് മക്കളുടെ മനസ്സിൽ ഒരു അഞ്ചാംപത്തി ഇമേജ് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ രൂപപ്പെടാൻ ഇതും ഒരു കാരണമായി. ഇന്നും തമിഴ്നാട്ടിലെ ജാതീയതക്കുംമറ്റും ശക്തമായി സിപിഎം അടക്കമുള്ള ഇടത് പാർട്ടികൾ പോരാടിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് പ്രകാശ് കാരാട്ട് നേരിട്ട് എത്തിയാണ് തമിഴകത്തെ ഒരു ജാതി മതിൽ പൊളിച്ച് കളഞ്ഞത്. ഇത്രയേറ പ്രവർത്തനം നടത്തിയിട്ടും, പാർട്ടി തമിഴ്നാട്ടിൽ ഉപ്പുവെച്ച കലംപോലെ ആവുന്നത്, ജനങ്ങളുടെ പൾസ് അറിയാതെ യാന്ത്രികമായി പ്രവർത്തിച്ചതുകൊണ്ടാണെന്ന് ജസ്റ്റിസ് ചന്ദ്രുവിന്റെ അനുഭവത്തിൽനിന്ന് തന്നെ വ്യക്തമാണ്.
വാൽക്കഷ്ണം: വിരുദ്ധമായ അഭിപ്രായം പറയുന്നവരോട് കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ള സമീപനം എന്താണെന്നതിന്റെ കേസ് സ്റ്റഡി കൂടിയാണ് ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതം. അയാൾ അഴിമതി നടത്തിയിട്ടോ, പെണ്ണുകേസിൽ കുടുങ്ങിയിട്ടോ ഒന്നുമല്ല പാർട്ടിയിൽനിന്ന് പുറത്താകുന്നത്. തനിക്ക് ശരിയെന്ന് ഉത്തമബോധ്യമുള്ള ഒരുകാര്യം, അതും കൃത്യമായ ഒരു രാഷ്ട്രീയ പ്രശ്നത്തിൽ പ്രതികരിച്ചതിനാണ്. അതിന് സിപിഎം കൊടുത്ത മറുപടിയാണ് പുറത്താക്കൽ. അന്ന് അത്രയും ഫാസിറ്റ് നിലപാട് എടുത്തവർ ഇന്ന് ചന്ദ്രുവിന് വേണ്ടി ഇൻക്വിലാബ് വിളിക്കുന്നു. ചരിത്രം പ്രഹസനമായും ആവർത്തിക്കുമെന്ന് മാർക്സ് പറഞ്ഞത് എത്ര ശരിയാണ്!
കടപ്പാട്: ലിസൺ ടു മൈ കേസ് - പുസ്തകം, ജസ്റ്റിസ് ചന്ദ്രു
റിപ്പോർട്ടുകൾ- ഇന്ത്യൻ എക്പ്രസ്, മാതൃഭൂമി
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