- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടന്റെ ക്രിസ്തുമസ് സമ്മാനം വെറുതെയായില്ല; സിസ്റ്റർ അഭയയ്ക്ക് നീതി നൽകാൻ സത്യത്തിന് വേണ്ടി നിലപാടെടുത്ത കള്ളന് സഹായം ഒഴുകുന്നു; മറുനാടൻ നൽകിയ 50,000 രൂപയുടെ ചുവടുപിടിച്ച് രണ്ട് ദിവസം കൊണ്ടു വായനക്കാർ അടയ്ക്കാ രാജുവിന് നൽകിയത് പതിമൂന്ന് ലക്ഷത്തോളം രൂപ
തിരുവനന്തപുരം: ഒരു കള്ളന്റെ സത്യസന്ധത. നീണ്ട 28 വർഷം നീതിന്യായ വ്യവസ്ഥിക്ക് മുന്നിൽ ചോദ്യചിഹ്നമായി നിന്ന സിസ്റ്റർ അഭയ കൊലക്കേസിൽ മുഖ്യസാക്ഷിയായി കോടതിയിൽ മൊഴി നൽകിയ അടയ്ക്കാ രാജു എന്ന കള്ളന്റെ നീതിബോധമാണ് ഈ ക്രിസ്തുമസ് കാലത്ത് കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്തത്. തന്റെ ജീവിതകാലം മുഴുവൻ പ്രയത്നിച്ചാലും ലഭിക്കാത്ത അത്രയും വലിയ വാഗ്ദാനങ്ങൾ പോലും വേണ്ടന്നുവച്ച് ഒരു കേസിൽ നീതിക്കായി ദീർഘകാലം നിലകൊള്ളുക. വാഗ്ദനാങ്ങളിൽ വഴങ്ങാതെ വന്നതോടെ ക്രൂര മർദ്ദനവും ഭീഷണിയും നിരന്തരം നേരിടേണ്ടി വന്നിട്ടും അണുവിട വ്യതിചലിക്കാതെ നീതിക്കായി നിലകൊള്ളുക.
സിസ്റ്റർ അഭയ കൊലക്കേസിനാസ്പദമായ കൊലക്കുറ്റം ഏറ്റെടുത്താൽ രണ്ടു ലക്ഷം രൂപയും വീടുമടക്കമുള്ള വാഗ്ദാനങ്ങൾ നൽകിയിട്ടും പ്രതികൾക്കെതിരായ മൊഴിയിൽ എക്കാലവും ഉറച്ചുനിന്ന മുഖ്യസാക്ഷി അടയ്ക്കാ രാജുവിന്റെ ഉറച്ച നിലപാടാണ് പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ ശിക്ഷിക്കപ്പെടുന്നതിൽ വരെ കേസിനെ എത്തിച്ചത്. കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടതോടെ കേരളം ചർച്ച ചെയ്തത് ഒരു കാലത്ത് കള്ളനായിരുന്ന അടയ്ക്കാ രാജുവിന്റെ നീതിബോധമായിരുന്നു.
ക്രിസ്തുമസ് കാലത്ത് രാജുവിന് പ്രശംസിച്ചും സമ്മാനങ്ങൾ പങ്കുവച്ചും നിരവധി പേരാണ് എത്തിയത്. മറുനാടൻ മലയാളി ക്രിസ്തുമസ് സമ്മാനമായി നൽകിയ 50000 രൂപയുടെ ചുവടുപിടിച്ച് വായനക്കാർ രാജുവിന് നൽകിയതാകട്ടെ 12,74,157 രൂപയാണ്. ഇന്നലെ രാവിലെ എടിഎം പരിശോധിച്ചപ്പോഴാണ് ഇത്രയും തുക അക്കൗണ്ടിലെത്തിയ കാര്യം രാജു അറിയുന്നത്. അതായത് ക്രിസ്തുമസിന്റെ അന്നുവരെ ലഭിച്ച തുക.
ഇടക്ക് അഭയാ കേസിന്റെ ഭാവി തന്നെ പ്രതിസന്ധിയിലായിരുന്നു. ഇതിനിടെയാണ് അടക്കാ രാജുവിന്റെ മൊഴി കിട്ടിയത്. അഭയ കേസ് ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടുവെന്ന് മുഖ്യസാക്ഷി അടയ്ക്ക രാജു കോടതിയിൽ മൊഴി നൽകിയത്. ഇതിനായി പണവും പ്രലോഭനങ്ങളും നൽകി. കുറ്റം ഏറ്റെടുത്താൽ രണ്ടു ലക്ഷം രൂപയും വീട് വെച്ചു നൽകാമെന്നുമാണ് വാഗ്ദാനം നൽകിയതെന്ന് രാജു വ്യക്തമാക്കി. ഇത് കേസിൽ അതിനിര്ണ്ണായകമായി. പ്രതികൾക്ക് ശിക്ഷയും കിട്ടി.
