കാബൂൾ: പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളും അഫ്ഗാനിസ്ഥാൻ റദ്ദാക്കി. കഴിഞ്ഞദിവസം തലസ്ഥാനമായ കാബൂളിൽ ജർമൻ എംബസിക്ക് സമീപമുണ്ടായ 90 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോനത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം.

ജൂലൈയിലും ഓഗസ്റ്റിസുമായി കാബൂളിൽ ട്വന്റി-20 മത്സരവും അതിന്റെ തുടർച്ചയായി പാക്കിസ്ഥാനിൽ മത്സരങ്ങളും നടത്താൻ ഇരു ക്രിക്കറ്റ് ബോർഡുകളും തീരുമാനിച്ചിരുന്നു. എന്നാൽ സ്‌ഫോടനത്തിനു പിന്നാലെ ഇന്നു ചേർന്ന അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് യോഗം പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളും റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇത് വരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പാക്കിസ്ഥാൻ സൈന്യവുമായി ബന്ധമുണ്ടായിരുന്ന താലിബാൻ ഗ്രൂപ്പാണ് കാബൂൾ ആക്രമണത്തിന് പിന്നിലെന്നാണ് അഫ്ഗാനിസ്താൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

തീവ്രവാദികൾക്ക് സുരക്ഷിത താവളമൊരുക്കുന്ന ഒരു രാജ്യവുമായി സൗഹൃദ മത്സരത്തിനോ പരസ്പര ബന്ധത്തിനോ കഴിയില്ലെന്നും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞു.

അതിർത്തിയിലെ ഭീകരവാദം അവസാനിക്കുംവരെ പാക്കിസ്ഥാനുമായി ഒരു ക്രിക്കറ്റ് ബന്ധവും സാധ്യമല്ലെന്ന് നേരത്തെ ഇന്ത്യൻ കായിക മന്ത്രിയും വ്യക്തമാക്കിയിരുന്നു. 2012-13 ലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര അവസാനമായി നടന്നത്.