- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിലുള്ള അഫ്ഗാൻ പൗരന്മാർക്ക് രാജ്യം വിടാൻ മുൻകൂർ അനുമതി വേണം; ഉന്നതതലത്തിൽ അറിഞ്ഞേ തിരിച്ചയയ്ക്കാവൂ എന്ന് ആഭ്യന്തര മന്ത്രാലയം; അഫ്ഗാനിൽ ഐഎസ്ഐയുടെ ഇടപെടലിൽ കരുതലോടെ ഇന്ത്യ; ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയേക്കും
ന്യൂഡൽഹി: ഇന്ത്യയിൽ തങ്ങുന്ന അഫ്ഗാൻ പൗരന്മാർക്ക് രാജ്യം വിടാൻ മുൻകൂർ അനുമതി തേടണമെന്ന നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം. അഫ്ഗാൻ പൗരന്മാരെ ഉന്നതതലത്തിൽ അറിഞ്ഞേ തിരിച്ചയയ്ക്കാവൂ എന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം.
അഫ്ഗാനിസ്ഥാനിലെ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരുന്നത് തടയില്ലെന്ന് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നു. നേരത്തെ നല്കിയ വിസകൾ റദ്ദാക്കിയ സർക്കാർ ഇ വിസയ്ക്ക് സൗകര്യം ഏർപ്പെടുത്തി. ഇന്ത്യയിലുള്ള അഫ്ഗാൻ പൗരന്മാർ മറ്റു രാജ്യങ്ങളിലേക്ക് പോകാൻ അനുമതിക്ക് യുഎൻ ഓഫീസിനു മുന്നിൽ സമരത്തിലാണ്.
ഇവരുടെ യാത്ര ഇന്ത്യ കൂടി അറിഞ്ഞു വേണം എന്ന വ്യവസ്ഥയാണ് ഇപ്പോൾ ആഭ്യന്തരമന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാൻ എംപി രംഗീന കർഗറിനെ വിമാനത്താവളത്തിൽ തിരിച്ചയച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ ആരെയെങ്കിലും തിരിച്ചയക്കുന്നത് ഉന്നതതലത്തിൽ അറിഞ്ഞേ പാടുള്ളു എന്ന് നിർദ്ദേശിച്ചിരിക്കുന്നത്.
അതേ സമയം അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരണം അടക്കമുള്ള വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു എന്ന് പാക് ചാര സംഘടനയായ ഐഎസ്ഐ സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനിൽ എത്തിയ പാക് ചാര സംഘടന ഐഎസ്ഐയുടെ മേധാവി ലഫ്റ്റനന്റ് ജനറൽ ഫയിസ് ഹമീദാണ് സർക്കാർ രൂപീകരണത്തിനായുള്ള നീക്കങ്ങളിൽ ഇടപെടുന്നത്.
വടക്കൻ പ്രവിശ്യയിലെ സംഘർഷത്തിലും താലിബാന് അനുകൂലമായാണ് പാക്കിസ്ഥാൻ പ്രവർത്തിച്ചത്. അഫ്ഗാനിൽ തങ്ങളുടെ മുന്നിൽ കീഴടങ്ങാതെ നിന്ന ഏക പ്രവിശ്യയായ പഞ്ച്ശീറും പിടിച്ചെടുത്തെന്ന് താലിബാൻ അവകാശവാദം ഉന്നയിച്ച് കഴിഞ്ഞു. പ്രവിശ്യ തലസ്ഥാനത്തുള്ള ഗവർണറുടെ വസതിയിൽ താലിബാൻ കൊടി പറക്കുന്ന ചിത്രങ്ങളും പുറത്ത് വന്ന് കഴിഞ്ഞു.
ഇതുവരെ ഒരു അധിനിവേശ ശക്തിക്കും കീഴടങ്ങിയ ചരിത്രമില്ലാത്ത പഞ്ച്ശീറിൽ താലിബാന് പ്രദേശങ്ങൾ പിടിച്ചെടുക്കാൻ കഴിഞ്ഞത് പാക്കിസ്ഥാന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായത്താലാണ്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട താലിബാൻ പക്ഷത്തുള്ളയാൾ പാക് സൈനികനാണെന്ന തെളിവുകൾ പുറത്ത് വന്നിരുന്നു.
മൃതദേഹത്തിൽ നിന്നും ലഭിച്ച കാർഡാണ് പാക് സഹായത്തിന് തെളിവായത്. ഇതിന് പുറമേ വ്യോമാക്രണത്തിലും പാക് സഹായം താലിബാന് ലഭിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.അഫ്ഗാനിസ്ഥാനിലെ പ്രതിരോധ സേനയുടെ അവസാന കോട്ടയായ പപഞ്ച്ശീർ പ്രവിശ്യയിൽ പാക്കിസ്ഥാൻ വ്യോമസേന ബോംബാക്രമണം നടത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാക് സേനയുടെ ഡ്രോണുകൾ ഉപയോഗിച്ചതായും തെളിവുകൾ ഉണ്ട്. മുൻ എംപി സിയ അരിയൻജാദിനെ ഉദ്ധരിച്ച് ആമാജ് ന്യൂസാണ് ഇക്കാര്യം പുറത്ത് വിട്ടത്.താലിബാൻ, പഞ്ച്ശീർ പിടിച്ചെടുത്തെന്ന് സമ്മതിക്കുന്നില്ലെങ്കിലും, വെടിനിർത്തലിന് താലിബാനെ ചെറുക്കുന്ന പ്രതിരോധ സേന ആഹ്വാനം ചെയ്തിട്ടുണ്ട്.
താലിബാനും ഹഖ്ഖാനി നെറ്റ്വർക്കും തമ്മിലുള്ള തർക്കം തീർക്കാനുള്ള ഇടപെടലും ഐസ്ഐ നടത്തുന്നു എന്നാണ് സൂചന. ഈ സാഹചര്യം ഗൗരവത്തോടെ കാണുന്നു എന്ന് വിദേശകാര്യവൃത്തങ്ങൾ പറയുന്നു. എന്നാൽ താലിബാനോടുള്ള പഴയ അകൽച്ച വേണ്ടെന്നും അവരെ അംഗീകരിക്കണമെന്നും മുൻ വിദേശകാര്യമന്ത്രി യശ്വന്ത് സിൻഹ നിർദ്ദേശിച്ചു.
അടുത്തയാഴ്ച നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഫ്ഗാൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയേക്കും. പാക്കിസ്ഥാന്റെ ചാര സംഘടനയുടെയും ഭീകരഗ്രൂപ്പുകളുടെയും ഇടപെടലിൽ ഉള്ള അതൃപ്തിയാകും ഇന്ത്യ അറിയിക്കുക.