കേരളത്തിലെ അതിപ്രഗത്ഭനായ വക്കീലാണ് രാമൻ പിള്ള. മണിക്കൂറുകളാണ് പ്രതിഭാഗത്തിന് വേണ്ടി അടക്കാ രാജുവിനെ വിസ്തരിച്ചത്. മാറി മാറി ചോദ്യം ചെയ്തു. പക്ഷേ ഏത് സാക്ഷിയേയും വീഴ്‌ത്തുന്ന കൊലമ്പൊനെന്ന് പേരെടുത്ത ഹൈക്കോടതിയിലെ അഭിഭാഷകന് മുമ്പിൽ അടക്ക രാജു പതറിയില്ല. സാക്ഷി വിസ്താരത്തിന് മുമ്പിൽ വീഴാത്ത അടക്ക രാജു ഒടുവിൽ ജഡ്ജിക്ക് മുമ്പിൽ ആ സത്യം പറഞ്ഞു.
ഞാൻ മോഷ്ടിക്കാൻ എന്നും പോകുന്നത് മൂന്നരയ്ക്കും നാലരയ്ക്കും ഇടയിലാണ്. അതുകൊണ്ട് തന്നെ അഭയ കൊല്ലപ്പെട്ടപ്പോഴും ഈ സമയത്ത് തന്നെയാണ് അവിടെ എത്തിയത്. ഈ തുറന്നു പറച്ചിലോടെ എല്ലാ സംശയവും മാറി. ഇത് വെറുമൊരു മോഷ്ടാവല്ല യഥാർത്ഥ സാക്ഷിയാണെന്ന് കോടതിയും അംഗീകരിച്ചു. ഈ കേസിൽ ഫാദർ ജോസ് പൂതൃക്കയലിന് വിചാരണയിൽ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. മറ്റ് രണ്ട് പ്രതികൾക്ക് ഇതോടെ ശിക്ഷ ഉറപ്പു വരികയും ചെയ്തു.
അഭയ കൊല്ലപ്പെട്ട ദിവസം ഫാദർ തോമസ് കോട്ടൂരും ഫാദർ ജോസ് പൂതൃക്കയലും കോൺവെന്റിൽ ഉണ്ടായിരുന്നതായാണ് രാജു കോടതിയിൽ മൊഴി നൽകിയത്. ഇരുവരെയും സംഭവദിവസം താൻ കോൺവെന്റിൽ കണ്ടതായും രാജു ആവർത്തിച്ചു. കോടതിയിൽവെച്ച് രാജു ഫാദർ തോമസ് കോട്ടൂരിനെ തിരിച്ചറിയുകയും ചെയ്തു. മോഷ്ടിക്കാനെത്തിയ താൻ തോമസ് കോട്ടൂരും ഫാദർ ജോസ് പൂതൃക്കയും കണ്ടെത്താണ് മൊഴി. അഭയ കൊല്ലപ്പെട്ട ദിവസം ചമ്പു കമ്പി മോഷ്ടിക്കാൻ വന്നു. അതിനായി പുലർച്ച നാലരയ്ക്ക് വന്നപ്പോൾ അടുക്കള ഭാഗത്തെ സ്റ്റെയർ കേസിലൂടെ പോകാൻ ശ്രമിച്ചു. ജനലിന് അടുത്ത് എത്തിയപ്പോൾ രണ്ട് പേര് ലൈറ്റടിച്ച് ഗോവണി വഴി പോയി. ഒരാൾ തോമസ് കോട്ടൂരാണ്. മറ്റെയാൾ ജോസ് പൂതൃക്കയലും. മൂന്ന് ഘട്ടങ്ങളായാണ് ചെമ്പു കമ്പി മോഷ്ടിച്ചതെന്നും അവസാനം വന്നപ്പോഴാണ് അഭയാ കേസിലെ സാക്ഷിയായത് കണ്ടതെന്നും രാജു കോടതിയിൽ മൊഴി നൽകി.
മോഷണ വസ്തു വിറ്റ് വരുമ്പോൾ കോൺവന്റിൽ പൊലീസിനേയും ഫയർഫോഴ്സിനേയും കണ്ടു. അവിടെ ഉണ്ടായിരുന്ന ആളോട് ചോദിച്ചപ്പോൾ അഭയയുടെ മരണമറിഞ്ഞു. അതിന് ശേഷം പൊലീസ് തന്നെ മോഷണക്കേസിൽ പിടിച്ചു. പിന്നീട് അഭയയെ കൊന്നത് താനാണെന്ന് പറയാൻ നിർബന്ധിച്ചു. ഭീഷണിപ്പെടത്തിയെന്നാണ് കോടതിയിൽ രാജു പറഞ്ഞത്. എല്ലാം കേട്ട ശേഷം കേസിലെ യഥാർത്ഥ സാക്ഷിയാണ് രാജുവെന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തു. അഭയ കൊല്ലപ്പെട്ടതിന് ശേഷം രാജു മോഷ്ടിച്ചിട്ടില്ല. അതിന് ശേഷം തടിപ്പണിക്ക് പോയി. ഇപ്പോൾ തടിവെട്ട് രാജുവെന്നാണ് നാട്ടുകാർ വിളിക്കുന്നത്. അടക്കാ മോഷണത്തിൽ കേന്ദ്രീകരിച്ചതു കൊണ്ടാണ് അഭയ കൊല്ലപ്പെടുമ്പോൾ ഇയാളെ നാട്ടുകാർ അടക്കാ രാജുവെന്ന് വിളിച്ചത്.
മറുനാടന് മലയാളി ബ്യൂറോ