തിരുവനന്തപുരം: സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാനായി മുന്മന്ത്രി ആർ ബാലകൃഷ്ണപിള്ളയെ കാബിനറ്റ് റാങ്കോടെ നിയമിക്കാനുള്ള പിണറായി സർക്കാറിന്റെ തീരുമാനത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ.


ബാലകൃഷ്ണപിള്ള അങ്ങനെ വെറും കോർപറേഷൻ ചെയർമാൻ ആയിരിക്കേണ്ട ആളല്ലെന്നും ആനയുള്ള തറവാട്ടുകാരനും നായർ മാടമ്പിയും മുന്മന്ത്രിയും ഇടമലയാർ കേസിൽ താമ്രപത്രം കിട്ടിയ പോരാളിയുമാണെന്നും അതുകൊണ്ട് ക്യാബിനറ്റ് റാങ്കിന് അർഹനാണെന്നും ജയശങ്കർ പറയുന്നു.

മുന്നോക്ക സമുദായ കോർപറേഷൻ പിള്ളയെ ഏൽപിച്ചതിനെ കുറിച്ച് സുകുമാരൻ നായർ അഭിപ്രായമൊന്നും പറഞ്ഞു കേട്ടില്ലെന്നും എതിർക്കാൻ ന്യായവുമില്ല എതിർത്തിട്ടു വിശേഷവുമില്ലെന്നും ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ സ.പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാർ തയ്യാറല്ല.
ഡോ.ജേക്കബ് തോമസിനെ മാറ്റി ഡ്യൂലക്സ് നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറും സംഗീത കലാനിധി ടോമിൻ തച്ചങ്കരിയെ ഹെഡ് ക്വാർട്ടേഴ്സ് എഡിജിപിയും ആക്കിയതിനുപിന്നാലെ മഹാരാജ രാജശ്രീ ആർ ബാലകൃഷ്ണപിള്ളയെ മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാനായി നിയമിച്ചു.

ബാലകൃഷ്ണപിള്ള അങ്ങനെ വെറും കോർപറേഷൻ ചെയർമാൻ ആയിരിക്കേണ്ട ആളല്ല. ആനയുള്ള തറവാട്ടുകാരനാണ്, നായർ മാടമ്പിയാണ്, മുന്മന്ത്രിയാണ്, ഇടമലയാർ കേസിൽ താമ്രപത്രം കിട്ടിയ പോരാളിയാണ്. അതുകൊണ്ട് ക്യാബിനറ്റ് റാങ്കും കൊടുത്തു.

മുന്നോക്ക സമുദായ കോർപറേഷൻ പിള്ളയെ ഏൽപിച്ചതിനെ കുറിച്ച് സുകുമാരൻ നായർ അഭിപ്രായമൊന്നും പറഞ്ഞു കേട്ടില്ല. എതിർക്കാൻ ന്യായമില്ല. എതിർത്തിട്ടു വിശേഷവുമില്ല.
ഒന്നാം വാർഷികം പ്രമാണിച്ച് സംസ്ഥാന സർക്കാർ മുന്നോക്ക സമുദായക്കാർക്കു നൽകുന്ന സമ്മാനമാണ് ബാലകൃഷ്ണപിള്ള. മുന്നോക്കക്കാർക്ക് അഭിമാനിക്കാം, മറ്റുള്ളവർക്ക് അസൂയപ്പെടാം. അത്രതന്നെ.