- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സർവകലാശാലാ വിസി പുനർനിയമനം: ഗവർണർ നിയമോപദേശം ചോദിച്ചില്ല; കൊടുത്തിട്ടുമില്ല; നൽകിയത് സർക്കാരിനെന്ന് അഡ്വക്കറ്റ് ജനറൽ; മുഖ്യമന്ത്രിയുമായി നടത്തിയത് സാധാരണ കൂടിക്കാഴ്ചയെന്നും പ്രതികരണം
കൊച്ചി: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നോട് നിയമോപദേശം ചോദിച്ചിട്ടില്ലെന്നും താൻ കൊടുത്തിട്ടില്ലെന്നും അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്. സർക്കാരിനാണ് നിയമോപദേശം നൽകിയത്. മുഖ്യമന്ത്രിയുമായി താൻ നടത്തിയത് സാധാരണ രീതിയിലുള്ള കൂടിക്കാഴ്ച മാത്രമാണെന്നും അതിൽ കവിഞ്ഞ് ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനുമായി ആലുവ ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു. ഗവർണർക്ക് താൻ നിയമോപദേശം നൽകേണ്ട കാര്യമില്ലെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അഡ്വക്കറ്റ് ജനറൽ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂർ വി സി നിയമനവുമായി ബന്ധപ്പെട്ടായിരുന്നോ കൂടിക്കാഴ്ച എന്ന ചോദ്യത്തിന് അത് കോടതിയിലിക്കുന്ന കാര്യമല്ലേയെന്നായിരുന്നു മറുപടി.കോടതിയിൽ ഇരിക്കുന്ന കാര്യത്തിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വി സി നിയമന വിഷയത്തിൽ താൻ ഗവർണർക്ക് നിയോപദേശം നൽകിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അഡ്വക്കറ്റ് ജനറൽ പറഞ്ഞു.
ഗവർണർക്ക് അല്ല താൻ നിയമോപദേശം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.അത്തരം പതിവില്ല.മുഖ്യമന്ത്രിയെ അഡ്വക്കറ്റ് ജനറൽ കാണുമ്പോൾ ഒരു പ്രത്യേക വിഷയം മാത്രമല്ല നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. നിയമോപദേശങ്ങൾ കൊടുക്കേണ്ട കാര്യമുണ്ടാകും അല്ലാത്ത വിഷയങ്ങൾ ഉണ്ടാകുമെന്നും അഡ്വക്കറ്റ് ജനറൽ പറഞ്ഞു.
ആലുവ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരു മണിക്കൂറിലേറെ നേരം കൂടിക്കാഴ്ച നടത്തി മടങ്ങുമ്പോൾ ആയിരുന്നു പ്രതികരണം. അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടിയതു താനല്ലെന്നും തന്നെ സമ്മർദത്തിലാക്കാനായിരുന്നു ആ നിയമോപദേശമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പ്രതികരിച്ചിരുന്നു.
കണ്ണൂർ സർവകലാശാലാ വിസിയുടെ പുനർനിയമനത്തിനായി തന്നെ സമ്മർദത്തിലാക്കി ഒപ്പിടുവിക്കുകയായിരുന്നുവെന്നായിരുന്നു ഗവർണറുടെ പ്രതികരണം. മറ്റു സർവകലാശാലകളിലെ വിസി നിയമനത്തിൽ എജിയുടെ അഭിപ്രായം തേടുന്ന രീതിയില്ല. വിദഗ്ധോപദേശം ആവശ്യമുണ്ടായിരുന്നെങ്കിൽ തന്റെ ഓഫിസ് അത് ആവശ്യപ്പെടുമായിരുന്നു. തന്നെ ബലമായി ഒപ്പിടുവിക്കാമെന്നതിനാലാണ് സർക്കാർ എജിയുടെ അഭിപ്രായവുമായി വന്നതെന്നും ഗവർണർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