2006 ലെ പരിസ്ഥിതിആഘാത നിർണ്ണയ വിജ്ഞാപനത്തിൽ 20 കിലോമീറ്ററിൽ കൂടുതലുള്ള, 45 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്ന ഏതൊരു ദേശീയപാതാ പദ്ധതിക്കും പാരിസ്ഥിതിക ആഘാത പഠനവും പൊതുതെളിവെടുപ്പും പരിസ്ഥിതിആഘാതലഘൂകരണ പ്ലാനും വിദഗ്ധസമിതി പരിശോധനയും സോപാധിക അനുമതിയും ആവശ്യമാണ്. ഇതിൽ സാമൂഹിക-സാമ്പത്തിക ആഘാതങ്ങളും വിലയിരുത്തപ്പെടും. വ്യത്യസ്ത അലൈന്മെന്റുകളും സാധ്യതകളും തമ്മിലുള്ള ആഘാതപഠന താതമ്യത്തിനു ശേഷം ഏറ്റവും കുറഞ്ഞ ആഘാതമുള്ള മാർഗ്ഗമാണ് സ്വീകരിച്ചത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുംവിധം അവതരിപ്പിക്കേണ്ടത് പദ്ധതി പ്രായോജകന്റെ (NHAI യുടെ) ഉത്തരവാദിത്തമാണ്. കേന്ദ്രസർക്കാരാണ് ഇത് പാർലമെന്റ് അറിയാതെ ഭേദഗതി ചെയ്ത് 100 കിലോമീറ്റർ വരെയുള്ള പദ്ധതികൾക്ക് എത്ര സ്ഥലം ഏറ്റെടുക്കണമെങ്കിലും ഒരു ആഘാതനിർണ്ണയവും പൊതുജനസമ്പർക്കവും ആവശ്യമില്ല എന്നാക്കിയത്.

വികസനത്തിലും വിഭവഉപയോഗത്തിലും ആസൂത്രണത്തിലും ജനപങ്കാളിത്തവും ശാസ്ത്രീയ സമീപനവും ആവശ്യമാണെന്ന അടിസ്ഥാന രാഷ്ട്രീയവും 73 ആം ഭരണഘടനാ ഭേദഗതിയോടെ അന്തസ്സത്തയും ആണ് മേൽപ്പറഞ്ഞ ഭേദഗതിയിലൂടെ അട്ടിമറിച്ചത്.

അത് കഴിഞ്ഞു കേരളത്തിൽ NH നുവേണ്ടി ഇറങ്ങുന്ന ആദ്യ സ്ഥലംഏറ്റെടുക്കൽ വിജ്ഞാപനമാണ് കീഴാറ്റൂരിലെ 21 കിലോമീറ്ററിൽ. കാസറഗോഡ് മുതൽ എടപ്പള്ളി വരെയാണ് NH വികസനപദ്ധതി എങ്കിലും, കാസറഗോഡ്-ചെറുവത്തൂർ, ചെറുവത്തൂർ-കണ്ണൂർ, കണ്ണൂർ-കോഴിക്കോട് എന്നിങ്ങനെ മുറിച്ചു മുറിച്ചു ചെറിയ പദ്ധതികളാക്കി 100km എന്ന പരിധിയിൽ നിന്നും അതുവഴി പാരിസ്ഥിതിക-സാമൂഹിക ഉത്തരവാദിത്തങ്ങളിൽ നിന്നും ശാസ്ത്രീയ പരിശോധനകളിൽ നിന്നും NHAI ഒളിച്ചോടുന്നത് എങ്ങനെയാണു നീതീകരിക്കാനാകുക??

കടൽനിരപ്പിനോട് അധികം ഉയരത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ആ വയലിന്റെയും തണ്ണീർത്തടത്തിന്റെയും പാരിസ്ഥിതിക-സാമൂഹിക മൂല്യം പരിഗണിക്കാതെയും, ബദൽ സാധ്യതകൾ വേണ്ടവിധം പരിശോധിക്കാതെയും കേന്ദ്രസർക്കാർ ഇറക്കിയ അശാസ്ത്രീയമായ 3A വിജ്ഞാപനമാണ് കീഴാറ്റൂരിൽ ചോദ്യം ചെയ്യപ്പെടുന്നത്. ഈ പരിസ്ഥിതിനാശം ചോദ്യം ചെയ്യാൻ പ്രവർത്തിക്കേണ്ട ദേശീയഹരിത ട്രിബ്യുണലും BJP സർക്കാർ ജഡ്ജിമാരെ നിയമിക്കാതെ നിഷ്‌കരുണം കൊന്നൊടുക്കി.

ദേശീയതലത്തിൽ അത് ചോദ്യം ചെയ്യാനും, കേന്ദ്രസർക്കാരിന്റെ പരിസ്ഥിതിവിരുദ്ധ നയം തുറന്നുകാട്ടാനും തിരുത്താനും മുൻപിട്ട് ഇറങ്ങേണ്ട CPIM, സമരം ഏറ്റെടുക്കേണ്ട CPIM, പക്ഷെ ആ ദൗത്യത്തിന് ഇറങ്ങിയ വയൽക്കിളികളെ അധിക്ഷേപിക്കുകയും ബദൽസമരം നടത്തുകയുമാണ് ചെയ്യുന്നത് എന്നത് വിരോധാഭാസമാണ്. അലൈന്മെന്റ് പുനഃപരിശോധിക്കേണ്ട NHAI യെ കുറ്റപ്പെടുത്തുക പോലുമല്ല, ഈ അലൈന്മെന്റ് തന്നെ വേണമെന്ന വാശിയും മുദ്രാവാക്യവുമാണ് CPM ന്

എന്നിട്ടോ? ബിജെപിക്ക് ജനപ്രീതിയുണ്ടാക്കാനുള്ള ഒരു പ്ലോട്ട് കൂടി ഉണ്ടാക്കി വെയ്ക്കുന്നു. കുറ്റം ആർക്ക് ! കീഴാറ്റൂരെ പാവം കുറച്ചു നാട്ടുകാർക്കും പരിസ്ഥിതി സ്‌നേഹികൾക്കും കീഴാറ്റൂരിന്റെ രാഷ്ട്രീയം ഇനിയെങ്കിലും പിണറായി സർക്കാർ തിരിച്ചറിയും എന്ന് കരുതുന്നു.