വാതിലിൽ മുട്ടി അവർ ചോദിക്കും, കൊണ്ടുപോകാൻ കൊച്ചു പെൺകുട്ടികൾ ഉണ്ടോ? ഇല്ലെങ്കിൽ തോക്കിൻ മുനയിൽ പരിശോധന; താലിബാൻ ഭീകരർ ലൈംഗിക തൃഷ്ണ തീർക്കാൻ തട്ടിക്കൊണ്ടു പോകുന്നത് 12 വയസ്സുപോലും തികയാത്ത നിസ്സഹായരായ പെൺകുട്ടികളെ
- Share
- Tweet
- Telegram
- LinkedIniiiii
കാബൂൾ: ഉച്ഛരിക്കുന്നത് സമാധാനത്തിന്റെയും ശാന്തിയുടെയും മഹാമന്ത്രങ്ങൾ, ഉദ്ധരിക്കുന്നത് മതാനുശാസനങ്ങൾ, പക്ഷെ ആത്യന്തിക ലക്ഷ്യം ലൈംഗിക തൃഷ്ണ തീർക്കുക എന്നതുമാത്രം. നിഷ്ഠൂരരായ താലിബാൻ ഭീകരർ അവർ കീഴടക്കിയ പ്രദേശങ്ങളിൽ നിന്നും 12 വയസ്സുപോലും പ്രായമാകാത്ത കുഞ്ഞു കുട്ടികളെ വരെ ലൈംഗിക അടിമകളാക്കുവാൻ തട്ടിക്കൊണ്ടുപോകുന്നതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തട്ടിക്കൊണ്ടുപോയവരെ നിരബന്ധപൂർവ്വം വിവാഹം കഴിച്ച് തങ്ങളുടെ ലൈംഗികതൃഷ്ണ ശമിപ്പിക്കുകയാണ് ഭീകരരുടെ ലക്ഷ്യം.
12 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകളുടെ പേരുവിവരങ്ങൾ നൽകുവാൻ തങ്ങൾ കീഴടക്കിയ പ്രദേശങ്ങളിലെ പള്ളികളിലെ ഇമാമുമാരോട് ജിഹാദി കമാൻഡർമാർ നിർദ്ദേശിച്ചുകഴിഞ്ഞു. അവർ യുദ്ധത്തിൽ പിടിച്ചടക്കിയ മുതലാണെന്നും അതുകൊണ്ടുതന്നെ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നുമാണ് ഭീകരർ പറയുന്നത്. മാത്രമല്ല, യുദ്ധത്തിലൂടെ നേടിയെടുത്ത സമ്പാദ്യം കൈക്കലാക്കാൻ അവർ വീടുവീടാന്തരം കയറിയിറങ്ങി പരിശോധിക്കുകയുമാണ്. അവിവാഹിതരായ പെൺകുട്ടികളേയും സ്ത്രീകളേയും തോക്കിൻ മുനയിൽ നിർത്തി അവർ കൂടെക്കൊണ്ടുപോകും.
അഫ്ഗാൻ പട്ടാളം ഒരു തികഞ്ഞ പരാജയമായി മാറുകയാണെന്നതിന്റെ തെളിവാണ് സ്ത്രീകളും കുട്ടികളും ഭീകരരുടെ കൈകളിൽ അനുഭവിക്കുന്ന കൊടീയ പീഡനങ്ങൾ. വടക്കൻ അഫ്ഗാനിസ്ഥാനിലെ ഒരു നഗരത്തിൽ നിന്നും രക്ഷപ്പെട്ടോടിയ 22 കാരിയായ ഒരു വനിത ജേർണലിസ്റ്റ് താൻ അനുഭവിച്ച യാതനകൾ തുറന്നു പറഞ്ഞത് ഇന്ന് പാശ്ചാത്യ മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറിയിരിക്കുന്നത്. ഇനി എന്നെങ്കിലും തന്റെ നാട്ടിലെക്ക് തിരിച്ചു ചെല്ലാൻ ആകുമെന്നോ മാതാപിതാക്കളെ കാണാൻ ആകുമെന്നോ പ്രതീക്ഷയില്ലെന്നും അവർ നിരാശയോടെ പറയുന്നു.
കഴിഞ്ഞയാഴ്‌ച്ച താലിബാൻ കീഴടക്കിയ കുണ്ടൂസ് നഗരത്തിൽ നിന്നും രക്ഷപ്പെട്ടോടിയെത്തിയവർക്കും പറയാനുള്ളത് താലിബാൻ ഭീകരരുടെ ക്രൂരകൃത്യങ്ങൾ മാത്രം. സർക്കാരുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടവരെയെല്ലാം ഭീകരർ വധിക്കുകയാണ്. ഇതുവരെ രാജ്യത്തിലെ 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ 9 എണ്ണം താലിബാൻ പിടിച്ചെടുത്തുകഴിഞ്ഞിരിക്കുന്നു. വൻനഗരങ്ങളും അവരുടെ കൈയിലാണ്. വടക്കൻ മേഖലയിലെ മിക്ക നഗരങ്ങളും പിടിച്ചടക്കിയ താലിബാൻ ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത് മസാർ ഇ ഷരിഫ് ആണ്. കഴിഞ്ഞദിവസം താലിബാനെതിരെ പോരാടുന്ന സൈനികർക്ക് ധാർമ്മിക പിന്തുണയുമായി അഫ്ഗാൻ പ്രസിഡണ്ട് ഘാനി ഇവിടെ എത്തിയിരുന്നു.
