കൊച്ചി: കത്തോലിക്കാ വൈദികർ നടത്തുന്ന ചാവറ മാട്രിമോണിയലിൽ വരനെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം ചെയ്ത യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിനെ പരിഹസിച്ച് അഡ്വ. ജയശങ്കർ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പരിഹാസ്യം. പരസ്യം ചിന്ത കൊടുത്തതാകില്ലെന്ന് ജയശങ്കർ പറഞ്ഞു. ഒന്നുകിൽ അവരെ നാറ്റിക്കാൻ സംഘികളോ, വി എസ് ഗ്രൂപ്പുകാരോ കൊടുത്തതാകാം. അല്ലെങ്കിൽ അവരുടെ ബന്ധുക്കൾ കൊടുത്തതാകാമെന്നും ജയശങ്കർ പറയുന്നു. പരസ്യത്തെ തള്ളിപ്പറഞ്ഞുവെങ്കിലും പൊലീസിൽ പരാതി കൊടുക്കാൻ ചിന്ത തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ രണ്ടാമത്തെ അനുമാനമാണ് പ്രസക്തമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. സിപിഐ(എം) നേതാക്കൾ പൊതുവിൽ അതതു സമുദായത്തിൽ നിന്നും വിവാഹം കഴിച്ചവരാണെന്നും ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

തികഞ്ഞ മതേതരവാദിയും ജനാധിപത്യ വിശ്വാസിയും കത്തിച്ചാൽ കത്തുന്ന വിപ്ലവകാരിയുമായ യുവതി 28വയസ്, 168സെമീ, ഗവേഷക. ജാതി, മത പരിഗണന കൂടാതെ പുരോഗമന ചിന്താഗതിക്കാരനായ ജീവിതപങ്കാളിയെ ആഗ്രഹിക്കുന്നു. ഇങ്ങനെ ഒരു പരസ്യമാണ് ചിന്താ ജെറോമിന്റെതായി നമ്മൾ പ്രതീക്ഷിക്കുക. പക്ഷേ, വന്നത് താഴെ പറയുന്ന പ്രകാരം ആയിരുന്നു. കൊല്ലം രൂപതയിലെ അതിപുരാതന ലത്തീൻ കത്തോലിക്കാ കുടുംബം, സുന്ദരി, 28വയസ്, ഇരു നിറം,168സെമി ഉയരം, ഇടത്തരം സാമ്പത്തികം, എം.എ,ബി.എഡ്. ദൈവഭയമുള്ള കത്തോലിക്കാ യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ഡോക്ടർ, എഞ്ചിനീയർ, ഐഎഎസ് കാർക്കു മുൻഗണന.

ഈ പരസ്യം ചിന്ത കൊടുത്തതാവില്ല, മൂന്നു തരം. ഒന്നുകിൽ അവരെ നാറ്റിക്കാൻ സംഘികളോ വി എസ് ഗ്രൂപ്പുകാരോ കൊടുത്തതാകാം; അല്ലെങ്കിൽ നമ്മുടെ ഇടുക്കി മെത്രാൻ പറഞ്ഞപോലെ അവർ വല്ല എസ് എൻ ഡി പിക്കാരെയും കെട്ടി വഴിയാധാരമാകരുത് എന്ന ആഗ്രഹത്താൽ ബന്ധുക്കൾ ആരെങ്കിലും കൊടുത്തതാകാം. പരസ്യത്തെ തള്ളിപ്പറഞ്ഞുവെങ്കിലും പൊലീസിൽ പരാതി കൊടുക്കാൻ ചിന്ത തയ്യാറല്ല. അതുകൊണ്ട് രണ്ടാമത്തെ അനുമാനമാണ് പ്രസക്തം. ചാവറ മാട്രിമണിയിൽ പരസ്യം കൊടുത്തതും വരൻ ക്രിസ്ത്യാനിയായാലും പോരാ കത്തോലിക്കനാവണം എന്ന ശാഠ്യവുമാണ് ചിന്താശൂന്യരായ ചിന്താ വിരുദ്ധരെ ഹരം പിടിപ്പിക്കുന്നത്.

ഒന്നാലോചിച്ചാൽ അതിലൊന്നും കഥയില്ല. മാർക്‌സിസ്റ്റുകാരും മനുഷ്യരാണ്. നമുക്കു ജാതിയില്ല എന്ന് പറയും, കല്യാണം കഴിക്കുമ്പോൾ ജാതിയും ജാതകവും നോക്കും. ഈയെമ്മസ്സിന്റെ നാല് മക്കളും സ്വജാതിയിൽ നിന്നാണ് വേളികഴിച്ചത്; അതും ഓത്തുള്ള ഇല്ലങ്ങളിൽ നിന്നുമാത്രം. അച്യുതാനന്ദനും പിണറായി വിജയനും എം എ ബേബിയും ഇക്കാര്യത്തിൽ ഏകാഭിപ്രായക്കാരാണ്. യുവനേതാക്കളും അതേ പാത പിന്തുടരുന്നു. ശ്രീരാമകൃഷ്ണനും സ്വരാജും ഷംസീറുമൊക്കെ ദൃഷ്ടാന്തങ്ങൾ. എം ബി രാജേഷാണ് സാമാന്യ നിയമത്തിന് അപവാദം.
സുരേഷ് കുറുപ്പും കൃഷ്ണദാസും ശർമ്മയുമൊക്കെ 'മുന്തിയ' ജാതിയിൽ നിന്ന് ജീവിതസഖികളെ കണ്ടെത്തിയവരാണ്. കെ.ചന്ദ്രൻ പിള്ള മറിച്ചുള്ള ഉദാഹരണം.

ആഫ്രിക്കയിൽ നിന്ന് രണ്ടു ജിറാഫിനെ കൊണ്ടുവരുന്നു എന്നു കേട്ടപ്പോൾ, അതിൽ ഒന്നു കത്തോലിക്കൻ വേണം എന്നു പറഞ്ഞു പോലും. ജാതി-മത ചിന്ത തെല്ലുമില്ലാത്ത ചിന്ത, തന്റെ ജീവിതസഖാവ് ഒരു കത്തോലിക്കനാവണം എന്നാഗ്രഹിച്ചാലും തെറ്റില്ല. ഇനി ഒരു പഴങ്കഥ. മിശ്രഭോജനം നടത്തി പുലയൻ അയ്യപ്പൻ എന്ന ദുഷ്‌പേരു സമ്പാദിച്ച സഹോദരൻ അയ്യപ്പൻ അയ്യാക്കുട്ടി ജഡ്ജിയുടെ മകളെ കല്യാണം കഴിക്കാൻ തീരുമാനിച്ചപ്പോൾ ചില ചെറുപ്പക്കാർ ചോദിച്ചു: ഇയാൾ എന്തു കൊണ്ട് ഒരു പുലയിപ്പെണ്ണിനെ കല്യാണം കഴിക്കുന്നില്ല?
അതു കേട്ട ഒരു കാരണവർ: ഈ അയ്യപ്പൻ ജനിച്ചതിൽ പിന്നെ ആദ്യമായി ഒരു നല്ല കാര്യം ചെയ്യാൻ പോകുകയാണ്, നീയൊക്കെ കൂടി അത് മുടക്കരുത്.