ബെംഗളൂരു: എ. എഫ്.സി കപ്പ് യോഗ്യതാ ഫുട്ബോളിൽ ഇന്ത്യക്ക് വിജയം. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ കിർഗിസ്താനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ മറികടന്നത്. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം 69-ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ വിജയഗോൾ വലയിലാക്കിയത്.

മുന്നോട്ടുകയറിയ കിർഗിസ്താന്റെ മധ്യനിരയെയും പ്രതിരോധനിരയെയും മറികടന്ന് മുന്നേറി ഛേത്രി കൊടുത്ത പന്ത് ജെജെ മനോഹരമായി ക്യാപ്റ്റന് തന്നെ കോരിയിട്ടുകൊടുത്തു. ഓടിയെത്തി ബോക്സിന്റെ മുകളിൽ നിന്ന് ഛേത്രി തൊടുത്ത ഗ്രൗണ്ടർ കിർഗിസ്താൻ ഗോളിയെയും മറികടന്ന് നെറ്റിൽ. അതിമനോഹരം എന്നൊരു വിശേഷണമേ ഛേത്രിയുടെ ഗോളിന് ചേരൂ.

ഗോൾ മടക്കാൻ കിർഗിസ്താൻ പൊരുതുന്നതിനിടെ കളിയുടെ അവസാന നിമിഷം ഛേത്രിക്ക് ഒരവസരം ലഭിച്ചെങ്കിലും അത് വലയിലാക്കാൻ ഇന്ത്യൻ നായകന് കഴിഞ്ഞില്ല. എന്നാൽ, അടുത്ത നിമിഷം ലക്സിന്റെ ഒരു ഗോളവസരം തടഞ്ഞ് ഗോളി ഗുർപ്രീത് ഇന്ത്യയ്ക്കു ജീവൻ തിരിച്ചുനൽകി.

രണ്ടാം പകുതിയിൽ തന്നെ നിരവധി അവസരങ്ങൾ തുലച്ചു കളഞ്ഞശേഷമാണ് കിർഗിസ്താൻ ഈ ഗോൾ വഴങ്ങിയത്. 60-ാം മിനിറ്റിൽ ഇസ്രേലോവിന്റെ ഒരു ശ്രമം ഒന്നാന്തരമായാണ് ഇന്ത്യൻ ഗോളി ഗുർപ്രീത് തടഞ്ഞത്. 57-ാം മിനിറ്റിൽ പ്രതിരോധക്കാരില്ലാത്ത ബോക്സിൽ ഛേത്രിയും ഒരു അവസരം നഷ്ടമാക്കി. അതിന് തൊട്ട് മുൻപ് ഇസ്രേലോവിന്റെ ഒരു ഷോട്ട് ക്രോസ് ബാറിൽ ഇടിച്ചുമടങ്ങി.

ഗോൾ ഒഴിഞ്ഞ ഒന്നാം പകുതിയിൽ ഇരു ടീമുകൾക്കും ഏതാണ്ട് തുല്ല്യമായ അവസരങ്ങളാണ് ലഭിച്ചത്. എന്നാൽ ഗോളിനോടടുത്ത അവസരങ്ങൾ രണ്ട് കൂട്ടർക്കും ലഭിച്ചില്ല. പേരിന് മുൻതൂക്കം ഇന്ത്യയ്ക്കായിരുന്നു.