ചില പ്രാദേശിക സൈന്യങ്ങളുമായി ചേർന്നാണ് അഫ്ഗാൻ സൈന്യം താലിബാനെ തുരത്താൻ ശ്രമിക്കുന്നത്. നേരത്തേ സോവിയറ്റ് സൈന്യത്തിൽ സേവനമനുഷ്ടിച്ചിരുന്ന ചില പ്രദേശവാസികളുടെ സഹായവും സർക്കാർ സ്വീകരിക്കുന്നുണ്ട്. സംഘർഷം മുറുകിയതോടെ അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കുവാൻ അമേരിക്ക ഇടപെടലുകൾക്ക് ഒരുങ്ങിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങൾ, ആയുധങ്ങൾ, പണം എന്നിവ നൽകി അഫ്ഗാൻ സൈന്യത്തെ പിന്തുണയ്ക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. ഭീകരരുടെ കേന്ദ്രങ്ങളിൽ വ്യോമാക്രമണത്തിനുള്ള സാധ്യതയും നിരീക്ഷകർ തള്ളിക്കളയുന്നില്ല.
ജീവൻ രക്ഷിക്കണമെന്ന അപേക്ഷയുമായി അഫ്ഗാനിസ്ഥാനിലെ ഇംഗ്ലീഷ് അദ്ധ്യാപകർ
അഫ്ഗാനിസ്ഥാനിൽ ഇംഗ്ലീഷ് പഠിപ്പിക്കുകയും ബ്രിട്ടീഷ് മൂല്യങ്ങളും മറ്റും അഫ്ഗാൻ ജനതയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്ന നൂറുകണക്കിന് ഇംഗ്ലീഷ് അദ്ധ്യാപകർ ഇപ്പോൾ മരണഭയത്തിൽ കഴിയുകയാണ്. ബ്രിട്ടീഷ് കൗൺസിൽ ജീവനക്കാരായിരുന്ന ഇവരുടെ, സുരക്ഷിതത്വം ഉറപ്പാക്കാനുള്ള അപേക്ഷ നിരസിക്കപ്പെട്ടതോടെയാണിത്. താലിബാന്റെ പ്രതികാരത്തിന് ഇരകളാകാൻ തങ്ങളെ വിട്ടുകൊടുക്കുന്നു എന്ന ചിന്തയാണ് ഇവർക്കുള്ളത്. വിദേശ ചാരനെന്നും ഇംഗ്ലീഷുകാരുടെ ശബ്ദമെന്നുമൊക്കെ ആരോപിച്ച് ഏതുനിമിഷവും ഭീകരർ തങ്ങളെ തേടിയെത്തുമെന്ന ഭയത്തിൽ കഴിയുകയാണ് ഇവർ.
ഇത്തരത്തിൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ഒരു അദ്ധ്യാപകൻ പറഞ്ഞത് തന്റെ വീടിനു നേരെ കഴിഞ്ഞ മാസം ആക്രമണം ഉണ്ടായി എന്നാണ്. ഇംഗ്ലീഷ് പഠിപ്പിക്കുന്നവരെ അവസാനിപ്പിക്കുമെന്ന് തനിക്ക് നേരെ ഭീഷണി ഉയർന്നതായി മറ്റൊരാൾ വ്യക്തമാക്കുന്നു. 24 കാരിയായ മറ്റൊരു അദ്ധ്യാപിക താലിബാൻ ഭീകരർ ഏതു നിമിഷവും തന്നെ തേടിയെത്തുമെന്ന ഭയത്തിൽ കഴിയുകയാണ്. തന്നെ മാത്രമല്ല, ഭർത്താവിനെയും കുട്ടിയേയും അവർ വധിക്കുമെന്ന് ഈ അദ്ധ്യാപിക ഭയക്കുന്നു. ഭാര്യയെ തൊഴിൽ ചെയ്യാൻ അനുവദിച്ചതുവഴി കൊടിയ പാതകമാണ് ഭർത്താവ് ചെയ്തതെന്നാണ് താലിബാന്റെ വാദം.
തങ്ങളെ രക്ഷിക്കുന്ന കാര്യത്തിൽ ബ്രിട്ടൻ ഉപെക്ഷ വിചാരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇവർക്ക് മനസ്സിലാകുന്നില്ല. അഫഗാൻ റീലൊക്കേഷൻ ആൻഡ് അസിസ്റ്റൻസ് പോളിസിയുടെ ഭാഗമായി ഇവർ നൽകിയ അപേക്ഷകളെല്ലാം നിരസിക്കപ്പെടുകയായിരുന്നു. ബ്രിട്ടന്റെ സംസ്‌കാരവും ഇംഗ്ലീഷ ഭാഷയും പ്രചരിപ്പിക്കാനുള്ള ബ്രിട്ടന്റെ അന്താരാഷ്ട്ര സംഘടനായായ ബ്രിട്ടീഷ് കൗൺസിലിന്റെ കീഴിൽ ജീവനക്കാരായിരുന്നു എന്ന കാര്യവും ബ്രിട്ടൻ ഭരണകൂടംസൗകര്യപൂർവ്വം വിസ്മരിക്കുകയാണ്.
മറുനാടന് ഡെസ്ക്